‘മാലിന്യമുക്തം നവകേരളം’ കാമ്പയിനിന് സുതാര്യത ഉറപ്പാക്കാന്‍ സോഷ്യല്‍ ഓഡിറ്റ്

Kerala

തിരുവനന്തപുരം: ‘മാലിന്യമുക്തം നവകേരളം’ കാമ്പയിനിന് സുതാര്യതയും ജനപങ്കാളിത്തവും ഉറപ്പു വരുത്താന്‍ സോഷ്യല്‍ ഓഡിറ്റ് നടപ്പിലാക്കും. സംസ്ഥാന ഏജന്‍സികള്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുകയും നടപ്പാക്കുകയും വിലയിരുത്തുകയും ചെയ്യുന്ന പരമ്പരാഗത സമീപനത്തില്‍ നിന്നുള്ള മാറ്റം കൂടിയാണ് സോഷ്യല്‍ ഓഡിറ്റ്.

‘മാലിന്യമുക്തം നവകേരളം’ കാമ്പയിനിന്റെ ഭാഗമായുള്ള പദ്ധതികളുടെ സോഷ്യല്‍ ഓഡിറ്റ് കാലാനുസൃതമായി നടത്താന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഒരു വര്‍ഷത്തിനുള്ളില്‍ സുസ്ഥിരസ്വയംപര്യാപ്ത ഖരമാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് കാമ്പയിന്‍ നടത്തുന്നത്.

‘മാലിന്യമുക്തം നവകേരളം’ പ്രചാരണത്തിന്റെ രണ്ടാമത്തെയും നിര്‍ണായകവുമായ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണെന്നും ഇത് നടപ്പിലാക്കുന്നതിന്റെ വിവിധ ഘട്ടങ്ങളില്‍ ജനകീയ പങ്കാളിത്തത്തോടെയുള്ള വിലയിരുത്തല്‍ നിര്‍ണായകമാണെന്നും തദ്ദേശ സ്വയംഭരണ എക്‌സൈസ് മന്ത്രി എം. ബി രാജേഷ് പറഞ്ഞു. ഇത് മാലിന്യമുക്തം നവകേരളം ദൗത്യത്തിന് കൂടുതല്‍ കാര്യക്ഷമതയും സുതാര്യതയും ഉറപ്പാക്കും.

പ്രാദേശിക സമൂഹത്തേയോ പരിസ്ഥിതിയേയോ ദോഷകരമായി ബാധിക്കുന്ന പോരായ്മകള്‍ പദ്ധതിക്ക് ഉണ്ടെങ്കില്‍ അത് പരിഹരിക്കുകയോ ബദല്‍ ആലോചിക്കുകയോ ചെയ്യാം. അത്തരമൊരു സമീപനം കാമ്പയിനിനെ കൂടുതല്‍ ജനാധിപത്യപരവും സുതാര്യവുമാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കാമ്പയിനിന്റെ ആദ്യഘട്ടത്തില്‍ ഏറ്റെടുത്ത പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോട് വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ജൂണ്‍ അഞ്ചിനു സംസ്ഥാനത്തെ 1034 തദ്ദേശസ്ഥാപനങ്ങളിലും നടന്ന ഹരിതസഭകളില്‍ ഈ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്തു.

ഹരിതസഭകളിലെ ചര്‍ച്ചകള്‍ക്ക് ശേഷം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അംഗീകാരം നേടിയ രൂപരേഖകള്‍ സോഷ്യല്‍ ഓഡിറ്റ് കമ്മിറ്റികള്‍ക്ക് കൈമാറി. വിദഗ്ധര്‍ ഉള്‍പ്പെടെയുള്ള സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവര്‍ സോഷ്യല്‍ ഓഡിറ്റ് കമ്മിറ്റികളുടെ ഭാഗമാണ്.

ഓരോ പ്രോജക്റ്റിനെയും വിശദവും വിമര്‍ശനാത്മകവുമായി സമീപിക്കുന്നതിനൊപ്പം തദ്ദേശ സ്ഥാപനങ്ങളുടെ അവകാശവാദങ്ങളുമായി യഥാര്‍ത്ഥ നേട്ടങ്ങള്‍ താരതമ്യം ചെയ്യും. എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും അവലോകനത്തിന്റെ പ്രാരംഭ ഘട്ടം പൂര്‍ത്തിയായി.

ഈ റിപ്പോര്‍ട്ടുകളിലൂടെ തദ്ദേശ സ്ഥാപനങ്ങളിലെ കാമ്പയിനിലൂടെയുള്ള നേട്ടങ്ങള്‍ കണ്ടെത്തും. ഇതിനു പുറമെ ലക്ഷ്യത്തിലേക്ക് എത്തുന്നതിലെ അന്തരം കണ്ടെത്തി പ്രചാരണത്തിന്റെ അടുത്ത ഘട്ടം ആസൂത്രണം ചെയ്യും.