കോഴിക്കോട്: ഏക സിവില്‍ കോഡുമായി ബന്ധപ്പെട്ട വിഷയത്തില്‍ സമസ്തയില്‍ ഭിന്നാഭിപ്രായമെന്ന ചില മാധ്യമ റിപ്പോര്‍ട്ടുകള്‍ വാസ്തവ വിരുദ്ധമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.
ഏക സിവില്‍ കോഡിനെതിരേയുള്ള നീക്കത്തില്‍ ആരുമായും സഹകരിച്ച് പ്രവര്‍ത്തിക്കാമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നേതാക്കള്‍ കൈക്കൊണ്ട തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് 4.7.2023ന് മുസ്ലിം ലീഗ് വിളിച്ചു ചേര്‍ത്ത വിവിധ മുസ്ലിം സംഘടനകളുടെ യോഗത്തിലും ജൂലൈ 15ന് സി പി എം കോഴിക്കോട്ട് നടത്തിയ സെമിനാറിലും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രതിനിധികള്‍ പങ്കെടുത്തതും ചില സംഘടനകള്‍ അടുത്തു നടത്താനിരിക്കുന്നതുമായ പരിപാടികളില്‍ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ചതും. 2023 ജൂലൈ എട്ടിന് ചേര്‍ന്ന സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വാഹക സമിതി യോഗത്തിലും അന്ന് ഉച്ചയ്ക്കു ശേഷം കോഴിക്കോട്ട് നടന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗങ്ങളും പോഷക സംഘടനാ ഭാരവാഹികളും പങ്കെടുത്ത സ്‌പെഷ്യല്‍ കണ്‍വെന്‍ഷനിലും ഇക്കാര്യം പ്രഖ്യാപിച്ചതുമാണ്.
ഏക സിവില്‍ കോഡിനെതിരേ നടന്ന പരിപാടിയില്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ട് സമസ്തയില്‍ ഭിന്നാഭിപ്രായമെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും അത്തരം വാര്‍ത്തകളില്‍ പ്രവര്‍ത്തകര്‍ വഞ്ചിതരാകരുതെന്നും നേതാക്കള്‍ പ്രസ്താവനയില്‍ പറഞ്ഞു.