കോഴിക്കോട്: സ്വാതന്ത്ര്യ സമര നായകരേയും ബന്ധപ്പെട്ട സ്ഥാപനങ്ങളേയും ചരിത്ര രേഖയില്‍ നിന്ന് വെട്ടിമാറ്റാനുള്ള ഭരണകൂട ശ്രമങ്ങള്‍ ചെറുക്കപ്പെടുമെന്ന് എം പി അബ്ദുസമദ് സമദാനി എം പി പറഞ്ഞു.
സ്വാതന്ത്ര്യ സമര സേനാനികളെയും സ്തംഭങ്ങളേയും വിരോധത്തോടെ കാണുന്ന ഭരണകൂടം രാജ്യം ഭരിക്കുന്ന കാലഘട്ടമാണിത്. ചരിത്രത്തെ എത്ര വളച്ചൊടിച്ച് ഇകഴ്ത്താന്‍ ശ്രമിച്ചാലും അതിനെയെല്ലാം അതിജീവിച്ച് നിലനില്‍ക്കേണ്ടത് നിലനില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
ടി.കെ.എ അസീസ് എഡിറ്റ് ചെയ്ത മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിനെ കുറിച്ചുള്ള ലേഖന സമാഹാരം വീരപുത്രന്റെ പാദമുദ്രകള്‍ പുസ്തകം പ്രകാശനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹിക രംഗത്ത് വിശാലമായ കാഴ്ചപ്പാടുള്ള വ്യക്തിത്വമായിരുന്നു മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബെന്ന് സമദാനി പറഞ്ഞു. തളി ജൂബിലി ഹാളിന് അദ്ദേഹത്തിന്റെ പേര് നല്‍കിയതുമായുണ്ടായ വിവാദത്തെ വേദനയോടെയല്ല അമര്‍ ശത്തോടെയാണ് കാണേണ്ടത്. കോഴിക്കോടിനെ കോഴിക്കോടാക്കുന്നതില്‍ വലിയ പങ്ക് വഹിച്ച വ്യക്തിയാണ് മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് എന്നും സമദാനി അഭിപ്രായപ്പെട്ടു. ശിക്ഷക് സദന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ എന്‍.പി ഹാഫിസ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. എഞ്ചി. പി മമ്മദ് കോയ പുസ്തക പരിചയം നടത്തി.പ്രഫ.ടി.എം രവീന്ദ്രന്‍, ഡി.സി.സി സെക്രട്ടറി പി.എം. അബ്ദുറഹിമാന്‍ സംസാരിച്ചു. സിദ്ദീഖ് കുറ്റിക്കാട്ടൂര്‍ സ്വാഗതവും ടി.കെ.എ. അസീസ് നന്ദിയും പറഞ്ഞു. വചനം പബ്ലിഷിംഗ് ഹൗസാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.