പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിക്ക് ആദരാജ്ഞലികള്‍ വേണ്ട; ഫ്‌ളക്‌സുകള്‍ നീക്കം ചെയ്യണമെന്ന് എല്‍ ഡി എഫ്

Kerala

കോട്ടയം: പുതുപ്പള്ളി മണ്ഡലത്തില്‍ സ്ഥാപിച്ചിരിക്കുന്ന ഉമ്മന്‍ ചാണ്ടിക്ക് ആദരം അര്‍പ്പിച്ചുള്ള ഫ്‌ളക്‌സുകള്‍ നീക്കം ചെയ്യണമെന്ന ആവശ്യവുമായി എല്‍ ഡി എഫ്. ഇക്കാര്യം ഉന്നയിച്ച് എല്‍ ഡി എഫ് തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചു. ഉമ്മന്‍ ചാണ്ടിക്ക് ആദരം അര്‍പ്പിച്ച് വിവിധ സംഘടനകളും വ്യക്തികളും നിരവധി ഫ്‌ളക്‌സുകളാണ് പുതുപ്പള്ളി മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചിട്ടുള്ളത്. ഇവയെല്ലാം നീക്കം ചെയ്യണമെന്നാണ് എല്‍ ഡി എഫിന്റെ ആവശ്യം.

എല്‍ ഡി എഫിന്റെ ആവശ്യം ഇതിനോടകം തന്നെ വിവാദമായിട്ടുണ്ട്. എല്‍ ഡി എഫിന്റെ ആവശ്യത്തിനെതിരെ യു ഡി എഫും കോണ്‍ഗ്രസും രംഗത്ത് എത്തിയിട്ടുണ്ട്. മരിച്ചുപോയ ഉമ്മന്‍ ചാണ്ടിയെ പോലും സി പി എമ്മും ഇടത് മുന്നണിയും ഭയക്കുകയാണെന്നാണ് യു ഡി എഫ് സ്ഥാനാത്ഥി ചാണ്ടി ഉമ്മന്‍ എല്‍ ഡി എഫിന്റെ ആവശ്യത്തെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിച്ചത്.

ഫ്‌ളക്‌സുകള്‍ സ്ഥാപിച്ചതില്‍ പാര്‍ട്ടിക്ക് യാതൊരു ബന്ധവും ഇല്ലെന്നും ഉമ്മന്‍ചാണ്ടിയോടുള്ള ആദരസൂചകമായി വ്യക്തികളാണ് വിവിധ സ്ഥലങ്ങളില്‍ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചതെന്നും ചാണ്ടി ഉമ്മന്‍ പറയുന്നു. ഈ സാഹചര്യത്തില്‍ വരും ദിവസങ്ങളിലും ഫ്‌ളക്‌സ് വിവാദം കത്തിക്കയറുമെന്ന് ഉറപ്പാണ്. നേരത്തെ ഉമ്മന്‍ ചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ടും വിശുദ്ധന്‍, പുണ്യാളന്‍ തുടങ്ങിയ വാക്കുകളുമായി ബന്ധപ്പെട്ടും സി പി എം രംഗത്തെത്തിയിരുന്നെങ്കിലും പിന്നിട് പിന്‍വാങ്ങുകയായിരുന്നു.

രാഷ്ട്രീയത്തിനപ്പുറം പുതുപ്പള്ളി മണ്ഡലത്തില്‍ ഉമ്മന്‍ ചാണ്ടിയെ ഇഷ്ടപ്പെടുന്ന നിരവധിപേരുണ്ട്. സി പി എമ്മില്‍ നിന്നുള്ളവര്‍ പോലും ഉമ്മന്‍ ചാണ്ടിക്ക് ആദരം അര്‍പ്പിച്ച് ഫ്‌ളക്‌സുകള്‍ സ്ഥാപിച്ചിരുന്നു. ഇടത് മുന്നണിയിലെ കക്ഷികളില്‍ പെടുന്നവരും ഫ്‌ളക്‌സുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഉമ്മന്‍ ചാണ്ടിയോടുള്ള ആദരവായി സ്ഥാപിച്ച ഫ്‌ളക്‌സുകള്‍ നീക്കണമെന്ന ആവശ്യം ഫലത്തില്‍ എല്‍ ഡി എഫിനും സി പി എമ്മിനും മണ്ഡലത്തില്‍ തിരിച്ചടിയാകാനുള്ള സാധ്യതയുമുണ്ട്. അതുകൊണ്ട് തന്നെ വരും ദിവസങ്ങളില്‍ ഫ്‌ളക്‌സ് വിവാദം ചൂടുപിടിക്കുമെന്നുറപ്പാണ്.