ഇഷ്ട ബ്രാന്‍റും മാന്യമായ പെരുമാറ്റവും; ഓണത്തിന് മുഖം മിനുക്കി മദ്യവില്‍പ്പന ശാലകള്‍

Kerala

തിരുവനന്തപുരം: ഇത്തവണത്തെ ഓണാഘോഷത്തിനായി മദ്യവില്‍പ്പന ശാലകളില്‍ എത്തുന്നവര്‍ക്ക് ഇഷ്ട ബ്രാന്റുകള്‍ തന്നെ ലഭിക്കും. മാന്യമായ പെരുമാറ്റവും ജീവനക്കാരില്‍ നിന്ന് ഉണ്ടാകും. മദ്യത്തിന്റെ വില്‍പ്പന കൂട്ടുന്നതിനുള്ള നിര്‍ദേശങ്ങളില്‍ ജീവനക്കാരോടാണ് ഇക്കാര്യങ്ങള്‍ നിര്‍ദേശിച്ചിരിക്കുന്നത്. വെബ്‌കോ എം ഡിയാണ് പ്രത്യേക നിര്‍ദേശം പുറപ്പെടുവിച്ചത്. നേരത്തെ ഔട്ട്‌ലെറ്റുകളില്‍ കെട്ടിക്കിടക്കുന്നതും വിലകൂടിയതുമായ മദ്യം പ്രത്യേക വിലക്കിഴിവോടെ വിറ്റഴിച്ച് മദ്യം വാങ്ങാനെത്തുന്നവരെ ഞെട്ടിച്ചിരുന്നു.

സര്‍ക്കാറിന്റെ വരുമാനം കൂട്ടുന്നതിനാണ് ജനത്തിനെ മദ്യം കൂടുതല്‍ കഴിപ്പിക്കാനുള്ള നീക്കം. നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് നഷ്ടം വരുത്തുന്ന ജീവനക്കാര്‍ക്ക് ബോണസ് അടക്കം ആനുകൂല്യങ്ങളുണ്ടാകില്ലെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. മദ്യത്തിന്റെ വില്‍പ്പനയില്‍ ഇത്തവണത്തെ ഓണവേളയില്‍ റിക്കോര്‍ഡ് വില്‍പ്പന ഉണ്ടാകണമെന്ന വാശിയിലാണ് വെബ്‌കോ.

സാധാരണ ഉത്സവ സീസണുകളില്‍ റെക്കോഡ് വില്‍പ്പന ഉണ്ടാകാറുണ്ട്. എന്നാല്‍ സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന അവസരത്തില്‍ കഴിയുന്നത്ര വരുമാനം മദ്യവില്‍പ്പനയിലൂടെ നേടുകയാണ് ലക്ഷ്യം. അതുകൊണ്ട് തന്നെ മദ്യം വാങ്ങാന്‍ ഔട്‌ലെറ്റിലെത്തുന്നവര്‍ക്ക് ബുദ്ധിമുട്ടൊന്നും ഉണ്ടാകരുതെന്ന് വെയ്ര്‍ഹൗസ് ഔട്ട് ലെററ് മാനേജര്‍മാര്‍ക്കുള്ള നിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട്. ഉപഭോക്താക്കള്‍ കാണുന്ന രീതിയില്‍ സ്റ്റോക്ക് പ്രദര്‍ശിപ്പിക്കണമെന്നും സര്‍ക്കാറിന്റെ സ്വന്തം ബ്രാന്റായ ജവാന്‍ റമ്മിന്റെ വില്‍പ്പന പ്രോത്സാഹിപ്പിക്കണമെന്നും ജീവനക്കാര്‍ക്കുള്ള നിര്‍ദേശത്തിലുണ്ട്.

ഔട്ട്‌ലെറ്റുകളില്‍ ഡിജിറ്റല്‍ പണം ഇടപാട് പ്രോത്സാഹിപ്പിക്കാന്‍ പ്രത്യേക കരുതലും ഉണ്ടാകും. ഡിജിറ്റല്‍ ഇടപാടില്‍ മുന്നില്‍ വരുന്ന മൂന്ന് ഔട്ട് ലൈറ്റുകള്‍ക്ക് അവാര്‍ഡും ഏര്‍പ്പെടുത്തിയിട്ടണ്ട്. മദ്യം വാങ്ങാനെത്തുന്നവരെ പ്രയാസപ്പെടുത്താതെ എത്രയും നല്‍കണമെന്നും തിക്കിത്തിരക്കും നീണ്ട ക്യൂവും ഒഴിവാക്കി ഔട്ട് ലെററുകള്‍ വൃത്തിയായി സൂക്ഷിക്കണമെന്നുമാണ് നിര്‍ദേശം. ഇത്തവണ ഓണാഘോഷത്തിന് മദ്യം വാങ്ങാനെത്തുന്നവര്‍ക്ക് ഇഷ്ടമുള്ള ബ്രാന്റ് പ്രയാസമില്ലാതെ കിട്ടുമെന്നുറപ്പാണ്.