പുതുതലമുറ എം ടിയുടെ പുസ്തകങ്ങള്‍ വായിക്കേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യം: എം എ ജോണ്‍സന്‍

Kozhikode

കോഴിക്കോട്: പുതിയ തലമുറ എം ടിയുടെ പുസ്തകങ്ങള്‍ അടുത്തറിയേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് പ്രമുഖ സാംസ്‌കാരിക, പരിസ്ഥിതി പ്രവര്‍ത്തകനും കോഴിക്കോട്ടെ ഭര്‍ശനം സാംസ്‌കാരിക വേദിയുടെ സെക്രട്ടറിയുമായ എം എ ജോണ്‍സന്‍ അഭിപ്രായപ്പെട്ടു. കേരള സര്‍ക്കാറിന്റെ സാംസ്‌കാരിക വകുപ്പ് സ്ഥാപനമായ ബുക്ക്മാര്‍ക്ക് എം ടിയുടെ നവതിയുമായി ബദ്ധപ്പെട്ട് തിരുത്തിയാട് ദേവി സഹായം വായനശാല ഹാളില്‍ നടക്കുന്ന പുസ്തകോത്സവം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

എം ടിയുടെ നവതി ആഘോഷത്തിന്റെ ഭാഗമായി ഇത്തരത്തില്‍ ഒരു പരിപാടി ബുക്ക്മാര്‍ക്ക് സംഘടിപ്പിച്ചത് എറ്റവും ഉചിതമായ കാര്യമാണ്. ഇതിന് മുന്‍കൈ എടുത്ത ബഹുമാനപ്പെട്ട ബുക്ക്മാര്‍ക്ക് സെക്രട്ടറി എബ്രഹാം മാത്യുവിനെ അഭിനന്ദിക്കുന്നു. എം ടിയുടെ കിട്ടാവുന്ന എല്ലാ പുസ്തകങ്ങളും പുസ്തകോത്സവത്തില്‍ ലഭിക്കുന്നു എന്നത് പുസ്തക പ്രേമികള്‍ക്ക് വലിയ കാര്യമാണ്. കൂടെ പ്രമുഖ എഴുത്തുകാരുടെ പുസ്തകങ്ങളം പുസ്തകോത്സവത്തില്‍ ഉണ്ട്. എം ടിയുടെ നവതി ആഘോഷത്തിന്റെ ഭാഗമായി പലതരത്തിലുള്ള സംഘടനയ്ക്കും പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ടെങ്കിലും അതില്‍ നിന്ന് വ്യത്യസ്ഥമായ പരിപാടിയാണ് ബുക്ക്മാര്‍ക്കിന്റെതെന്ന് എം എ ജോണ്‍സന്‍ അഭിപ്രായപ്പെട്ടു.