ശിശുക്ഷേമ സമിതിക്ക് അദീബ് & ഷഫീന ഫൗണ്ടേഷന്‍ നിര്‍മ്മിച്ച് നല്‍കിയ വീടിന്‍റെ ഗൃഹപ്രവേശനം നടന്നു

Thiruvananthapuram

തിരുവനന്തപുരം: തലസ്ഥാനത്തെ ശിശുക്ഷേമ സമിതിക്ക് അദീബ് & ഷഫീന ഫൗണ്ടേഷന്‍ നിര്‍മ്മിച്ച് നല്‍കിയ ബഹുനിലമന്ദിരമായ വീട് ബാലിക മന്ദിരത്തിലെ ഗൃഹപ്രവേശനം ഉത്സവാന്തരീക്ഷത്തില്‍ നടന്നു. ഉച്ചയ്ക്ക് 12 മണിയോടെ ബാലിക മന്ദിരത്തിലെ താമസക്കാരായ വൈഷ്ണവി, ബബിത, മിന്നു, നേഹ, ശ്രീക്കുട്ടി, അന്‍വിത, അദവിക, വൈഷ്ണവി, അഭികാമി, ധ്വനി, ഫേബ എന്നീ കുട്ടികള്‍ ജനറല്‍ സെക്രട്ടറി ജി എല്‍ അരുണ്‍ ഗോപിയുടേയും, അദീബ് ആന്‍ഡ് ഷഫീന ഫൗണ്ടേഷന്‍ പ്രതിനിധി സനീര്‍ പി എ തുടങ്ങി മറ്റ് വിശിഷ്ട വ്യക്തികളുടേയും കൈപിടിച്ച് പുതിയ വീട്ടിലേക്ക് പ്രവേശിച്ചു. തുടര്‍ന്ന് സംസ്ഥാന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ജി എല്‍ അരുണ്‍ ഗോപി, അദീബ് ആന്‍ഡ് ഷഫീന ഫൗണ്ടേഷന്‍ പ്രതിനിധി സനീര്‍ പി എ, മാധവി ചന്ദ്രന്‍, വൈസ് പ്രസിഡന്റ് പി സുമേശന്‍, ജോയിന്റ് സെക്രട്ടറി മീര ദര്‍ശക്, ട്രഷറര്‍ കെ ജയപാലന്‍, എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം ഒ. എം ബാലകൃഷ്ണന്‍,
ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷാനിഗ ബീഗം, എന്നിവര്‍ നിലവിളക്ക് കൊളുത്തി. തുടര്‍ന്ന് 1990 ല്‍ ശിശുക്ഷേമ സമിതിയില്‍ നിന്നു ദത്തുപോയ പ്രശസ്ത നര്‍ത്തകി മാധവി ചന്ദ്രന്‍ പുതിയ വീടിന് പാല് കാച്ചലിന് നേതൃത്വം നല്‍കി. പത നുരഞ്ഞപ്പോള്‍ സമിതിയിലെ കുരുന്നുകളും പാലിലേക്ക് അരി തൂകി പങ്കാളികളായി. തുടര്‍ന്ന് നടുത്തളത്തില്‍ കെട്ടിയ ഊഞ്ഞാലില്‍ കുരുന്നുകള്‍ ആടി പുതിയ വീടിനെ ആഘോഷമാക്കി.

നിലവില്‍ അമ്മത്തൊട്ടിലിലൂടെയും മറ്റ് തരത്തിലും ശിശുക്ഷേമ സമിതിയുടെ പരിചരണ കേന്ദ്രത്തിലെത്തുന്ന കുട്ടികളെ ആറ് വയസ് കഴിയുമ്പോള്‍ മറ്റിടങ്ങളില്‍ മാറ്റേണ്ട അവസ്ഥയായിരുന്നു. പുതിയ മന്ദിരം തുറന്നതോടെ ഈ കുട്ടികള്‍ക്ക് പ്രായപൂര്‍ത്തിയാകുന്നതുവരെ ഇനി എല്ലാ സ്വാതന്ത്രത്തോടെയും, സമിതിയിലെ അമ്മമാരുടെ കരുതലില്‍ വളരാനാകും. കൂടാതെ നിരാലംബരായ പെണ്‍കുട്ടികള്‍ക്ക് താമസം, ഭക്ഷണം, വിദ്യാഭ്യാസം, ജീവിത നൈപുണ്യ പരിശീലനം ഇവ ഒരുക്കി ശിശുക്ഷേമ സമിതിയുടെ വീട്ടില്‍ പാര്‍പ്പിക്കും.

കഴിഞ്ഞ ജനുവരി 11ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത കെട്ടിടത്തില്‍ തിരുവനന്തപുരം ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ അനുവാദത്തോടെയാണ് കുട്ടികളെ മാറ്റിയത്. 6 നും 18 നു ഇടയില്‍ പ്രായമുള്ള 11 കുട്ടികളെയാണ് ആദ്യഘട്ടത്തില്‍ ഇവിടേയ്ക്ക് താമസിപ്പിക്കുക. കൂടുതല്‍ കുട്ടികള്‍ വരുന്ന മുറയ്ക്ക് ഇവിടെ താമസം അനുവദിക്കും.

തൈയ്ക്കാട് ശിശുക്ഷേമ സമിതി ആസ്ഥാനത്ത് അഞ്ച് നിലകളിലായി 4.5 കോടി രൂപയ്ക്ക് 18,000 ചതുരശ്ര അടിയില്‍ സൗകര്യങ്ങള്‍ ഉള്ള മന്ദിരമാണ് അദീബ് & ഷഫീന ഫൗണ്ടേഷന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ശിശുക്ഷേമ സമിതിക്ക് നിര്‍മ്മിച്ച് നല്‍കിയത്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമുള്ള പ്രത്യേക ഡോര്‍മെറ്ററികള്‍, രണ്ട് കൗണ്‍സിലിംഗ് മുറികള്‍, ആറ് ക്ലാസ് റൂമുകള്‍, ലൈബ്രറികള്‍, കമ്പ്യൂട്ടര്‍ റൂമുകള്‍, മെസ് ഹാള്‍, അടുക്കള, ടോയിലേറ്റ് സൗകര്യം എന്നിവ ഈ ബഹുനില മന്ദിരത്തില്‍ ഉണ്ട്.

സാമൂഹ്യക്ഷേമ പ്രവര്‍ത്തനം നടത്തുന്ന എന്‍ ജി ഒ ആണ് അദീബ് ആന്റ് ഷഫീന ഫൗണ്ടേഷന്‍, ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ് എംഡി അദീബ് അഹമ്മദിന്റേയും, ഭാര്യയും, ട്വന്റി ഫോര്‍ടീന്‍ ഹോള്‍ഡിംഗ്‌സ് ഡയറക്ടറുമായ ഷഫീന യൂസഫ് അലിയുടേയും നേതൃത്വത്തിലാണ് അദീബ് ആന്‍ഡ് ഷഫീന ഫൗണ്ടേഷന്‍ പ്രവര്‍ത്തിക്കുന്നത്.