പുതൂര്‍ പള്ളി മഹല്ല് കമ്മിറ്റി അനിസ്ലാമിക നടപടി പിന്‍വലിക്കണം: കെ എന്‍ എം മര്‍കസുദ്ദഅവ

Alappuzha

ആലപ്പുഴ: ചങ്ങനാശ്ശേരി പുതൂര്‍ പള്ളി മഹല്ല് ജമാഅത്തിന്റെ വിവേചനപരമായ നടപടി ഇസ്ലാമിനെയും മുസ്ലിംകളെയും പൊതുസമൂഹത്തില്‍ അപഹാസ്യമാക്കുന്നതും അനിസ്ലാമികവുമാണെന്ന് കെ എന്‍ എം മര്‍കസുദ്ദഅവ ദക്ഷിണ കേരള സമിതി അഭിപ്രായപ്പെട്ടു.

ആഭിചാത്യത്തിന്റെ വിഭാഗീയതയില്‍ നിന്ന് അറേബ്യന്‍ ജനതയെ മോചിപ്പിച്ച് സമത്വസുന്ദരമായ സഹവര്‍ത്തിത്തം സാധിച്ചെടുത്ത മുഹമ്മദ് നബിയുടെ അനുയായികളെന്നവകാശപ്പെടുന്നവര്‍ മഹല്ലില്‍ ജാതീയ ഉച്ഛനീചത്വം നടപ്പിലാക്കുന്നത് കടുത്ത അപരാധമാണ്.

വെളുത്തവനെന്നോ കറുത്തവനെന്നോ അറബിയെന്നോ അനറബിയെന്നോ എന്നതല്ല വിശ്വാസ വിശുദ്ധിയാണ് ഔന്നത്യത്തിന്റെ അടിസ്ഥാനമെന്ന് പഠിപ്പിച്ച ഇസ്ലാമിനെ അപകീര്‍ത്തിപ്പെടുത്തുന്ന നടപടിയാണ് പുതുര്‍ പള്ളി മഹല്ലിന്റത് . തെറ്റായ നടപടി പിന്‍വലിച്ച് മഹല്ല് കമ്മിറ്റി രാജിവെച്ചൊഴിയണം. ദീനിന്റെ അടിസ്ഥാന മൂല്യങ്ങള്‍ ഉള്‍കൊള്ളുന്നവരെ ഉള്‍പെടുത്തിയും അകറ്റി നിര്‍ത്തിയവരെ പരിഗണിച്ചും മഹല്ല് കമ്മിറ്റി പുന:സംഘടിപ്പിക്കണമെന്നും കെ എന്‍ എം മര്‍കസുദഅവ സൗത്ത് സോണ്‍ കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് എം കെ ശാക്കിര്‍ അധ്യക്ഷത വഹിച്ചു. കെ എ സുബൈര്‍ അരൂര്‍, സലിം കരുനാഗപ്പള്ളി, എ പി നൗഷാദ്, സിറാജ് മദനി തുടങ്ങിയവര്‍ സംസാരിച്ചു.