തിരുവനന്തപുരം: ഏക സിവില്‍ കോഡില്‍ യു ഡി എഫിന്റെ പ്രതിഷേധ സംഗമം ജൂലായ് 29ന് തിരുവനന്തപുരത്ത്. കൂടാതെ ജില്ലകളിലും താലൂക്കുകളിലും ജനപ്രതിനിധികളുടെയും യു ഡി എഫ് നേതാക്കന്മാരുടെയും നേതൃത്വത്തില്‍ പ്രതിഷേധ സംഗമം നടത്തും. എല്ലാവരും ഒന്നിച്ച് നിന്നുകൊണ്ട് ഏകസിവില്‍ കോഡ് നീക്കത്തെ പ്രതിരോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു.
ബഹുസ്വരതയെ തകര്‍ക്കാനുള്ള എല്ലാ നീക്കത്തെയും പൊരുതി തകര്‍ക്കാനുള്ള തീരുമാനമാണ് യു ഡി എഫ് എടുത്തിട്ടുള്ളതെന്നും പ്രതിഷേധത്തില്‍ എല്ലാ മതനേതാക്കളേയും പങ്കെടുപ്പിക്കുമെന്നും സതീശന്‍ പറഞ്ഞു.
അതേസമയം സെമിനാറിന് ക്ഷണിച്ചാല്‍ ലീഗ് എത്തുമെന്ന് കരുതാന്‍ മാത്രം ബുദ്ധിയില്ലാത്തവരായി സി പി എം നേതാക്കള്‍ മാറിയെന്ന് വി ഡി സതീശന്‍ പരിഹസിച്ചു. സമസ്ത സി പി എം സെമിനാറില്‍ പങ്കെടുക്കുന്നതില്‍ പരിഭവമില്ലെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.
ഏക സിവില്‍ കോഡില്‍ രാജ്യത്ത് നടപ്പാക്കണമെന്നാണ് സി പി എമ്മിന്റെ എക്കാലത്തെയും വലിയ നേതാവായ ഇ എം എസ് പറഞ്ഞത്. ഏക സിവില്‍ കോഡ് നടപ്പാക്കണമെന്ന് സി പി എം അംഗങ്ങള്‍ നിയമസഭയില്‍ ആവശ്യപ്പെട്ടതിന്റെ മുപ്പത്തിയെട്ടാം വാര്‍ഷികമാണിന്ന്. സുശീലാ ഗോപാലന്‍ അടക്കമുള്ള നേതാക്കള്‍ ഏക സിവില്‍ കോഡിന് വേണ്ടി സമരം ചെയ്യണമെന്ന് പറഞ്ഞിട്ടുണ്ട്. എന്നിട്ടാണ് എം വി ഗോവിന്ദന്‍ പറയുന്നത് കോണ്‍ഗ്രസിന് വ്യക്തതയില്ലെന്ന്. ആദ്യം സ്വന്തം കാര്യത്തില്‍ വ്യക്തത വരുത്തട്ടെയെന്നും സതീശന്‍ പറഞ്ഞു.