കരിപ്പൂര്‍ റണ്‍വേ വികസനം: ആവശ്യമായ മണ്ണ് നല്‍കാമെന്ന് ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പ്

Kerala

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവള വികസനത്തിന് ആവശ്യമായ മണ്ണ് നല്‍കാമെന്ന് ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പ്. ഡ്രെഡ്ജിങ് നടത്തുന്ന വെള്ളയില്‍, പുതിയാപ്പ എന്നിവിടങ്ങളില്‍ നിന്ന് ആവശ്യമായ മണ്ണ് നല്‍കാന്‍ കഴിയുമെന്ന് ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പ് സുപ്രണ്ടിംഗ് എന്‍ജിനീയര്‍ മുഹമ്മദ് അന്‍സാരി അറിയിച്ചു. കരിപ്പൂര്‍ വിമാനത്താവള വികസനവുമായി ബന്ധപ്പെട്ട മണ്ണിന്റെ ലഭ്യത കുറവ് പരിഹരിക്കാന്‍ ഈ നടപടിയിലൂടെ സാധിക്കുമെന്ന് പ്രതീക്ഷ. ഇന്നലെ മലബാര്‍ ഡെവലപ്‌മെന്റ് കൗണ്‍സില്‍ ഭാരവാഹികളുമായി നടത്തിയ ചര്‍ച്ചയിലാണ് ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പ് ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞദിവസം കോഴിക്കോട് വിമാനത്താവള ഡയറക്ടറുടെ ചേമ്പറില്‍ വെച്ച് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ അധികാരികളുമായും മലപ്പുറം കലക്ടറേറ്റില്‍ ലാന്‍ഡ് അക്വിസിഷന്‍ റവന്യൂ വകുപ്പ് അധികൃതരുമായും മലബാര്‍ ഡവലപ്‌മെന്റ് കൗണ്‍സില്‍ ഭാരവാഹികള്‍ ചര്‍ച്ച നടത്തിയിരുന്നു. റണ്‍വേ വികസനത്തിന് തടസമാകുന്ന പ്രധാന ഘടകങ്ങളിലൊന്ന് മണ്ണിന്റെ ലഭ്യതകുറവാണെന്ന് ചര്‍ച്ചയില്‍ പരാമര്‍ശിക്കപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ കായിക മന്ത്രിയുടെ ഓഫീസുമായി മലബാര്‍ ഡെവലപ്‌മെന്റ് കൗണ്‍സില്‍ ഭാരവാഹികള്‍ ബന്ധപ്പെട്ടു. അവിടെ നിന്നുള്ള നിര്‍ദേശത്തെ തുടര്‍ന്നാണ് ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പുമായി ചര്‍ച്ച നടത്തിയത്.

ഈ അനുകൂല സാഹചര്യത്തില്‍ കേന്ദ്ര സംസ്ഥാനസര്‍ക്കാരുകള്‍ യോജിച്ച പദ്ധതികള്‍ അംഗീകരിച്ച് യുദ്ധകാല അടിസ്ഥാനത്തില്‍ റണ്‍വേ വികസനം പൂര്‍ത്തീകരിച്ച്മലബാറിലെ വ്യോമയാന യാത്രക്കാരുടെയും കാര്‍ഗോ കയറ്റുമതി ഇറക്കുമതിക്കാരുടെയും ഹജ്ജ് തീര്‍ത്ഥാടകരുടെയും ബുദ്ധിമുട്ടുകള്‍ പരിഹരിക്കണമെന്നും ഇതിനായി യാത്ര സൗകര്യത്തിന് വലിയ വിമാനം സര്‍വീസ് പുനരാരംഭിക്കുകയും കൂടുതല്‍ ദേശീയ അന്തര്‍ദേശീയ സര്‍വീസുകള്‍ ആരംഭിക്കണമെന്നും മലബാര്‍ ഡെവലപ്‌മെന്റ് കൗണ്‍സില്‍ രക്ഷാധികാരി ഡോക്ടര്‍ എ വി അനൂപ്, പ്രസിഡന്റ് ഷെവ. സി. ഇ. ചാക്കുണ്ണി, ജനറല്‍ സെക്രട്ടറി അഡ്വക്കേറ്റ് എം കെ അയ്യപ്പന്‍, സെക്രട്ടറി പിഐ അജയന്‍ എന്നിവര്‍ ബന്ധപ്പെട്ടവരോട് അഭ്യര്‍ത്ഥിച്ചു. പതിനാലര ഏക്കര്‍ ഭൂമിയും ആവശ്യമായ മണ്ണും ലഭിക്കുന്നതോടെ കരിപ്പൂര്‍ വിമാനത്താവള റണ്‍വേ വികസനം സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ സാധിക്കും.

ഇപ്പോള്‍ ഡല്‍ഹിയിലുള്ള മലബാര്‍ ഡെവലപ്‌മെന്റ് കൗണ്‍സില്‍ രക്ഷാധികാരി ഡോ. എ.വി. അനൂപിന്റെ നേതൃത്വത്തില്‍ വ്യോയാന മന്ത്രാലയമായും ഡി.ജി.സി.എ. യുമായും ബന്ധപ്പെട്ട് കരിപ്പൂര്‍ വിമാനത്താവളത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അടിയന്തര ഇടപെടല്‍ നടത്താമെന്ന് കൗണ്‍സിലിനെ അറിയിച്ചിട്ടുണ്ടെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.