തരുവണ: മണിപ്പൂരില്‍ സ്ത്രീകള്‍ക്കുനേരെ നടക്കുന്ന അക്രമങ്ങളില്‍ പ്രതിഷേധിച്ച് വിമന്‍ ഇന്ത്യ മൂവ്‌മെന്റ് വയനാട് ജില്ലാ കമ്മറ്റി പ്രതിഷേധ സംഗമം നടത്തി. ധ്രുവീകരണ രാഷ്ട്രീയം അജണ്ടയാക്കിയ ബി.ജെ.പി സര്‍ക്കാര്‍ മണിപ്പൂരിലെ കുക്കിമെയതയ് ഗോത്രങ്ങളെ തമ്മിലടിപ്പിച്ച് ‘ഭിന്നിപ്പിച്ച് ഭരിക്കുക’യെന്ന പഴയ ബ്രിട്ടീഷ് രാജ് നടപ്പിലാക്കുകയാണ്. ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത വിധം മനുഷ്യത്വ രഹിതമായ ക്രൂരതകളാണ് മണിപ്പൂരില്‍ സ്ത്രീകള്‍ക്കു നേരെ നടക്കുന്നത്. ഭരണകൂട ഒത്താശയോടെ നടക്കുന്ന ‘മണിപ്പൂര്‍ വംശഹത്യ’ ലോകത്ത് ഇന്ത്യയുടെ മതേതര മുഖംതന്നെ വികൃതമാക്കിയിരിക്കയാണെന്നും സ്ത്രീസമൂഹത്തിനുവേണ്ടി സ്ത്രീകള്‍തന്നെ പ്രതിരോധ പടയണി തീര്‍ക്കണമെന്നും വിമന്‍ ഇന്ത്യ മൂവ്‌മെന്റ് വയനാട് ജില്ലാ ട്രഷറര്‍ സല്‍മ അഷ്‌റഫ് പറഞ്ഞു. തരുവണയില്‍ പ്രതിഷേധ സംഗമം ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
