പ്രവാസികളോടുള്ള കേന്ദ്രസര്‍ക്കാരിന്‍റെ നീതിനിഷേധം പ്രതിഷേധാര്‍ഹം: കേരള പ്രവാസി സംഘം

Wayanad

വാര്‍ത്തകള്‍ 8289857951 എന്ന വാട്‌സാപ്പ് നമ്പറില്‍ അയക്കുക.

മേപ്പാടി: രാജ്യത്തെ സമ്പദ്ഘടനക്ക് മൂന്നിലൊന്ന് വിഹിതം നല്‍കുന്ന പ്രവാസി സമൂഹത്തോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ തുടര്‍ച്ചയായ നീതിനിഷേധം പ്രതിഷേധാര്‍ഹമാണെന്ന് കേരള പ്രവാസി സംഘം കല്പറ്റ ഏരിയ കണ്‍വന്‍ഷന്‍ ചൂണ്ടിക്കാട്ടി. വിദേശനാണ്യം നേടിത്തരുന്ന പ്രവാസി സമൂഹത്തിന്റെ പുനരധിവാസത്തിന് കേന്ദ്ര സര്‍ക്കാരുകളുടെ നാളിതുവരെയുള്ള പങ്ക് ശൂന്യമാണെന്ന് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് കേരള കര്‍ഷക സംഘം ജില്ലാ ജോയിന്റ് സെക്രട്ടറി വി ഹാരിസ് പറഞ്ഞു. കര്‍ഷകരെയും സാധാരണക്കാരെയും കര്‍ഷകത്തൊഴിലാളികളെയും തുടര്‍ച്ചയായി ദ്രോഹിക്കുന്ന സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത്. അക്കൂട്ടത്തില്‍ രാജ്യത്തിന്റെ സമ്പദ്ഘടനക്ക് മുഖ്യ സംഭാവന നല്‍കി വരുന്ന പ്രവാസി സമൂഹത്തെയും ദ്രോഹിക്കുന്ന നിലപാടാണ് ഉള്ളത്. കോര്‍പ്പറേറ്റുകള്‍ക്ക് രാജ്യം തീറെഴുതി നല്‍കുന്ന പ്രവണത കേന്ദ്രം അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയായി കേരളത്തില്‍ നോര്‍ക്കയും, പ്രവാസി ക്ഷേമനിധി ബോര്‍ഡും, പ്രവാസി കമ്മീഷനും, പ്രവാസി പ്രശ്‌ന പരിഹാര സെല്ലും പ്രവാസികളുടെ ദൈനംദിന വിഷയങ്ങളിലും, നിയമപ്രശ്‌നങ്ങളിലും ഇടപെടുന്നതും പ്രവാസി സമൂഹത്തിന്റെ സാമൂഹ്യസുരക്ഷയ്ക്കും, പുനരധിവാസത്തിനും നേതൃത്വം നല്‍കുന്നതുമെന്ന് കേരള പ്രവാസി സംഘം ജില്ലാ സെക്രട്ടറി അഡ്വ: സരുണ്‍ മാണി പറഞ്ഞു. ഖാജാ ഹുസ്സൈന്‍ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി പി ടി മന്‍സൂര്‍, മുഹമ്മദ് പഞ്ചാര തുടങ്ങിയവര്‍ സംസാരിച്ചു. റഷീദ് മേപ്പാടി സ്വാഗതവും, ബഷീര്‍ അരപ്പറ്റ നന്ദിയും പറഞ്ഞു.