ഫാംഫെഡിന്‍റെ ആദ്യ സൂപ്പര്‍മാര്‍ക്കറ്റ് കോഴിക്കോട് പ്രവര്‍ത്തനമാരംഭിക്കും

Kozhikode

കോഴിക്കോട്: സംസ്ഥാനത്തെ സഹകരണ മേഖലയില്‍ നിന്നുള്ള ഫാംഫെഡിന്റെ ആദ്യ സൂപ്പര്‍മാര്‍ക്കറ്റ് കോഴിക്കോട് പ്രവര്‍ത്തനമാരംഭി ക്കും. ഫാംഫെഡ് ബസാറെന്ന് പേരിട്ടിരിക്കുന്ന സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖല കേരളത്തിലുടനീളം വ്യാപിപ്പിക്കുവാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് ഫാംഫെഡ് വൈസ് ചെയര്‍മാന്‍ അനൂപ് തോമസ് വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

കേന്ദ്ര സഹകരണ മന്ത്രാലയത്തിന്റെ കീഴില്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിച്ചുവരുന്ന സഹകരണ സ്ഥാപനമാണ് സതേണ്‍ ഗ്രീന്‍ ഫാമിങ് ആന്‍ഡ് മാര്‍ക്കറ്റിംഗ് മള്‍ട്ടി സ്‌റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയായ ഫാംഫെഡ് കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി കാര്‍ഷിക മേഖലയില്‍ വിവിധ പദ്ധതികള്‍ ഫാംഫെഡ് ആവിഷ്‌ക്കരിച്ചു നടപ്പാക്കി വരുന്നു.

നേരിട്ട് കര്‍ഷകരില്‍ നിന്നും ന്യായവിലയ്ക്ക് വിളകളും ഉത്പന്നങ്ങളും സംഭരിച്ച് പാലക്കാട് കിന്‍ഫ്രാ മെഗാ ഫുഡ് പാര്‍ക്കിലെ ഫാക്ടറിയില്‍ പ്രോസസ്സ് ചെയ്ത ഗുണമേന്മയുള്ള കറി മസാല ഉത്പന്നങ്ങളാണ് ഫാംഫെഡ് പുറത്തിറക്കുന്നത്.

‘എഫ്. എം.സി.ജി മേഖലയിലെ ഉപഭോക്താക്കള്‍ക്കിടയില്‍ നേരിട്ടിറങ്ങി മികച്ച ഉത്പന്നങ്ങളും സേവനങ്ങളും നല്‍കുവാനാണ് ഫാംഫെഡ് ബസാര്‍ ലക്ഷ്യമിടുന്നത്. ഒരു വീട്ടിലേക്ക് ആവശ്യമായിട്ടുള്ള എല്ലാ ഭക്ഷ്യധാന്യങ്ങളും സ്‌റ്റേഷനറി സാധനങ്ങളും ഫാംഫെഡ് ബസാറില്‍ ലഭ്യമാണ്. മറ്റ് ബ്രാന്‍ഡുകളുടെ ഉത്പ്പന്നങ്ങളും സൂപ്പര്‍മാര്‍ക്കറ്റില്‍ ഒരുക്കിയിട്ടുണ്ടെന്നും മാനേജിങ് ഡയറക്ടര്‍ അഖിന്‍ ഫ്രാന്‍സിസ് പറഞ്ഞു.

ബസാറില്‍ നിന്ന് വാങ്ങുന്ന ഓരോ ഉത്പ്പന്നത്തിന്റെയും മാര്‍ജിന്റെ 10% വരെ ഡിസ്‌കൗണ്ട് എല്ലാ കസ്റ്റമേഴ്‌സിനും നല്‍കുന്നു. ഇതോടൊപ്പം ആധുനിക ലൈവ് മില്‍ കൗണ്ടറും സൂപ്പര്‍മാര്‍ക്കറ്റില്‍ സജ്ജമാക്കിയിട്ടുണ്ട്. ഉദ്ഘാടന ദിവസം 999 രൂപയ്ക്ക് മുകളില്‍ ഉത്പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് അഞ്ച് കിലോ നിര്‍മല്‍ മഞ്ഞ കുറുവ അരി സൗജന്യമായി നല്‍കുന്നുണ്ട് . ഇതോടൊപ്പം നട്ട്‌സ് വേള്‍ഡ്, റോസ്റ്ററി പ്രീമിയം കൗണ്ടറുകളും ഫാംഫെഡ് ബസാറില്‍ ഒരുക്കിയിട്ടുണ്ട്.