അഷറഫ് ചേരാപുരം
ദുബൈ: യു എ ഇയുടെ ചരിത്രം തിരുത്തുന്നു. രാജ്യത്തിന്റെ ചന്ദ്രനിലേക്കുള്ള ചരിത്ര ദൗത്യ വിക്ഷേപണം നാളെ നടക്കും. അതിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. റാഷിദ് റോവറിനെ ചന്ദ്രനില്‍ ഇറക്കുന്ന ജപ്പാന്‍ ആസ്ഥാനമായുള്ള ഐസ്‌പേസ് ഇന്‍ക് (ഇസ്‌പേസ്), ഹകുടോആര്‍ മിഷന്‍ 1 ചന്ദ്ര ലാന്‍ഡര്‍ സ്‌പേസ് എക്‌സ് ഫാല്‍ക്കണ്‍ 9 റോക്കറ്റുമായി സംയോജിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു.
ഡിസംബര്‍~ഒന്നിന് യു എ ഇ സമയം ഉച്ചയ്ക്ക് 12.37 ന് ദൗത്യം വിക്ഷേപിക്കുമെന്ന് മുഹമ്മദ് ബിന്‍ റാഷിദ് സ്‌പേസ് സെന്റര്‍ (എം ബി ആര്‍ എസി) അറിയിച്ചത്. ഇന്നു നടക്കുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചത്. എന്നാല്‍ കാലാവസ്ഥാ പ്രശ്‌നങ്ങള്‍ മൂലം മാറ്റുകയായിരുന്നു. ഫ്‌ളോറിഡയിലെ കേപ് കാനവറില്‍ സ്‌പേസ് സ്‌റ്റേഷനിലെ ലോഞ്ച് കോംബ്ലക്‌സ് 40 ല്‍ നിന്നാണ് ദൗത്യം കുതിക്കുക.
അതേസമയം കാലാവസ്ഥാ മാറ്റങ്ങള്‍ക്ക് അനുസരിച്ച് വിക്ഷേപണ തീയതിയിലും സമയത്തിലും മാറ്റം വന്നേക്കാമെന്ന് ഐ സ്‌പേസ് അറിയിച്ചിട്ടുണ്ട്. ലോഞ്ച് പൂര്‍ത്തിയാകുന്നതിന് മുമ്പുള്ള അവസാന തയ്യാറെടുപ്പുകളോടെ മിഷന്‍ ഒന്നിന്റെ ആദ്യ ഘട്ടം പൂര്‍ത്തിയാക്കിയതില്‍ സന്തോഷമുണ്ടെന്ന് ഐസ്‌പേസ് സ്ഥാപകനും സിഇഒയുമായ തകേഷി ഹകമാഡ പറഞ്ഞു.