കോഴിക്കോട്: ഹെല്‍മറ്റ് ധരിച്ച് ബൈക്കിലെത്തി മാല പിടിച്ച് പറിച്ചു കൊണ്ടുപോയ പ്രതി പോലീസ് പിടിയില്‍. മലപ്പുറം ഇരുമ്പുഴി സ്വദേശി സുരേഷ് ബാബു (43 ) നെയാണ് കോഴിക്കോട് ജില്ല സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പും വെള്ളയില്‍ പോലീസും ചേര്‍ന്ന് കസ്റ്റഡിയില്‍ എടുത്തത്. ജൂണ്‍ 22ന് വൈകിട്ടാണ് സംഭവം നടന്നത്. വെള്ളയില്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ പുതിയാപ്പ ഹയര്‍ സെക്കണ്ടറി സ്‌കൂളിന് പിറകു വശത്തെ ഇടവഴിയിലൂടെ മകന്റെ കുട്ടിയെ സ്‌കൂളില്‍ നിന്നും കൂട്ടി കൊണ്ടുവരാന്‍ പോകുകയായിരുന്ന ചെറുപുരയ്ക്കല്‍ ഊര്‍മിളയുടെ മൂന്നര പവന്‍ സ്വര്‍ണ്ണമാല ബൈക്കിലെത്തി കവര്‍ച്ച നടത്തി പോകുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ വെള്ളയില്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍ യു. സനീഷിന്റെ നേതൃത്വത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരികയായിരുന്നു. സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പ് നടത്തിയ അന്വേഷണത്തില്‍ സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും കവര്‍ച്ച നടത്തിയ ആളുടെ അവ്യക്ത രൂപവും കവര്‍ച്ച നടത്തിയ ആള്‍ വന്നത് ഗ്ലാമര്‍ ബൈക്കിലാണെന്നുമുള്ള ദൃശ്യംലഭിക്കുകയും ചെയ്തു.തുടര്‍ന്ന് ഇയാളുടെ യാത്രയിലുള്ള നൂറ്റി അമ്പതോളം സിസിടിവി ദൃശ്യങ്ങള്‍
അ ന്‍പതോളം കിലോമീറ്റര്‍ യാത്ര ചെയ്ത് പരിശോധിക്കുകയും ആയിരത്തി അഞ്ഞൂറോളം ഗ്ലാമര്‍ ബൈക്കുകളുടെ വിവങ്ങള്‍ ശേഖരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതിയിലേക്ക് എത്തിച്ചേരുകയായിരുന്നു.
പോലീസിന്റെ രഹസ്യ നിരീക്ഷണത്തിലുള്ള സുരേഷ് ബാബു നിരന്തരം ജില്ലയുടെ പല ഭാഗങ്ങളിലും കറങ്ങി നടന്നിരുന്ന ശാസ്ത്രീയ തെളിവുകളും ലഭിച്ചിരുന്നു.കഴിഞ്ഞ ദിവസം ഇയാള്‍ കോഴിക്കോട് ബീച്ച് ഭാഗങ്ങളില്‍ യാത്ര ചെയ്യുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ച പോലീസ്,വാഹന പരിശോധനക്കിടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
വെള്ളയില്‍ ഇന്‍സ്‌പെക്ടര്‍ ബാബുരാജിന്റെ നേതൃത്വത്തില്‍ നടന്ന ചോദ്യം ചെയ്യലില്‍ ഈ കവര്‍ച്ച കൂടാതെ നിരവധി കവര്‍ച്ച ശ്രമങ്ങള്‍ നടത്തിയിരുന്നതായും കവര്‍ച്ച നടത്തിയ സ്വര്‍ണ്ണമാല വിറ്റതായും സുരേഷ് സമ്മതിച്ചു.ജില്ലക്ക് അകത്തും പുറത്തും പ്രതി മറ്റു കവര്‍ച്ചകള്‍ നടത്താന്‍ സാധ്യത ഉള്ളതായും കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പുകള്‍ നടത്തുന്നതിനുമായി കസ്റ്റഡിയില്‍ വാങ്ങേണ്ടതുണ്ടെന്നും എ.സി.പി ബിജുരാജ് പറഞ്ഞു.പ്രവാസ ജീവിതം നയിച്ചിരുന്ന സുരേഷ് ബാബു നാട്ടിലെത്തി ആശാരിപണി ചെയ്തു വരികയായിരുന്നു.ഇതിനിടെ ചീട്ടുകളിയിലും ഒറ്റ നമ്പര്‍ ലോട്ടറിയിലുമായി കൈയ്യിലുണ്ടായിരുന്ന കാശെല്ലാം നഷ്ടമായപ്പോള്‍ പലിശക്ക് കടം വാങ്ങി കളി തുടരുകയായിരുന്നു.എല്ലാം നഷ്ടമായപ്പോള്‍ കവര്‍ച്ചയിലേക്ക് നീങ്ങുകയായിരുന്നു.
സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പ് സബ്ബ് ഇന്‍സ്‌പെക്ടര്‍ ഒ.മോഹന്‍ദാസ്,ഹാദില്‍ കുന്നുമ്മല്‍,ശ്രീജിത്ത് പടിയാത്ത്,ഷഹീര്‍ പെരുമണ്ണ,എ.കെ അര്‍ജുന്‍,സുമേഷ് ആറോളി,രാകേഷ് ചൈതന്യം,വെള്ളയില്‍ പോലീസ് സ്‌റ്റേഷനിലെ സബ്ബ് ഇന്‍സ്‌പെക്ടര്‍ അരുണ്‍ വി.ആര്‍,സീനിയര്‍ സിപിഒ ജയേഷ് സൈബര്‍ സെല്ലിലെ സ്‌കൈലേഷ് എന്നിവരായിരുന്നു അന്വേഷണം നടത്തിയിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.