ജ്വല്ലറിയിലെ മോഷണം; പ്രതികള്‍ പിടിയില്‍

Kozhikode

കോഴിക്കോട്: മാവൂര്‍ ബസ്സ്റ്റാന്റിനു സമീപമുള്ള ജ്വല്ലറിയില്‍ മോഷണം നടത്തിയ പ്രതികളെ മാവൂര്‍ ഇന്‍സ്‌പെക്ടര്‍ പി.രാജേഷിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍ അനുരാജ് വി.യുടെ നേതൃത്വത്തില്‍ മാവൂര്‍ പോലീസും ജില്ല സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പും ചേര്‍ന്ന് പിടികൂടി. ഇതില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാവാത്ത ആളാണ്. മാവൂര്‍ കണ്ണി പറമ്പ് തീര്‍ത്ഥകുന്ന് രഞ്ജീഷ്(18 )നെ മാവൂര്‍ ഇന്‍സ്‌പെക്ടര്‍ പി. രാജേഷ് അറസ്റ്റ് ചെയ്തത്. പ്രായപൂര്‍ത്തിയാവാത്തയാളിനെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കും.

ജൂലൈ ഒന്ന് മുതല്‍ മൂന്ന് വരെയുള്ള തിയ്യതികളിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മാവൂര്‍ ബസ്സ്റ്റാന്റിന് സമീപമുള്ള പാഴൂര്‍ ജ്വല്ലറി ഉടമസ്ഥര്‍ പതിവുപോലെ ശനിയാഴ്ച്ച കട പൂട്ടി പോവുകയും തിങ്കളാഴ്ച്ച വന്ന് കട തുറന്ന് നോക്കിയപ്പോള്‍ പിന്‍വശത്തെ ചുമര്‍ തുരന്ന് മോഷണം നടത്തിയതായും ശ്രദ്ധയില്‍പ്പെട്ടത്. നിരവധി വെള്ളി ആഭരണങ്ങളാണ് നഷ്ടപ്പെട്ടിരുന്നത്. തുടര്‍ന്ന് മാവൂര്‍ പോലീസില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു. തുടക്കത്തിലുള്ള അന്വേഷണം ഇന്‍സ്‌പെക്ടര്‍ വിനോദിന്റെ നേതൃത്വത്തിലായിരുന്നു.

ജില്ല സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പ് അന്വേഷണം നടത്തി വരികയായിരുന്നു. സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും മോഷണം നടത്തിയത് കൗമാരപ്രായക്കാരാണെന്ന് തിരിച്ചറിയുകയും ചെയ്തു.തുടര്‍ന്ന് അന്വേഷണം നടത്തുന്നതിനിടയില്‍ പ്രതികളെ നിരീക്ഷിക്കുകയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

മെഡിക്കല്‍ കോളേജ് എ സി പി കെ സുദര്‍ശന്റെ നേതൃത്വത്തില്‍ നടന്ന ചോദ്യം ചെയ്യലില്‍ ആദ്യം പ്രതികള്‍ കുറ്റം സമ്മതിച്ചില്ല.ദൃശ്യം സിനിമയിലെ രംഗങ്ങള്‍ പ്രചോദനമുള്‍കൊണ്ടായിരുന്നു പ്രതികളുടെ പ്രതികരണം.സിനിമ മേഖലയില്‍ ഭക്ഷണം നല്‍കുന്ന വിഭാഗത്തിലെ ജോലിക്കാരനാണ് രഞ്ജീഷ്.ജൂണ്‍ അവസാന ആഴ്ചയില്‍ എര്‍ണാകുളത്ത് ആയിരുന്നെന്നും പിന്നീട് എടരിക്കോടുംകടവന്തറയിലും പോയെന്നും ജൂലൈ ആദ്യ ആഴ്ചയില്‍ സിനിമയുമായി ബന്ധപ്പെട്ട ജോലി മലയാറ്റൂരും ആയിരുന്നെന്നും ഫോണ്‍ കേടായിരുന്നെന്നും ആണ് പ്രതി പോലീസിനോട് പറഞ്ഞത്.

എന്നാല്‍ പോലീസ് തെളിവുകള്‍ നിരത്തി വിശദമായി ചോദ്യം ചെയ്തപ്പോള്‍ രഞ്ജിഷും പ്രായപൂര്‍ത്തിയാവാത്തയാളും ഏപ്രില്‍ മാസത്തില്‍ തന്നെ മോഷണം നടത്താന്‍ പദ്ധതി ഇട്ടതായും അതിന് വേണ്ടി ആയുധങ്ങളും പടക്കങ്ങളും, പൂത്തിരികളും രഞ്ജീഷ് കരുതി വെച്ചതായും പിന്നീട് ജൂണ്‍ മാസം വീണ്ടും പ്ലാന്‍ ചെയ്യുകയും മോഷണം നടത്താന്‍ പാഴൂര്‍ ജ്വല്ലറി തിരഞ്ഞെടുക്കുകയുമായിന്നു. ജൂലൈ രണ്ടാം തിയ്യതി നല്ല മഴയുള്ള ദിവസം മോഷണം നടത്താനിറങ്ങി. റെയിന്‍കോട്ടും ഷാളും ഉപയോഗിച്ച് ആളുകള്‍ക്ക് മനസിലാവാത്ത രീതിയിലാണ് പോയിരുന്നത്. പൂത്തിരി ഉപയോഗിച്ച് ജ്വല്ലറിയുടെ പൂട്ട് പൊളിക്കാന്‍ നോക്കിയെങ്കിലും സാധിച്ചിരുന്നില്ല. പിന്നീട് പിന്‍ഭാഗത്തെ ചുമര്‍ തുരന്ന് അകത്ത് കടന്ന് മോഷണം നടത്തുകയായിരുന്നു.പിന്നീട് മോഷണമുതല്‍ രഞ്ജീഷിന്റെ വീടിനടുത്തുള്ള കുറ്റിക്കാട്ടില്‍ ഒളിപ്പിച്ചു വെക്കുകയുമായിരുന്നു.

മോഷണ മുതലുകളും മോഷണത്തിനുപയോഗിച്ച ആയുധങ്ങളും പോലീസ് കണ്ടെടുത്തു. സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പ് സബ്ബ് ഇന്‍സ്‌പെക്ടര്‍ ഒ.മോഹന്‍ദാസ്,ഷഹീര്‍ പെരുമണ്ണ,എ.കെ അര്‍ജുന്‍,രാകേഷ് ചൈതന്യം,മാവൂര്‍ പോലീസ് സ്‌റ്റേഷനിലെ സീനിയര്‍ സിപിഒ കെ.അനൂപ്,വി.എം മോഹനന്‍
സൈബര്‍ സെല്ലിലെ രാഹുല്‍, എന്നിവരായിരുന്നു അന്വേഷണം നടത്തിയിരുന്നത്.