മുഹമ്മദ് റഫിക്ക് ഭാരതരത്‌നം; സംഗീതാസ്വദകരുടെ പാട്ടുറാലി 15ന്

Kerala

കോഴിക്കോട്: ഇന്ത്യന്‍ സംഗീത ലോകത്തെ ഗായക ചക്രവര്‍ത്തി മുഹമ്മദ് റഫിക്ക് രാജ്യത്തിന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്‌നം മരണാനന്തര ബഹുമതിയായി നല്‍കണമെന്നാവശ്യപ്പെട്ട് ക്യാമ്പയിന്‍ തുടങ്ങുന്നതായി റഫി ആസ്വാദകരുടെയും സംഗീത സംഘടനകളുടെയും കൂട്ടായ്മ കോഴിക്കോട്ട് വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. ക്യാമ്പയിനിന്റെ ഭാഗമായി പാട്ടുറാലി ഈ മാസം 15ന് രാവിലെ 10 മണിക്ക് എല്‍ ഐ സി കോര്‍ണറില്‍ നടക്കും. പ്രസ്സ് ക്ലബ് പ്രസിഡന്റ് എം ഫിറോസ് ഖാന്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. റഫി ഗായകരുടെ പാട്ടുവണ്ടിയും റഫി ഫാന്‍സിന്റെ ബൈക്ക് റാലിയും നഗരത്തിന്റെ വിവിധയിടങ്ങളില്‍ റഫി ഗാനങ്ങളുടെ അകമ്പടിയോടെ കാമ്പയിന്‍ സന്ദേശം കൈമാറും. വൈകിട്ട് 5 മണിക്ക് കോര്‍പ്പറേഷന്‍ ഓഫീസിന് മുന്‍വശത്ത് സമാപിക്കും.

ഭാരത രത്‌നം റഫിയ്ക്ക് നല്‍കണമെന്ന ദേശീയ കാമ്പയിന്‍ നിലവില്‍ ഇന്ത്യ മുഴുവന്‍ നടന്നു വരികയാണ്. റഫി സാബിന്റെ ജന്മ ശതാബ്ദി വേളയില്‍ അദ്ദേഹത്തിനര്‍ഹമായ ഈ ബഹുമതി മരണാനന്തര പുരസ്‌കാരമായി സമ്മാനിക്കണമെന്നാണ് ലോകം മുഴുവനുമുള്ള മുഹമ്മദ് റഫി ആസ്വാദകര്‍ ഒന്നടങ്കം ആവശ്യപ്പെടുന്നതെന്ന് കാമ്പയിന്‍ ചെയര്‍മാന്‍ ടി പി എം ഹാഷിര്‍ അലി പറഞ്ഞു. ഇതിനായി മുംബൈ ആസ്ഥാനമായി ചലച്ചിത്ര പ്രവര്‍ത്തകരും സംഗീതജ്ഞരും രംഗത്തിറങ്ങിക്കഴിഞ്ഞു.

ഇന്ത്യന്‍ ദേശീയതക്ക് വേണ്ടി നിരവധി ഗാനങ്ങളാലപിച്ച് സൈനികരുടെയും ഭരണാധികാരികളുടെയും പ്രശംസ നേടിയ റഫിയെന്ന സംഗീത കുലപതിക്ക് ഭാരതരത്‌നം തികച്ചും അര്‍ഹമായതാണ്. ജവഹര്‍ലാല്‍ നെഹ്‌റു തൊട്ടുള്ള പ്രധാനമന്ത്രിമാരുടെയും ആദ്യകാല പ്രസിഡന്റ്മാരുടെയും പ്രിയ ഗായകന്‍ കൂടിയായിരുന്നു മുഹമ്മദ് റഫി സാബ്. പഴയതും പുതിയതുമായ ഒട്ടുമിക്ക ഗായകരും ഗുരുസ്ഥാനീയനായി കാണുന്നതും റഫി സാഹിബിനെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംഗീതജ്ഞരായ എം.എസ്.സുബ്ബലക്ഷ്മിക്കും ഉസ്താദ് ബിസ്മില്ലാ ഖാനും പണ്ഡിറ്റ് രവിശങ്കറിനും ഭീംസെന്‍ ജോഷിക്കും ഭൂപന്‍ ഹസാരികക്കും ലഭിച്ച ഭാരതരത്‌ന, നിരവധി ഭാഷകളില്‍ ജനപ്രിയ ഗാനങ്ങളും ബജന്‍സും ഖവ്വാലിയും ഗസലുകളുമാലപിച്ച ഹിന്ദുസ്ഥാനി സംഗീതത്തിലെ ഗാന ചക്രവര്‍ത്തിയായിരുന്ന മുഹമ്മദ് റഫിക്ക് നല്‍കുന്നത് അദ്ദേഹത്തോട് രാഷ്ട്രം ചെയ്യുന്നത് ആദരവായിരിക്കും. 2024 റഫി ജന്മശതാബ്ദി ആഘോഷ വര്‍ഷമാണ്. കഴിഞ്ഞ ജൂലൈ 31 മുതല്‍ ഡിസം 24 വരെ ഇന്ത്യയില്‍ ഇതിനായുള്ള കാമ്പയിന്‍ നടത്താനാണുദ്ദേശിക്കുന്നതെന്ന് കണ്‍വീനര്‍ ആര്‍. ജയന്ത് കുമാര്‍ പറഞ്ഞു. പത്ര സമ്മേളനത്തില്‍ ട്രഷറര്‍ പ്രകാശ് പോതായ, വൈസ് ചെയര്‍മാന്‍ എന്‍ സി അബ്ദുല്ലക്കോയ, ജാഥ ക്യാപ്റ്റന്‍ കെ കെ ചന്ദ്രഹാസന്‍ എന്നിവരും പങ്കെടുത്തു.