തിരുവനന്തപുരം: കേരളത്തില്‍ വരാനിരിക്കുന്നത് പെരുമഴക്കാലം. വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെടാനുള്ള സാധ്യതയാണ് പെരുമഴക്ക് ആധാരമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നത്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട് ഒഡിഷക്ക് മുകളില്‍ സ്ഥിതിചെയ്യുന്ന നിലവിലെ ന്യൂനമര്‍ദം ദുര്‍ബലമായതിനു ശേഷം ഏകദേശം ജൂലൈ 19ന് വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും പുതിയൊരു ന്യൂനമര്‍ദം രൂപപ്പെടാനാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ചൂണ്ടിക്കാട്ടുന്നു.
ഈ ന്യൂനമര്‍ദത്തിന്റെ ഫലമായി ഈ സമയത്തു അറബിക്കടലിലെ കാലവര്‍ഷക്കാറ്റ് സജീവമായി തന്നെ തുടരാനും കേരളത്തില്‍ വ്യാപകമായ മഴക്കും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഏറ്റവും പുതിയ കാലാവസ്ഥ പ്രവചന പ്രകാരം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദം ശക്തിയാര്‍ജിച്ച് വടക്കോട്ട് സഞ്ചരിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഈ സമയങ്ങളില്‍ വടക്കന്‍ കേരളത്തില്‍ കൂടുതല്‍ മഴ ലഭിക്കാനിടയുണ്ട്. അടുത്ത രണ്ടാഴ്ച കേരളത്തില്‍, പ്രത്യേകിച്ച് വടക്കന്‍ കേരളത്തില്‍ സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് ഐഐടിഎം പൂനെയുടെ മഴ പ്രവചനത്തില്‍ പറയുന്നു.