കല്‍പ്പറ്റ: പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കുകയും അട്ടിമറിക്കുകയും ചെയ്യുന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെയും അതി രൂക്ഷമായിരിക്കുന്ന വിലക്കയറ്റം നിയന്ത്രിക്കാന്‍ പദ്ധതികള്‍ ഒന്നുമില്ലാതെ മൗനികള്‍ ആയിരിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ചുകൊണ്ടും സംയുക്ത ട്രേഡ് യൂണിയന്‍ രാജ്യവ്യാപകമായി നടത്തുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി സംയുക്തട്രേഡ് യൂണിയന്‍ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ ബിഎസ്എന്‍എല്‍ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു.
രാജ്യത്ത് മാറിമാറി വന്ന സര്‍ക്കാറുകള്‍ വര്‍ഷങ്ങളുടെ പ്രയത്‌നത്താല്‍ രൂപീകരിച്ച് ശക്തിപ്പെടുത്തിയ പൊതുമേഖല സ്ഥാപനങ്ങള്‍ മിക്കതും കേന്ദ്രസര്‍ക്കാര്‍ ഇന്ന് വില്പനയ്ക്ക് വെച്ചിരിക്കുകയാണ്. നഷ്ടത്തിലായ പൊതുമേഖലാ സ്ഥാപനങ്ങള്‍ സംരക്ഷിക്കാന്‍ ഒരു പദ്ധതിയും ആവിഷ്‌കരിക്കുന്നില്ല. രാജ്യത്ത് ഉയര്‍ന്നുവന്ന അതിരൂക്ഷമായ വിലക്കയറ്റം തടയാന്‍ നടപടി ഒന്നും സ്വീകരിക്കുന്നില്ല.അരിയുടെ വില ഒരു മാസത്തിനിടെ ഇരട്ടിയിലേറെ വര്‍ധിച്ചിരിക്കുന്നു. അവശ്യ മരുന്നുകളുടെ വിലവര്‍ധന 150 ശതമാനത്തില്‍ അധികമായി.
പെട്രോള്‍ ഡീസല്‍ എന്നിവയുടെ വിലവര്‍ധന മുഴുവന്‍ നിത്യോപയോഗ സാധനങ്ങളുടെയും വില ക്രമാതീതമായി ഉയരാന്‍ സാഹചര്യം ഒരുക്കി. കേന്ദ്രസര്‍ക്കാര്‍ ഉല്‍പ്പന്ന വിലയേക്കാള്‍ നികുതി ചുമത്തിക്കൊണ്ട് സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുന്നു എന്നും സബ്‌സിഡി നല്‍കിക്കൊണ്ടിരുന്നതെല്ലാം ഇല്ലായ്മ ചെയ്തു ജനങ്ങളുടെ മേല്‍ അമിതഭാരം അടിച്ചേല്‍പ്പിക്കുന്നു എന്നും മാര്‍ച്ചും ധര്‍ണ്ണയും ഉദ്ഘാടനം ചെയ്തുകൊണ്ട് ഐഎന്‍ടിയുസി ജില്ലാ പ്രസിഡണ്ട് പി പി ആലി പറഞ്ഞു. എസ്ടിയു ജില്ലാ പ്രസിഡണ്ട് സി.മൊയ്തീന്‍കുട്ടി അധ്യക്ഷത വഹിച്ചു. പി കെ അബൂ, ബി സുരേഷ് ബാബു, പി.സന്തോഷ് കുമാര്‍, ഗിരീഷ് കല്‍പ്പറ്റ, കെ .കെ. രാജേന്ദ്രന്‍, താരീഖ് കടവന്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു.