കോഴിക്കോട്: അമ്മയുടെ സ്വത്ത് തട്ടിയെടുക്കുന്നതിന് ആണ്‍മക്കള്‍ ശ്രമിക്കുകയാണെന്ന പരാതി നിസാരമായി തള്ളിക്കളഞ്ഞ പന്നിയങ്കര പൊലീസിനെതിരെ അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്. ഫറോക്ക് അസിസ്റ്റ്ന്റ് പൊലീസ് കമ്മീഷണര്‍ പരാതിയെക്കുറിച്ച് അന്വേഷണം നടത്തി ജൂലൈ 14ന് കോഴിക്കോട് നടക്കുന്ന സിറ്റിംഗില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആക്ടിങ് ചെയര്‍പേഴ്‌സണ്‍ കെ ബൈജുനാഥ് ആവശ്യപ്പെട്ടു.
മീഞ്ചന്ത മിനി ബൈപ്പാസ് റോഡ് അര്‍ച്ചന ഹൗസില്‍ എം. കെ. സാവിത്രി സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. മകളുടെ സംരക്ഷണയിലാണ് അമ്മ താമസിക്കുന്നത്. ആണ്‍മക്കള്‍ സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതായി അമ്മ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. താനും മകളും താമസിക്കുന്ന വീട്ടിലേക്ക് ആണ്‍മക്കള്‍ സിസിടിവി സ്ഥാപിച്ചതിനെതിരെ പന്നിയങ്കര പൊലീസ് പരാതി നല്‍കിയപ്പോള്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് മനുഷ്വത്വരഹിതമായ പെരുമാറ്റമുണ്ടായി. തുടര്‍ന്ന് മകളെ സ്‌റ്റേഷനിലേക്ക് വിളിപ്പിച്ച് മാനസിക സമ്മര്‍ദ്ദത്തിലാക്കിയെന്നും പരാതിയില്‍ പറയുന്നു.