മാസപ്പടിയില്‍ പിന്നോട്ടില്ല; വീണ ഐ ജി എസ് ടി അടച്ചെന്ന് തെളിയിച്ചാല്‍ താന്‍ മാപ്പ് പറയും ഇല്ലെങ്കില്‍ എ കെ ബാലന്‍ എന്തുചെയ്യുമെന്ന് മാത്യു കുഴല്‍നാടന്‍

Kerala

കൊച്ചി: മുഖ്യമന്ത്രിയുടെ മകള്‍ വീണക്കെതിരെ ഉയര്‍ന്ന മാസപ്പടി വിവാദത്തില്‍ മറുപടിയുമായി എത്തിയ എ കെ ബാലനോട് ചേദ്യവുമായി മാത്യു കുഴല്‍നാടന്‍ എം എല്‍ എ. വീണ ഐ ജി എസ് ടി അടച്ചിട്ടില്ലെന്നാണ് തന്റെ ഉത്തമ വിശ്വാസം. അടച്ചെന്ന് തെളിയിച്ചാല്‍ മാപ്പുപറയാന്‍ താന്‍ തയ്യാറുമാണ്. അടച്ചിട്ടില്ലെന്നാണ് തെളിയുന്നതെങ്കില്‍ സി പി എം നേതാവ് എ കെ ബാലന്‍ എന്തുചെയ്യുമെന്ന ചോദ്യവും അദ്ദേഹം ഉയര്‍ത്തി. മാസപ്പടി വിവാദത്തില്‍ കഴിഞ്ഞ ദിവസം മാത്യുകുഴല്‍നാടനെതിരെ എ കെ ബാലന്‍ രംഗത്തെത്തിയിരുന്നു.

കരിമണല്‍ കമ്പനിയില്‍ നിന്ന് മുഖ്യമന്ത്രിയുടെ മകള്‍ വാങ്ങിയ പണത്തിന് ആനുപാതികമായി IGST അടിച്ചിട്ടില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുക തന്നെയാണ് മാത്യു കുഴല്‍ നാടന്‍ എം എല്‍ എ. ആരോപണം തെറ്റെന്ന് തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമോയെന്ന എ കെ ബാലന്റെ വെല്ലുവിളി തള്ളിയ മാത്യു കുഴല്‍നാടന്‍ അദ്ദേഹം മുതിര്‍ന്ന നേതാവാണെന്നും ഞാന്‍ ചെറിയ ആളാണെന്നും പറഞ്ഞു. പൊതുപ്രവര്‍ത്തനം അവസാനിക്കാന്‍ പറയുന്നത് കടന്ന കൈയാണ്. താന്‍ ഉന്നയിച്ച ആരോപണം തെറ്റാണെന്ന് തെളിയിച്ചാല്‍ മാപ്പുപറയാമെന്നാണ് മാത്യു കുഴല്‍നാടന്‍ വ്യക്തമാക്കുന്നത്.

കണക്ക് പുറത്തു വിടാന്‍ വെല്ലുവിളിക്കുന്നു. സി പി എം സെക്രട്ടറിയേറ്റ് ഇടപാട് സുതാര്യമാണെന്ന് പറയുന്നു. ആ ഡേറ്റില്‍ ഉള്ള ഇന്‍വോയ്‌സ് പുറത്തു വിടണം. കര്‍ത്തയുടെ കമ്പനിയില്‍ നിന്ന് വാങ്ങിയ പണത്തിന് IGST അടച്ചതിന്റെ രേഖകള്‍ പുറത്ത് വിടണം. മറിച്ചാണെങ്കില്‍ മുഖ്യമന്ത്രിയുടെ മകള്‍ മാസപ്പടി വാങ്ങി എന്ന് സി പി എം സമ്മതിക്കുമോ. മാത്യു കുഴല്‍നാടന്‍ ചോദിക്കുന്നു.