കോഴിക്കോട്: സ്ത്രീപുരുഷ സമത്വമെന്നത് പ്രായോഗികമല്ലെന്നും സ്ത്രീക്കും പുരുഷനും തുല്യനീതി ഉറപ്പു വരുത്തുകയാണ് വേണ്ടതെന്നും കെ എന്‍ എം മര്‍കസുദഅവ ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി. സ്ത്രീകളെ ബാധ്യതകളില്‍ നിന്നൊക്കെ മാറ്റി നിര്‍ത്തി അവര്‍ക്ക് അനന്തര സ്വത്തില്‍ അവകാശം നല്കിയെന്നതാണ് ഇസ്‌ലാമിക ശരീഅത്തിന്റെ മഹത്വമെന്നും അദ്ദേഹം പറഞ്ഞു.
സി പി എം കോഴിക്കോട്ട് സംഘടിപ്പിച്ച ഏക സിവില്‍ കോഡ് സെമിനാറില്‍ ഉദ്ഘാടകന്‍ സീതാറാം യച്ചൂരിയും എം വി ഗോവിന്ദന്‍ മാസ്റ്ററും ക്രിസ്ത്യന്‍ പുരോഹിതരും കെ പി എം എസ്, എസ് എന്‍ ഡി പി പ്രതിനിധിയുമെല്ലാം സ്ത്രീ പുരുഷ സമത്വത്തെ പറ്റി ആവര്‍ത്തിച്ചപ്പോഴാണ് സി പി ഉമര്‍ സുല്ലമി ആ സദസ്സിന് മുമ്പില്‍ ഇസ്‌ലാമിന്റെ തുല്യനീതി തത്വം ഉറക്കെ വിളിച്ചു പറഞ്ഞത്.
തന്റെ മുന്നെ പ്രസംഗിച്ച മുസ്ലിം സംഘടനാ പ്രതിനിധികളൊക്കെ സെമിനാറിന്റെ ഗാംഭീര്യത എടുത്തു പറഞ്ഞും സംഘാടകരെ പ്രശംസിച്ചും പ്രസംഗിച്ചപ്പോള്‍ ഇസ്‌ലാമിക ശരീഅത്തിന്റെ മഹത്വം പറയുകയായിരുന്നു സി പി. ഈ മഹാ സദസ്സും വേദിയും പാര്‍ട്ടി ഘടകങ്ങളും പരിഗണിച്ചാല്‍ തന്നെ ലിംഗസമത്വം സാധ്യമല്ലെന്ന് ബോധ്യപ്പെടുമെന്നു കൂടി സി പി പറഞ്ഞു.