റിയാദ്: മാസപ്പിറവി ദൃശ്യമായ സാഹചര്യത്തില്‍ സൗദി അറേബ്യയില്‍ നാളെ വെള്ളിയാഴ്ച ചെറിയ പെരുന്നാള്‍ ആഘോഷിക്കും. വിവിധ ഗള്‍ഫുനാടുകളും നാളെയാണ് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്. അതേസമയം ശവ്വാല്‍ ചന്ദ്രപ്പിറവി ദൃശ്യമാകാത്തതിനാല്‍ റമസാന്‍ 30 പൂര്‍ത്തിയാക്കി ശവ്വാല്‍ ഒന്ന് ശനിയാഴ്ച്ച ഈദുല്‍ ഫിത്വര്‍ ആയിരിക്കുമെന്ന് ഒമാന്‍ മതകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു.
കേരളത്തിലും ഒരു വിഭാഗം മുസ്‌ലിംകള്‍ക്ക് നാളെയാണ് ചെറിയ പെരുന്നാള്‍. കെ എന്‍ എം മര്‍ക്കസുദ്ദഅവ, ഹിജ്‌റ കമ്മിറ്റി എന്നിവരാണ് ചെറിയ പെരുന്നാള്‍ വെള്ളിയാഴ്ച ആയിരിക്കുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നത്. ഹിജ്‌റ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിവിധയിടങ്ങളില്‍ ഈദ് ഗാഹുകളും സജ്ജമാക്കിയിട്ടുണ്ട്. എന്നാല്‍ കെ എന്‍ എം മര്‍ക്കസുദഅവ നാളെ ആഘോഷങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്. ശനിയാഴ്ചയായിരിക്കും പെരുന്നാള്‍ ആഘോഷിക്കുക. വിഭാഗീയത ഒഴിവാക്കുന്നതിനാണ് ഇത്തരമൊരു തീരുമാനം.
എന്നാല്‍ മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ ശനിയാഴ്ചയായിരിക്കും ചെറിയ പെരുന്നാളെന്ന് വിവിധ മുസ്‌ലിം സംഘടനകള്‍ അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ചെറിയ പെരുന്നാള്‍ ശനിയാഴ്ചയാണെന്ന് കോഴിക്കോട് മുഖ്യ ആക്ടിങ്ങ് ഖാസി സഫീര്‍ സഖാഫി പ്രഖ്യാപിച്ചു.
കേരളത്തിലെവിടെയും ശവ്വാല്‍ ചന്ദ്രപ്പിറവി ദര്‍ശച്ചതായി വിശ്വാസ്യയോഗ്യമായ വിവരം ലഭിക്കാത്തതിന്റെ അടിസ്ഥാനത്തില്‍ റമദാന്‍ 30 പൂര്‍ത്തീകരിച്ച് ഏപ്രില്‍ 22 ശനിയാഴ്ച ഈദുല്‍ ഫിത്വര്‍ ഒന്നായിരിക്കുമെന്ന് വിസ്ഡം ഹിലാല്‍ വിംഗ് ചെയര്‍മാന്‍ അബൂബക്കര്‍ സലഫിയും അറിയിച്ചു
ശവ്വാല്‍ മാസപ്പിറവി കണ്ടതിന്റെ വിവരം ലഭിക്കാത്തതിന്റെ അടിസ്ഥാനത്തില്‍ റമദാന്‍ 30 പൂര്‍ത്തിയാക്കി ഈദുല്‍ ഫിത്വര്‍ 22ന് (ശനിയാഴ്ച) ആയിരിക്കുമെന്ന് ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ക്കുവേണ്ടി പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട്, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് കെ.പി അബൂബക്കര്‍ ഹസ്രത്ത്, ജന.സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കടയ്ക്കല്‍ അബ്ദുല്‍അസീസ് മൗലവി എന്നിവരും അറിയിച്ചു.