തിരുവനന്തപുരം: ‘മാലിന്യമുക്തം നവകേരളം’ കാമ്പയിനിന്റെ ഒന്നാംഘട്ട പ്രവര്‍ത്തനങ്ങളുടെ സോഷ്യല്‍ ഓഡിറ്റ് പൂര്‍ത്തിയാക്കിയ ആദ്യ തദ്ദേശ സ്വയംഭരണ സ്ഥാപനമായി കണ്ണൂര്‍ മയ്യില്‍ ഗ്രാമപഞ്ചായത്ത്. കഴിഞ്ഞ ദിവസം ചേര്‍ന്ന ഗ്രാമസഭ യോഗത്തിലാണ് ജനകീയ ഓഡിറ്റിങ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. മാര്‍ച്ച് 13 മുതല്‍ ജൂണ്‍ 5 വരെ നടന്ന ആദ്യഘട്ട പരിപാടികളുടെ അവലോകനം 12 പേര്‍ അടങ്ങിയ ജനകീയ സമിതിയാണ് നടത്തിയത്. ജൂണ്‍ അഞ്ചിന് ഹരിതസഭയില്‍ പഞ്ചായത്ത് അധികൃതര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ അവലോകനം.
ഈ റിപ്പോര്‍ട്ടിലെ മിക്ക അവകാശവാദങ്ങളും സത്യമാണെന്നു കണ്ടെത്തിയ സമിതി ചില വീഴ്ചകളും കണ്ടെത്തി. വാതില്‍പ്പടി മാലിന്യ ശേഖരണത്തിലാണ് പ്രധാനമായും കുറവുകള്‍ കണ്ടെത്തിയത്. ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളില്‍ കുറേക്കൂടി കാര്യക്ഷമമായി ഇടപെടേണ്ടതുണ്ടെന്നും സമിതി കണ്ടെത്തി. പ്രചാരണത്തിന്റെ തുടര്‍ന്നുള്ള ഘട്ടങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമുള്ള ചില പ്രവര്‍ത്തനങ്ങളും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
‘മാലിന്യമുക്തം നവകേരളം’ കാമ്പയിനിന് സുതാര്യതയും ജനപങ്കാളിത്തവും ഉറപ്പു വരുത്താനാണ് സോഷ്യല്‍ ഓഡിറ്റ് നടപ്പിലാക്കുന്നത്. സംസ്ഥാന ഏജന്‍സികള്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുകയും നടപ്പാക്കുകയും വിലയിരുത്തുകയും ചെയ്യുന്ന പരമ്പരാഗത സമീപനത്തില്‍ നിന്നുള്ള മാറ്റം കൂടിയാണിത്. കാമ്പയിനിന്റെ ഭാഗമായുള്ള പദ്ധതികളുടെ സോഷ്യല്‍ ഓഡിറ്റ് കാലാനുസൃതമായി നടത്താന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വകുപ്പ് നിര്‍ദ്ദേശം നല്‍കിയിരുന്നു. എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഒരു വര്‍ഷത്തിനുള്ളില്‍ സുസ്ഥിരസ്വയംപര്യാപ്ത ഖരമാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് കാമ്പയിന്‍ നടത്തുന്നത്.