കോഴിക്കോട്: മാതൃശിശു കേന്ദ്രത്തില്‍ സ്ഥാപിച്ച മുലപ്പാല്‍ ബാങ്കിലൂടെ ഇതുവരെ അമ്മിഞ്ഞപ്പാലിന്‍ മധുരം നുണഞ്ഞത് 4393 കുഞ്ഞുങ്ങള്‍. ജനിക്കുന്ന കുട്ടികള്‍ക്ക് ഏറ്റവും പോഷകസമ്പുഷ്ടമായ പാല്‍ എത്തിക്കുക, അത് വഴി ശിശുമരണങ്ങള്‍ കുറയ്ക്കുക എന്നീ ലക്ഷ്യത്തോടുകൂടിയാണ് മുലപ്പാല്‍ ബാങ്ക് ആരംഭിച്ചത്.
കുഞ്ഞുങ്ങളുടെ ആരോഗ്യ സംരക്ഷണത്തില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് മുലപ്പാല്‍. ആദ്യ ഒരു മണിക്കൂറില്‍ നവജാതശിശുവിന് മുലപ്പാല്‍ നല്‍കേണ്ടതും ആദ്യ ആറ് മാസം മുലപ്പാല്‍ മാത്രം നല്‍കേണ്ടതും ഏറെ അത്യാവശ്യമാണ്. എന്നാല്‍ അമ്മയുടെ രോഗാവസ്ഥ കാരണമോ, മുലപ്പാല്‍ ഉല്പാദനക്കുറവുകൊണ്ടോ, പ്രസവാനന്തരം അമ്മയുടെ മരണം സംഭവിക്കുകയോ ചെയ്യുന്ന സാഹചര്യത്തില്‍ അത്തരത്തിലുള്ള കുട്ടികള്‍ക്ക് കൂടി മുലപ്പാല്‍ ഉറപ്പാക്കാനാണ് മുലപ്പാല്‍ ബാങ്ക് സജ്ജമാക്കിയത്. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ ആദ്യത്തെ മുലപ്പാല്‍ ബാങ്കാണ് കോഴിക്കോട് മാതൃശിശു കേന്ദ്രത്തില്‍ സ്ഥാപിച്ചത്.
നാഷണല്‍ ഹെല്‍ത്ത്മിഷന്‍ അനുവദിച്ച ഫണ്ട് വിനിയോഗിച്ച് 2021 സെപ്തംബര്‍ 17നാണ് ഗവ. മെഡിക്കല്‍ കോളേജിലെ മാതൃ ശിശു സംരക്ഷണ കേന്ദ്രത്തില്‍ മുലപ്പാല്‍ ബാങ്ക് (കോമ്പ്രേഹെന്‍സീവ് ലാക്ടെഷന്‍ മാനേജ്‌മെന്റ് സെന്റര്‍)പ്രവര്‍ത്തനം ആരംഭിച്ചത്. രണ്ടാം വാര്‍ഷികത്തോടടുക്കുമ്പോള്‍ 3484 ദാതാക്കളില്‍ നിന്നും 317925 മില്ലി ലിറ്റര്‍ പാല്‍ ശേഖരിക്കുകയും 294370 മില്ലി ലിറ്റര്‍ പാല്‍ 4393 കുഞ്ഞുങ്ങള്‍ക്ക് ഡോക്ടര്‍മാരുടെ നിര്‍ദേശാനുസരണം വിതരണം ചെയ്യുകയും ചെയ്തു. ഇതില്‍ കേരളത്തില്‍ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ ദമ്പതികളുടെ കുഞ്ഞും ഉള്‍പ്പെടുന്നു. മുലപ്പാല്‍ ദാനത്തിന്റെ ആവശ്യകത മനസ്സിലാക്കി ദിനം പ്രതി അമ്മമാര്‍ മുന്നോട്ടു വരുന്നതിനാലാണ് പദ്ധതി വിജയകരമായി മുന്നോട്ടുപോകാന്‍ സാധിക്കുന്നതെന്ന് ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ഷാജി സി.കെ പറഞ്ഞു.
സ്വമേധയാ മുലപ്പാല്‍ ദാനം ചെയ്യാന്‍ എത്തുന്ന അമ്മമാര്‍ക്ക് ആവശ്യമായ പരിശോധനകള്‍ നടത്തി ആരോഗ്യ സ്ഥിതി വിലയിരുത്തി പ്രത്യേകം അണുവിമുക്തമാക്കിയ മുറിയില്‍ ബ്രെസ്റ്റ് മില്‍ക്ക് പമ്പ് ഉപയോഗിച്ചാണ് മുലപ്പാല്‍ ശേഖരിക്കുന്നത്. ശേഖരിച്ച മുലപ്പാല്‍ പാസ്ചറൈസേഷനിലൂടെ അണുവിമുക്തമാക്കി മൈക്രോ ബയോളജിക്കല്‍ ടെസ്റ്റ് വഴി അണുവിമുക്തമായെന്ന് ഉറപ്പുവരുത്തി ഡീപ് ഫ്രീസറില്‍ സൂക്ഷിക്കുന്നു. ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം അര്‍ഹരായ നവജാത ശിശുക്കള്‍ക്ക് ഇത്തരത്തില്‍ ശേഖരിച്ച പാസ്റ്ററൈസിഡ് ഡോണര്‍ ഹ്യൂമന്‍ മില്‍ക്ക് തീര്‍ത്തും സൗജന്യമായാണ് നല്‍കുന്നത്.
ആശുപത്രി സൂപ്രണ്ടിന്റെയും ശിശുരോഗ വിഭാഗത്തിലേയും നിയോ നാറ്റോളജി വിഭാഗത്തിലെയും തലവന്‍മാരായ ഡോക്ടര്‍മാരുടെയും, നോഡല്‍ ഓഫീസറിന്റെയും നേതൃത്വത്തിലാണ് പ്രവര്‍ത്തനം. നിലവില്‍ നഴ്‌സിംഗ് ഓഫീസര്‍ ഇന്‍ചാര്‍ജ്, കോര്‍ഡിനേറ്റര്‍ , നഴ്‌സിംഗ് ഓഫീസര്‍മാര്‍, ജെ.പിഎച്ച്എന്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നു. പരിശീലനം കിട്ടിയ നേഴ്‌സ്മാര്‍ പ്രസവാനന്തര വാര്‍ഡുകളില്‍ അമ്മമാര്‍ക്ക് കൗണ്‍സിലിങ്ങും ബോധവത്കരണവും നല്‍കുന്നു.