കല്പറ്റ: സ്പ്ലാഷ് 23 മഴ മഹോത്സവത്തിന്റെ ഭാഗമായി വയനാട് ടൂറിസം ഓര്‍ഗനൈസേഷനും ഒളിമ്പിക് അസോസിയേഷന്‍ വയനാടിന്റെയും സംയുക്താഭിമുഖ്യത്തില്‍ 2023 ജൂലൈ 15ന് രാവിലെ 6.30ന് അന്തര്‍ദേശീയ മാരത്തോണ്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഹാഫ് മാരത്തോണ്‍ ഓപ്പണ്‍ കാറ്റഗറി വിഭാഗത്തിലും അമേച്വര്‍ മാരത്തോണ്‍ പുരുഷ വനിതാ വിഭാഗത്തിലുമായി നടത്തും.
15ന് രാവിലെ 6.30ന് കല്പറ്റ ബൈപ്പാസ് ജംഗ്ഷനില്‍ നിന്നും ആരംഭിക്കുന്ന 21 കി.മീ. ഹാഫ് മാരത്തോണ്‍ കാക്കവയല്‍ ജവാന്‍ സ്മൃതി വലയം വെച്ച് തിരികെ ബൈപ്പാസ് ജംഗ്ഷനില്‍ അവസാനിക്കും. അന്തര്‍ദേശീയ തലത്തില്‍ മാരത്തോണില്‍ മികവ് തെളിയിച്ച് നിരവധി കായിക താരങ്ങള്‍ ഉള്‍പ്പെടെ 150 ഓളം പേര്‍ മത്സരത്തില്‍ പങ്കെടുക്കും. ഹാഫ് മാരണത്തോണ്‍ മത്സരങ്ങള്‍ ജില്ലാ കളക്ടര്‍ രേണുരാജ് ഐ എ എസ് ഫ്‌ളാഗ് ഓഫ് ചെയ്യും. കൂടാതെ 10 കി.മീ. അമേച്വര്‍ മാരത്തോണ്‍ മത്സരവും നടത്തപ്പെടും.
മാരത്തോണിനോടനുബന്ധിച്ച് ‘ലഹരിമുക്ത കേരളം എന്ന ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലെ നാനാതുറകളിലേയും ആളുകളെ പങ്കെടുപ്പിച്ചു കൊണ്ട് രണ്ട് കിലോമീറ്റര്‍ സെലിബ്രിറ്റി റണ്‍ സംഘടിപ്പിക്കും. സെലിബ്രിറ്റി റണ്‍ കല്പറ്റ ബൈപ്പാസ് റോഡിലെ എം. സി. എഫ്. സ്‌കൂള്‍ പരിസരത്തുനിന്നും ജൂലൈ 15ന് രാവിലെ 9.00 മണിക്ക് ആരംഭിച്ച് കല്പറ്റ ബൈപ്പാസ് ജംഗ്ഷനില്‍ അവസാനിക്കും.
സെലിബ്രിറ്റി റണ്ണില്‍ രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക മേഖലകളിലെ പ്രമുഖര്‍, ഒളിംപ്യന്‍മാര്‍, സിനിമാ രംഗത്തെ പ്രമുഖര്‍, വിവിധ സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, ദേശീയ അന്തര്‍ ദേശീയ കായിക താരങ്ങള്‍, സ്‌പോര്‍ട്‌സ് അസോസിയേഷന്‍ പ്രതിനിധികള്‍, സ്റ്റുഡന്റ് പോലീസ്, ജെ.സി.ഐ. കല്പറ്റ, എന്‍.സി.സി., റെഡ് ക്രോസ്, സ്‌കൗട്ട് ഗൈഡ്‌സ്, എന്‍.എസ്.എസ്. വളണ്ടിയേഴ്‌സ്, സ്‌കൂള്‍ & വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 1000 ത്തോളം പേര്‍ പങ്കെടുക്കും.
2001ല്‍ വിടപറഞ്ഞ നടനും സംവിധായകനുമായ ജെ.സി. യുടെ ഓര്‍മ്മക്കായി രൂപീകൃതമായ ജേസി ഫൗണ്ടേഷന്‍ ലോട്ടറി ടിക്കറ്റ് എന്ന സിനിമയുടെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വയനാട് മണ്‍സൂണ്‍ മാരത്തോണില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും കേരള സര്‍ക്കാരിന്റെ 20:20 ലോട്ടറി ടിക്കറ്റുകള്‍ സൗജന്യമായി വിതരണം ചെയ്യും. മത്സരത്തിന്റെ വിജയത്തിനായി പൊതുജനങ്ങളുടെ സഹകരണം ഇവര്‍ അഭ്യര്‍ത്ഥിച്ചു.
പത്രസമ്മേളനത്തില്‍ ഒളിമ്പിക് അസോസിയേഷന്‍ സെക്രട്ടറി സലീം കടവന്‍, ജോയിന്റ് സെക്രട്ടറി സുബൈര്‍ ഇളകുളം, മെമ്പര്‍ സതീഷ് കുമാര്‍ ടി, ഡബ്ല്യു.ടി.ഒ. പ്രതിനിധി പ്രദീപ് മൂര്‍ത്തി എന്നിവര്‍ പങ്കെടുത്തു.