കേരളം തലകുനിക്കേണ്ടിവരും

Opinions

സാമൂഹ്യ വര്‍ത്തമാനം / കെ കെ സുരേന്ദ്രന്‍

വാസു ഏട്ടനെ മോചിപ്പിക്കണമെന്ന ആവശ്യമുന്നയിച്ചുള്ള സാംസ്‌കാരിക പ്രവര്‍ത്തകരുടെ ഒത്തുചേരലില്‍ പങ്കെടുക്കുന്നതിനായി കോഴിക്കോട്ടേക്ക് പുറപ്പെടുമ്പോള്‍ ആധാര്‍ കാര്‍ഡുകൂടി കയ്യിലെടുത്തിരുന്നു. കഴിഞ്ഞ ഒരാഴ്ചയോളമായി സബ് ജയിലില്‍ കഴിയുന്ന വാസുവേട്ടനെ വൈകിട്ട് മൂന്നുമണിക്കുള്ള പരിപാടി തുടങ്ങുന്നതിനു മുമ്പായി കോഴിക്കോട് ജയിലിലെത്തി കാണണമെന്നായിരുന്നു അല്‍പം നേരത്തെ ചുരമിറങ്ങാന്‍ കാരണം. അവിടെയെത്തിയ എനിക്ക് നിരാശയായിരുന്നു ഫലം. ഇന്നെന്തായാലും കാണാന്‍ പറ്റില്ലെന്നായിരുന്നു ജയില്‍ അധികൃതരുടെ നിലപാട്. ചോദ്യങ്ങളെത്തുടര്‍ന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞത് ഇനി അടുത്ത തിങ്കളാഴ്ചയെ കാണിക്കൂ എന്നാണ്. കൂടുതല്‍ ചോദ്യങ്ങള്‍ക്ക് മുതിരാതെ ഞാന്‍ യോഗസ്ഥലത്തേക്ക് പോയി.

96 വയസ്സുള്ള വാസുവേട്ടന്‍ ക്ഷീണിതനോ രോഗിയോ ആണോ എന്നു ഞാന്‍ സംശയിക്കുന്നു. തലോജ ജയിലില്‍ കിടന്ന് 84 വയസ്സുള്ള ഫാ: സ്റ്റാന്‍ സ്വാമി മരിച്ചതോര്‍ക്കുമ്പോള്‍ എന്റെ വ്യാകുലത ഇരട്ടിക്കുന്നു. ഇത് ബി ജെ പി ഭരിക്കുന്ന മഹാരാഷ്ട്രയല്ല കേരളമാണെന്നാണ് പിണറായിസ്റ്റുകളായ CPM കാര്‍ പറയുന്നത്. നിരോധിത സംഘടനയെ സഹായിച്ചതിനാല്‍ എന്തായാലും കേസുണ്ടാകുമെന്നും പിണറായി ഇപ്പോള്‍ ജയിലില്‍ നല്ല ഭക്ഷണം കൊടുക്കുന്നതിനാല്‍ കിളവന്‍ ജാമ്യമെടുക്കാത്തതാണെന്നും വരെ അന്തമില്ലാത്ത ന്യായീകരണങ്ങള്‍ തൊഴിലാളി വര്‍ഗ്ഗപ്പാര്‍ട്ടിക്കാര്‍ ചമയ്ക്കുന്നുണ്ട്.

ഗാന്ധിജി ചര്‍ക്കയില്‍ നൂല്‍നൂറ്റത് പോലെ കുടയുണ്ടാക്കിയും ഫ്‌ലാസ്‌കില്‍ ചൂടുവെള്ളം കൊണ്ട്‌നടന്ന് കുടിച്ചും കുഴമ്പ് തേച്ച് കുളിച്ചും ആരോഗ്യത്തോടെ ജീവിച്ച്, ജീവിതം തന്നെ സന്ദേശമാക്കിയ മനുഷ്യനാണ് ഏ.വാസു. കര്‍ക്കിടക സുഖ ചികിത്സ നടത്തിയും അമേരിക്കയില്‍ പോയി ചികിത്സിച്ചും നമ്മെ ഭരിക്കുന്ന
നേതാക്കന്മാരുള്ള പാര്‍ട്ടിക്കാര്‍ക്കിത് മനസിലാവാന്‍ പ്രയാസമാണ്.

കോഴിക്കോട്ടെ യോഗത്തില്‍ കേട്ടതുപോലെ ജയിലില്‍ കിടക്കുന്ന വാസുവേട്ടനെന്തെങ്കിലും സംഭവിച്ചാല്‍ ഇനിയുള്ള കാലം കേരളം തല കുനിക്കേണ്ടിവരും. അദ്ദേഹത്തെ കാണാന്‍ സന്ദര്‍ശകരെ അനുവദിക്കാത്തതിന്റെ കാരണം നമുക്കറിയേണ്ടതുണ്ട്.