മതേതര കക്ഷികള്‍ ബാധ്യത ഏറ്റെടുക്കണം

Malappuram

മങ്കട: ഇന്ത്യയുടെ സവിശേഷമായ നാനാത്വത്തില്‍ ഏകത്വവും മതേതര സ്വഭാവവും നിലനിര്‍ത്തി സൗഹൃദ ഇന്ത്യയെ വീണ്ടെടുക്കാന്‍ മതേതര രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ബാധ്യത ഏറ്റെടുക്കണമെന്ന് തഹ്‌രീക്-കെ എന്‍ എം മര്‍ക്കസുദ്ദഅവ മങ്കട മണ്ഡം പ്രതിനിധി സംഗമം ആഹ്വാനം ചെയ്തു. രാജ്യത്തിന്റെ ഭരണഘടനാ മൂല്യങ്ങളെയും വൈവിധ്യ സംസ്‌കൃതിയെയും കളങ്കപ്പെടുത്തി ജനാധിപത്യ ഇന്ത്യയുടെ അടിത്തറ തകര്‍ക്കുന്ന ഏകാധിപത്യ ഭരണ രീതിയെ പ്രതിരോധിക്കാന്‍ ജനാധിപത്യ മതേതര കക്ഷികളുടെ ഐക്യം അനിവാര്യമാണെന്നും സംഗമം ആവശ്യപ്പെട്ടു.

‘വിശ്വമാനവികതക്ക് വേദ വെളിച്ചം’ എന്ന പ്രമേയത്തില്‍ ജനുവരി 25 മുതല്‍ 28 വരെ കരിപ്പുരില്‍ നടക്കുന്ന പത്താമത് മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി ജുലൈ 30ന് മലപ്പുറത്ത് ചേരുന്ന മധ്യമേഖല സംഗമം ഒരുക്കം പ്രീകോണിന്റെ പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രതിനിധി സംഗമം കെ എന്‍ എം മര്‍ക്കസ്സുദ്ദഅവ ജില്ല സെക്രട്ടറി ഷംസുദീന്‍ അയനിക്കോട് ഉല്‍ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എ. മുഹമ്മദലി മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറിമാരായ അബ്ദു റഷീദ് ഉഗ്രപുരം, എ നൂറുദ്ദീന്‍, എം എസ് എം സംസ്ഥാന ഉപാധ്യക്ഷന്‍ റിഹാസ് പുലാമന്തോള്‍, നാസര്‍ പട്ടാക്കല്‍, ഐ എസ് എം ജില്ല സെക്രട്ടറി ഹബീബ് റഹ്മാന്‍, എം എസ് എം ജില്ല സെക്രട്ടറി അന്‍ജിദ് അരിപ്ര, സൈതാലി മങ്കട, റിയാസ് അന്‍വര്‍, യു പി ശിഹാബുദ്ധീന്‍, മുസ്തഫ മൂര്‍ക്കനാട്, കെ മമ്മുണ്ണി, എ നജീബ്, ബഷീര്‍ പാറല്‍ പ്രസംഗിച്ചു.