ഏക സിവില്‍കോഡ്: മുസ്ലിം നേതാക്കളുമായി സംസാരിച്ച് കെ സി വേണുഗോപാല്‍

Kerala

കോഴിക്കോട്: ഏക സിവില്‍ കോഡ് വിഷയവുമായി ബന്ധപ്പെട്ട് മുസ്‌ലിം സംഘടനാ നേതാക്കളുമായി സംസാരിച്ച് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍. മുസ്‌ലിം ലീഗ്, സമസ്ത ഇ.കെ, എ.പി വിഭാഗം നേതാക്കളുമായാണ് അദ്ദേഹം ഫോണില്‍ സംസാരിച്ചത്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ എന്നിവരുമായി സംസാരിച്ച വേണുഗോപാല്‍ കോണ്‍ഗ്രസ് ഒപ്പമുണ്ടാകുമെന്ന ഉറപ്പുനല്‍കി. ഏക സിവില്‍ കോഡിനെതിരേ മുസ്‌ലിം സമൂഹത്തിന്റെ ആശങ്ക ഉള്‍ക്കൊള്ളുന്നുവെന്നും വേണുഗോപാല്‍ പറഞ്ഞു. മുസ്ലിം സംഘടനകളുടെ സംയുക്ത യോഗം കോഴിക്കോട്ട് ചേരുന്നതിന് തൊട്ടുമുമ്പായാണ് വേണുഗോപാല്‍ നേതാക്കളുമായി ഫോണില്‍ ആശയവിനിമയം നടത്തിയത്. ഏകസിവില്‍ കോഡ് വിഷയം ചര്‍ച്ച ചെയ്യാന്‍ കെ.പി.സി.സി നേതൃയോഗം ഇന്ന് ചേരുന്നുണ്ട്. ഏക സിവില്‍ കോഡിനെതിരേ സി.പി.എം രാഷ്ട്രീയ പ്രചാരണത്തിനു മുന്നിട്ടിറങ്ങവേയാണു അതിനെ പ്രതിരോധിക്കാനുള്ള കോണ്‍ഗ്രസ് ഇടപടെല്‍.