മുജാഹിദ് സംസ്ഥാന സമ്മേളനത്തിന് തുടക്കമായി; വിശ്വാസികള്‍ നന്മയുടെ അമ്പാസിഡര്‍മാരാകണമെന്ന് ശൈഖ് നാസിര്‍ അല്‍ അനസി

Kerala News

എ വി ഫര്‍ദിസ്

നിങ്ങളുടെ വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലില്‍ അയക്കുക. വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാവുന്നതിന് 8289857951 എന്ന നമ്പറിലേക്ക് പേരും സ്ഥലവും മെസേജ് ചെയ്യുക

കോഴിക്കോട്: (സലഫി നഗര്‍) ഐക്യ കേരള സംഘത്തിന്റെ തട്ടകങ്ങളിലൊന്നായിരുന്ന മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തിന് കോഴിക്കോട് സ്വപ്‌ന നഗരിയില്‍ ഉജ്ജ്വല തുടക്കം. പതിനായിരങ്ങള്‍ ഉദ്ഘാടന സമ്മേളനത്തിന് സാക്ഷികളാകാന്‍ എത്തി. സൗദി എംബസി അറ്റാഷെ ശൈഖ് ബദര്‍ നാസിര്‍ അല്‍ അനസി മഹാസമ്മേളനം ഉദ്ഘാടനം ചെയ്തു. ഇസ്‌ലാമിന്റെ നന്മകളുടെ അംബാസിഡര്‍മാരായി വിശ്വാസികള്‍ മാറണമെന്ന് ബദര്‍ നാസര്‍ അല്‍ അനസി അഭിപ്രായപ്പെട്ടു. ഇസ്‌ലാം പഠിപ്പിക്കുന്ന മധ്യമനിലപാട് സ്വീകരിക്കാനും നന്മയുടെ വാഹകരാകാനും മുസ്‌ലിംകള്‍ തയ്യാറാകണമെന്നും അദ്ദേഹം
ആവശ്യപ്പെട്ടു. തീവ്രവാദവും വിഭാഗീയതയും വെടിഞ്ഞു സമാധാനപരമായ സഹവര്‍ത്തിത്വത്തിന്റെ മാതൃക തീര്‍ക്കാന്‍ കഴിയണം. ഇസ്‌ലാം പ്രയോഗികമാണ്, എല്ലാ കാലത്തും എല്ലാ നാഗരിക സമൂഹത്തിലും പ്രസക്തമാണ് ഇസ്‌ലാം.

പ്രവാചകന്‍ ബഹുസ്വരസമൂഹത്തില്‍ എങ്ങനെ ജീവിക്കണമെന്നു പഠിപ്പിച്ചിട്ടുണ്ട്. മനുഷ്യര്‍ക്ക് പ്രയാസം ഉണ്ടാക്കരുത്, വെറുപ്പിക്കരുത്, അകറ്റരുത് എന്ന പ്രവാചക സന്ദേശം മുസ്‌ലിംകള്‍ ഉള്‍ക്കൊള്ളണമെന്നും അറ്റാഷെ പറഞ്ഞു. ഇസ്ലാമിന്റെ വിശ്വാസ അടിത്തറയില്‍ നിന്നു കൊണ്ടു പരസ്പരം ഉള്‍കൊള്ളലിന്റെ
സന്ദേശം ലോകമുസ്‌ലിംകള്‍ പിന്തുടരണം. അനൈക്യം മുസ്ലീം ലോകത്തെ തകര്‍ക്കും. നന്മക്കു വേണ്ടി ഒന്നിച്ചു നീങ്ങണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ വിശേഷിച്ചു കേരളത്തിലെ ഇസ്‌ലാമിക പ്രവര്‍ത്തനം മാതൃകാപരമാണ്. സൗദി അറേബ്യയും ഇസ്‌ലാമിക മന്ത്രാലയവും ലോകത്തിനു നല്ല രീതിയിലുള്ള നേതൃത്വമാണ് നല്‍കിയത്. അവിടുത്തെ ഭരണാധികാരികള്‍ മുസ്‌ലിം ലോകത്തിന് ചെയ്യുന്ന സേവനം മഹത്തരമാണെന്നും അദ്ദേഹം പറഞ്ഞു.

കെ എന്‍ എം സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്ലകോയ മദനി ആമുഖ ഭക്ഷണം നിര്‍വഹിച്ചു. കെ എന്‍ എം ജനറല്‍ സെക്രട്ടറി എം മുഹമ്മദ് മദനി അധ്യക്ഷത വഹിച്ചു. ഗോവ ഗവര്‍ണര്‍ അഡ്വ. പി എസ് ശ്രീധരന്‍ പിള്ള മുഖ്യാതിഥിയായി. സമ്മേളന സുവനീര്‍ ബിനോയ് വിശ്വം എം പി മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം പി അഹമ്മദിന് നല്‍കി പ്രകാശനം ചെയ്തു. ആള്‍ ഇന്ത്യ അഹ്‌ലേ ഹദീസ് പ്രസിഡന്റ് മൗലാനാ അസ്ഗര്‍ അലി ഇമാം മഹ്ദി അസ്സലഫി, സ്വാഗതസംഘം ചെയര്‍മാന്‍ എ പി അബ്ദുസമദ്, ഡി സി സി സെക്രട്ടറി നിജേഷ് അരവിന്ദന്‍, സി പി ഐ ജില്ലാ സെക്രട്ടറി കെ കെ ബാലന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പി കെ അഹമ്മദ്, ഡോ. ഹുസൈന്‍ മടവൂര്‍, എന്‍ കെ മുഹമ്മദലി, ഡോ കെ മൊയ്തു, വി കെ സക്കരിയ്യ, തുടങ്ങിയവര്‍ സംബന്ധിച്ചു. തുടര്‍ന്ന് നടന്ന ഇസ്‌ലാമിക് സമ്മിറ്റ് മലേഷ്യയിലെ ഹുസൈന്‍ യീ ഉദ്ഘാടനം ചെയ്തു. ഡോ പി പി മുഹമ്മദ് അധ്യക്ഷതവഹിച്ചു. എം എം അക്ബര്‍, സുബൈര്‍ പീടിയേക്കല്‍, പി പി അബ്ദുസലാം മോങ്ങം, മുസ്തഫ ബാഗ്ലൂര്‍, ഷബീര്‍ കൊടിയത്തൂര്‍ പ്രസംഗിച്ചു.

രണ്ടാം ദിവസമായ വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ഖുര്‍ആന്‍ സെമിനാര്‍, 12.40ന് പ്രധാന പന്തലില്‍ ജുമുഅ നമസ്‌കാരം എന്നിവ നടക്കും. രണ്ട് മണിക്ക് ലഹരി വിരുദ്ധ സമ്മേളനം കേന്ദ്ര മന്ത്രി വി മുരളീധരന്‍ ഉദ്ഘാടനം ചെയ്യും. എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് ഐ പി എസ് അതിഥിയാവും. 4 മണിക്ക് നവോത്ഥാന സമ്മേളനം കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എം പി ഉദ്ഘാടനം ചെയ്യും. മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എസ് വൈ ഖുറേഷി മുഖ്യാതിഥിയാവും. 6.45 ന് സെക്യുലര്‍ കോണ്‍ഫറന്‍സ് നിയമസഭാ സ്പീക്കര്‍ അഡ്വ. എ എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *