മക്കാ അന്താരാഷ്ട്ര ഇസ്ലാമിക സമ്മേളനം ഇന്ന്; ഡോ.ഹുസൈന്‍ മടവൂര്‍ പങ്കെടുക്കും

Gulf News GCC

മക്ക: സൗദി അറേബ്യന്‍ ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ നിര്‍ദ്ദേശപ്രകാരം സൗദി മതകാര്യ മന്ത്രാലയം സംഘടിപ്പിക്കുന്ന ദ്വിദിന അന്താരാഷ്ട്ര ഇസ്ലാമിക സമ്മേളനം ഇന്ന് മക്കയില്‍ ആരംഭിക്കും. മക്കാ ഹോട്ടല്‍ ഹില്‍ട്ടണ്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് പരിപാടി. എണ്‍പത്തിയഞ്ച് രാഷ്ട്രങ്ങളില്‍ നിന്നായി നൂറ്റിയമ്പത് പ്രതിനിധികള്‍ പങ്കെടുക്കും. ഇന്ത്യയില്‍ നിന്ന് ജംഇയ്യത്തുല്‍ ഉലമാ എ ഹിന്ദ് പ്രസിഡന്റും ദയൂബന്ദ് ദാറുല്‍ ഉലൂം പ്രിന്‍സിപ്പാളുമായ മൗലാനാ അര്‍ഷദ് മദനി, അഹ് ലെ ഹദീസ് പ്രസിഡന്റ് അസ്ഗര്‍ അലി ഇമാം മഹ്ദി, കെ.എന്‍.എം വൈസ് പ്രസിഡന്റ് ഡോ.ഹുസൈന്‍ മടവൂര്‍, ഡോ. അബ്ദുല്‍ മജീദ് സലാഹി ജാമിഅ നദവിയ്യ തുടങ്ങി പത്തോളം പണ്ഡിതന്മാര്‍ പങ്കെടുക്കും.

മനുഷ്യര്‍ക്കിടയില്‍ കൂടുതല്‍ സൗഹാര്‍ദ്ദവും സ്‌നേഹവും വളര്‍ത്തിയെടുക്കുക, ഇസ്ലാമിന്റെ മിതത്വവും ശാന്തി സന്ദേശവും പ്രചരിപ്പിക്കുക, തീവ്രവാദത്തിന്നെതിരില്‍ ബോധവല്‍ക്കരണം നടത്തുക, ഇസ്ലാമിന്റെ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും പഠിപ്പിക്കുക, ഇസ്ലാമിക സമൂഹങ്ങള്‍ക്കിടയില്‍ കൂടുതല്‍ സഹകരണവും ഐക്യവും വളര്‍ത്തിയെടുക്കുക തുടങ്ങിയ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ച് ചര്‍ച്ചക്ക് വിധേയമാക്കും. സൗദി രാജാവിന്റെ പ്രത്യേക സന്ദേശവുമുണ്ടാവും. ഇസ്ലാമിക മതകാര്യ വകുപ്പ് മന്ത്രി ഡോ. അബ്ദുല്‍ ലത്വീഫ് അബ്ദുല്‍ അസീസ് ആലുശൈഖ്, മക്കാ ഗവര്‍ണര്‍ ഖാലിദ് അല്‍ ഫൈസല്‍, മക്കാ മദീനാ ഹറം കാര്യാലയം ചെയര്‍മാനും മക്കാ ചീഫ് ഇമാമുമായ ഡോ.ശൈഖ് അബ്ദുറഹ് മാന്‍ അല്‍ സുദൈസ്, റാബിത്വ സെക്രട്ടരി ജനറല്‍ ഡോ. മുഹമ്മദ് അബ്ദുല്‍ കരീം അല്‍ ഈസാ തുടങ്ങിയവരും വിവിധ രാഷ്രങ്ങളിലെ ഇസ്ലാമിക വഖഫ് വകുപ്പ് തലവന്‍മാരും യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍മാരും മുഫ്തിമാരും പ്രമുഖ പണ്ഡിതന്മാരും ചിന്തകന്മാരും സംബന്ധിക്കും.