ഫാഷിസത്തിനെതിരെ രാഷ്ട്രീയ ബദൽ ശക്തി പ്രാപിക്കണം. എസ്.ഡി.പി.ഐ

Wayanad

പനമരം :- രാജ്യത്തിൻ്റെ ഭരണ സംവിധാനങ്ങളിൽ സമ്പൂർണ്ണ സ്വാധീനം ഉറപ്പിച്ചു കഴിഞ്ഞ ഫാഷിസത്തെ ചെറുക്കാൻ ആർജ്ജവവും ആശയാടിത്തറയുമുള്ള രാഷ്ട്രീയ ബദൽ ദേശീയ തലത്തിൽ ശക്തി പ്രാപിക്കേണ്ടതുണ്ടെന്നും എസ്.ഡി.പി.ഐ മുന്നോട്ടു വെക്കുന്ന ബദൽ രാഷ്ട്രീയത്തിൻ്റെ  പ്രസക്തി നാൾക്കുനാൾ വർദ്ധിച്ചു വരികയാണെന്നും എസ്.ഡി.പി.ഐ ദേശീയ ജനറൽ സെക്രട്ടറി അബ്ദുൽ മജീദ് ഫൈസി പറഞ്ഞു. പനമരം പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ ജില്ലാ നേതൃസംഗമം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹിന്ദുത്വ രാഷ്ട്രീയത്തെ മതേതരത്വം കൊണ്ട് പ്രതിരോധിക്കുന്നതിന് പകരം കോൺഗ്രസ്സടക്കമുള്ള ദേശീയ പ്രസ്ഥാനങ്ങൾ മൃദു ഹിന്ദുത്വ നയം സ്വീകരിച്ചതിൻ്റെ ദുരന്തഫലമാണ് ഇപ്പോൾ രാജ്യം അഭിമുഖീകരിക്കുന്നത്. ന്യൂനപക്ഷങ്ങൾ നേരിടുന്ന സുരക്ഷിതത്വ ഭീഷണി ലോക് സഭാ തിരഞ്ഞെടുപ്പിൽ പോലും മതേതര രാഷ്ട്രീയ പാർട്ടികളുടെ മുഖ്യ അജണ്ടയായി മാറാത്തത് അത്ഭുതകരമാണ്. രാജ്യത്തിൻ്റെ വികസനവും പുരോഗതിയുമല്ല അപര വിദ്വേഷവും വർഗ്ഗീയ ധ്രുവീകരണവും മാത്രമാണ് ബി.ജെ.പി സർക്കാറിൻ്റെ ലക്ഷ്യമെന്നത് വ്യക്തമാണ്. ദേശീയ പ്രസ്ഥാനങ്ങൾ “വോട്ടു ബേങ്ക്” ലക്ഷ്യം വെച്ച് ഫാഷിസത്തോട് സമരസപ്പെടുകയും പ്രാദേശിക പ്രസ്ഥാനങ്ങളെ ഭയപ്പെടുത്തി കീഴ്പ്പെടുത്തുന്നതിൽ ഫാഷിസം വിജയിക്കുകയും ചെയ്തിരിക്കുന്നു. സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് പോലും അസാധ്യമായി മാറിയിരിക്കുന്നു. രാഷ്ട്രീയ പ്രസ്ഥാനങ്ങൾ തങ്ങളുടെ അജണ്ടകൾ പുനർനിർണ്ണയിക്കണം. രാജ്യത്തെ വീണ്ടെടുക്കാൻ ഫാഷിസ്റ്റ് വിരുദ്ധത മുഖ്യ അജണ്ടയായി മാറണം. രാഷ്ട്രീയ നേതൃത്വങ്ങൾ ഫാഷിസത്തെ പ്രതിരോധിക്കാൻ സ്വന്തത്തെ സമർപ്പിക്കണമെന്നും വിയോജിപ്പുകൾ മാറ്റി നിർത്തി ഐക്യപ്പെടണമെന്നും അബ്ദുൽ മജീദ് ഫൈസി പറഞ്ഞു.

ജില്ലാ പ്രസിഡൻ്റ് അഡ്വ: കെ.എ അയ്യൂബ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി.ജമീല, സംസ്ഥാന സമിതിയംഗങ്ങളായ ഡോ: സി.എച്ച് അഷ്റഫ്, ടി.നാസർ സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എൻ.ഹംസ സ്വാഗതവും ട്രഷറർ മഹറൂഫ് അഞ്ചുകുന്ന് നന്ദിയും പറഞ്ഞു.