സഞ്ചാരികളേ ഇതിലേ… മലബാര്‍ റിവര്‍ ഫെസ്റ്റിവലിന് നാളെ തുടക്കം

Kerala

കോഴിക്കോട്: മലബാറിന്റെ മലയോര മേഖലയുടെ ഉത്സവമായ ഒന്‍പതാമത് മലബാര്‍ റിവര്‍ ഫെസ്റ്റിവലിന് നാളെ തുടക്കം. ചാലിപ്പുഴയിലും ഇരുവഴിഞ്ഞിപ്പുഴയിലും നടക്കുന്ന അന്താരാഷ്ട്ര വൈറ്റ് വാട്ടര്‍ കയാക്കിംഗ് ചാമ്പ്യന്‍ഷിപ്പ് നാളെ രാവിലെ 10 മണിക്ക് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്യും. പുലിക്കയത്താണ് പ്രധാന മത്സരങ്ങള്‍ നടക്കുക. വിനോദസഞ്ചാര വകുപ്പ്, ജില്ലാപഞ്ചായത്ത്, കോടഞ്ചേരി, തിരുവമ്പാടി ഗ്രാമപഞ്ചായത്തുകള്‍, ഡി ടി പി സി, സ്‌പോണ്‍സര്‍മാര്‍ എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്.

കേരള അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റി, ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍, ഇന്ത്യന്‍ കയാക്കിങ് ആന്‍ഡ് കനോയിങ് അസോസിയേഷന്‍ എന്നിവയുമായി ചേര്‍ന്ന് മലയോര മേഖലയിലെ ടൂറിസം സാധ്യതകളുടെ വികസനം ലക്ഷ്യമിട്ടാണ് കയാക്കിങ്ങ് മത്സരങ്ങള്‍ നടത്തുന്നത്.

ആഗസ്റ്റ് ആറിന് വൈകുന്നേരം 4.30ന് ഇലന്തുകടവില്‍ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. 1.65 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച കയാക്കിങ് സെന്ററും മന്ത്രി ഉദ്ഘാടനം ചെയ്യും. ഫെസ്റ്റിവലിന്റെ ഭാഗമായി ആഗസ്റ്റ് നാലിന് വൈകീട്ട് 6 മണിക്ക് പുലിക്കയത്ത് കനല്‍ ഫോക് മ്യൂസിക് ബാന്‍ഡിന്റെ നാടന്‍ പാട്ടുകളും ആഗസ്റ്റ് ആറിന് വൈകീട്ട് 6 മണിക്ക് പുല്ലൂരാംപാറയില്‍ തിറയാട്ടം നാടന്‍ പാട്ട് മേളയും അരങ്ങേറും.