കോഴിക്കോട്: രാജ്യത്തെ മാധ്യമങ്ങളെ കോർപറേറ്റുകളും കേന്ദ്ര സർക്കാരും വില്പന ചരക്കാക്കുകയാണെന്നും സമൂഹം ചർച്ചചെയ്യപെടേണ്ട പ്രധാന വിഷയങ്ങൾ പലതും മുഖ്യധാര മാധ്യമങ്ങൾ വിഴുങ്ങി കളയുകയാണെന്നും ഡി. വൈ. എഫ്. ഐ സംസ്ഥാന പ്രസിഡന്റ് വി.വസീഫ് അഭിപ്രായപ്പെട്ടു. കേരള ലിറ്ററേച്ചർ ഫെസ്റ്റിന്റെ മൂന്നാം ദിനത്തിൽ വേദി രണ്ടിൽ എം. ടി രമേശ്, അഡ്വ.മാത്യു കുഴൽനാടൻ എന്നിവരോടൊപ്പം “പുതുകാല രാഷ്ട്രീയത്തെ മാധ്യമങ്ങൾ നിയന്ത്രിക്കുന്നുണ്ടോ?” എന്ന വിഷയത്തെക്കു റിച്ചുള്ള ചർച്ചയിലായിരുന്നു വസീഫിന്റെ പ്രതികരണം. മുഖ്യമന്ത്രിയെക്കുറിച്ച് എം. ടി വാസുദേവൻ നായർ പറഞ്ഞ പരാമർശം മാധ്യമങ്ങൾ തെറ്റായ രീതിയിലാണ് പുറത്ത് പ്രചരിപ്പിക്കുന്നത് എന്നും കേന്ദ്ര സർക്കാരിനെയും നോട്ട് നിരോധനത്തെയും കുറിച്ച് എം. ടി നടത്തിയ പരാമർശങ്ങൾ മാധ്യമങ്ങൾ മന:പൂർവ്വം മറന്ന് കളയുകയാണെന്നും അദ്ദേഹം കൂട്ടി ചേർത്തു.
വാർത്ത അവതരണത്തിന്റെ എണ്ണം കുറയുകയും കേവലം അജണ്ട വെച്ചുള്ള ചർച്ചകൾ അധികരിക്കുകയുമാണ് ഇന്ന് നടക്കുന്നത് എന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് എം. ടി രമേശ് അഭിപ്രായപ്പെട്ടു. മുൻകാല മാധ്യമങ്ങൾ നിക്ഷ്പക്ഷതയോടെയാണ് പെരുമാറിയിരുന്നത്. എന്നാൽ ആധുനിക മാധ്യമങ്ങൾ പക്ഷം പിടിച്ചാണ് പ്രവർത്തിക്കുന്നത് എന്നും മാധ്യമ ചർച്ചകളിൽ പലപ്പോഴും വ്യക്തിപരമായ അധിക്ഷേപങ്ങൾ കൂടുന്നു എന്നും അദ്ദേഹം കൂട്ടിചേർത്തു.
മാധ്യമങ്ങൾ രാഷ്ട്രീയത്തെ നിയന്ത്രിക്കുന്നു എന്ന് പറയുന്നതിനേക്കാൾ എല്ലാ മേഖലയിലും മാധ്യമങ്ങൾ കൈകടത്തുന്നു എന്ന് പറയുന്നതാവും നല്ലതെന്ന് സെഷൻ അഭിപ്രായപ്പെട്ടു.
മാധ്യമങ്ങൾകൃത്യമായും ആധികാരികമായുമാണോ ചർച്ച നിയന്ത്രിക്കുന്നത് എന്ന മോഡറേറ്ററുടെ ചോദ്യത്തിന് അഡ്വ. മാത്യു കുഴൽനാടൻ മറുപടി നൽകി. മാധ്യമങ്ങൾ ധർമ്മം മറന്ന് ഇന്ന് ടി. ആർ. പിയിൽ മാത്രമാണ് ശ്രദ്ധ ചെലുത്തുന്നത്. മുഖ്യ മന്ത്രിക്കെതിരെ എം. ടി നടത്തിയ പരാമർശത്തിൽ പോലും ശ്രദ്ധയാകർഷി ച്ച ഭാഗങ്ങളിൽ മാത്രമാണ് ചർച്ച നടന്നതെന്നും അതിന്റെ വിശാലമായ അർത്ഥ തലങ്ങളെ മാധ്യമങ്ങൾ സ്പർശിച്ചിട്ടില്ലയെന്നും അദ്ദേഹം കൂട്ടിചേർത്തു.
രാഷ്ട്രീയമായ തമ്മിലടികൾ പുതുതലമുറയെ ബാധിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് കേരളത്തിലെ യുവാക്കൾ സാമ്പത്തികമായും രാഷ്ട്രീയപരമായും അസ്വസ്ഥരാണെന്നും അദ്ദേഹം മറുപടി നൽകി.