ഈ വഴിയിലൂടെ മുഖ്യന്‍ വരും; പള്ളിപ്പെരുന്നാളിന് വഴിയോര കച്ചവടം വേണ്ടെന്ന് പൊലീസ്

Kerala

ഇടുക്കി: പള്ളിപ്പെരുന്നാളിനോടനുബന്ധിച്ച് ഉണ്ടാകാറുള്ള വഴിയോര കച്ചവടങ്ങള്‍ ഇത്തവണ വേണ്ടെന്ന് പൊലീസ്. മുഖ്യമന്ത്രി നവകേരള സദസ്സുമായി ഇതുവഴി വരുന്നുണ്ടെന്നാണ് കാരണമായി പൊലീസ് പറയുന്നത്. ഇടുക്കി തൊടുപുഴയിലെ മുട്ടം ഊരക്കുന്ന് ക്‌നാനായ പള്ളി തിരുന്നാളിന്റെ ഭാഗമായി നടക്കുന്ന വഴിയോരക്കച്ചവടങ്ങള്‍ക്കാണ് പൊലീസിന്റെ വിലക്കുള്ളത്.

ഡിസംബര്‍ പത്തിനാണ് പള്ളി തിരുനാളിന്റെ പ്രധാന ദിവസം. അന്ന് ഉച്ചകഴിഞ്ഞ് തൊടുപുഴയില്‍ നിന്ന് ഇടുക്കിയിലേയ്ക്ക് പോകുന്ന മുഖ്യമന്ത്രിയ്ക്കും മന്ത്രിമാര്‍ക്കും പെട്ടിക്കടകള്‍ യാത്രാതടസം സൃഷ്ടിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് നിര്‍ദേശം. ഒരു ദിവസത്തേയ്ക്കാണ് കടകള്‍ ഒഴിപ്പിക്കുന്നത്. എന്നാല്‍ ഈ ദിവസം കച്ചവടം ഇല്ലാതാകുന്നത് വലിയ നഷ്ടമാകും ചെറുകച്ചവടക്കാര്‍ക്ക് ഉണ്ടാകുക. പരാതികള്‍ വാങ്ങാന്‍ പോകുന്ന മന്ത്രിമാര്‍ ഈ പാവങ്ങളുടെ പ്രശ്‌നം കൂടി പരിഹരിക്കണമെന്നാണ് വഴിയോര കച്ചവടക്കാരുടെ ആവശ്യം.