ഉമ്മന്‍ ചാണ്ടിയുടെ മരണത്തോടെ തകര്‍ന്നുപോയ കുടുംബത്തെപ്പോലും തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ സി പി എം ആക്രമിക്കുന്നത് കേരളത്തിനാകെ അപമാനം: ഡോ. ബിജു കൈപ്പാറേടന്‍

Kerala

തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടിയുടെ മരണത്തോടെ തകര്‍ന്നുപോയ കുടുംബത്തെപ്പോലും ഉപതെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ സി പി എം ഒറ്റതിരിഞ്ഞ് വേട്ടയാടുന്നതുകണ്ട് ജനാധിപത്യ കേരളം അപമാനഭാരത്താല്‍ തലകുനിക്കുകയാണെന്ന് RJD സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ബിജു കൈപ്പാറേടന്‍ അഭിപ്രായപ്പെട്ടു.

കേവലം ഒരു തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ ഇത്തരം ഹീനതന്ത്രങ്ങള്‍ ഉപയോഗിക്കുന്നതിനോട് സി പി ഐ പോലുള്ള ഇടതുമുന്നണിയിലെ ഘടകകക്ഷികള്‍ പോലും യോജിക്കുന്നുണ്ടാവില്ല. ഉമ്മന്‍ ചാണ്ടിയുടെ വേര്‍പാടില്‍ തകര്‍ന്നു പോയ കുടുംബത്തെ വേട്ടയാടുന്നത് ഭരണത്തകര്‍ച്ചയും അഴിമതിയും ഉള്‍പ്പടെയുളള രാഷ്ട്രീയമായ വിഷയങ്ങള്‍ ജനം ചര്‍ച്ച ചെയ്യാതിരിക്കുന്നതിനാണെന്ന് ഡോ. കൈപ്പാറേടന്‍ പറഞ്ഞു.

സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ജനവിരുദ്ധ സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. ഉമ്മന്‍ ചാണ്ടി ആരായിരുന്നുവെന്ന് പുതുപ്പള്ളിയിലെ ജനങ്ങള്‍ക്ക് നന്നായി അറിയാം. അത് അദ്ദേഹത്തിന്റെ മരണത്തോടെ സി പി എമ്മിനും ബോധ്യമുണ്ടായിട്ടുണ്ടാകും. ജീവിച്ചിരിക്കേ ഉമ്മന്‍ ചാണ്ടിയെ മാനം കെടുത്താനുളള സി.പി എം ന്റെ ശ്രമങ്ങള്‍ക്ക് പുതുപ്പള്ളി മറുപടി പറയും. ഉമ്മന്‍ ചാണ്ടിയെ കുരിശില്‍ തറയ്ക്കാന്‍ അവര്‍ ഏറ്റവും നിന്ദ്യരായവരെപ്പോലും നാടുനീളെ കൊണ്ടു നടന്ന് നാടകം നടത്തി. കോടതി ഉണ്ടായിരുന്നതു കൊണ്ടു മാത്രമാണ് സി.പി.എം കെട്ടിച്ചമച്ച ഇക്കിളിപ്പെടുത്തുന്ന കള്ളകഥകളില്‍ നിന്നും മരണത്തിനു മുമ്പ് ഉമ്മന്‍ ചാണ്ടി രക്ഷപെട്ടത്.

ഉമ്മന്‍ ചാണ്ടിയോട് സി.പി.എം ചെയ്ത ദ്രോഹം പുതുപ്പള്ളിക്കാര്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ല. അത് അവര്‍ വോട്ടിംഗില്‍ പ്രതിഫലിപ്പിക്ക മെന്ന് സി.പി.എമ്മിനറിയാം. അതാണ് അവരെ പരിഭ്രാന്തരാക്കുന്നത്. ഇമോഷണല്‍ ഡ്രാമ നടത്തി സി പി എം പുതുപ്പള്ളിക്കാരുടെ ഓര്‍മ്മശക്തിയെ വെല്ലുവിളിക്കുകയാണ്. പുതുപ്പള്ളിയിലെ വികസനം കഴിഞ്ഞ എട്ടു വര്‍ഷമായി ഇടതുസര്‍ക്കാര്‍ തടഞ്ഞുവെച്ചിരിക്കുകയാണെന്ന് ഡോ. കൈപ്പാറേടന്‍ ആരോപിച്ചു. സി പി എം പാര വെച്ചതുമൂലം പുതുപ്പള്ളിയില്‍ മുടങ്ങിക്കിടക്കുന്ന പദ്ധതികളെപ്പറ്റിയുളള ചര്‍ച്ചയും ആ മണ്ണില്‍ നടക്കണം.

ക്ഷേമപെന്‍ഷന്‍ മുടങ്ങിയത്, വിലക്കയറ്റം, ആരോഗ്യ / വിദ്യാഭ്യാസ മേഖലകളുടെ തകര്‍ച്ച, ഭരണത്തില്‍ കുടുംബാംഗങ്ങള്‍ നടത്തുന്ന ഇടപെടലുകള്‍, അഴിമതി, ക്രമസമാധാന തകര്‍ച്ച, കാര്‍ഷിക വിളകളുടെ വിലയിടിവ് തുടങ്ങിയ വിഷയങ്ങള്‍ പുതുപ്പള്ളിക്കാര്‍ ചര്‍ച്ച ചെയ്യുന്നതിനെ ഇജങ ഭയപ്പെടുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം പോലും കൊടുക്കാന്‍ കഴിയാത്ത ഭരണകൂടമാണ് കേരളം ഭരിക്കുന്നത്. പൊറുതിമുട്ടിയ ജനം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ നിലപാട് സ്വീകരിക്കുമെന്ന് ഉറപ്പായതോടെയാണ് ഉമ്മന്‍ ചാണ്ടിയുടെ കുംബത്തെ ആക്ഷേപിച്ച് സി.പി.എം രംഗത്തിറങ്ങിയിരിക്കുന്നത്.

പുതുപ്പള്ളിയില്‍ പ്രചാരണത്തിനെത്തുമ്പോള്‍ ഈ ജനാധിപത്യ വിരുദ്ധ പ്രവണതയെ ക്കുറിച്ച് സീതാറാം യച്ചൂരിയും വൃന്ദാ കാരാട്ടും എങ്ങനെയാവും പ്രതികരിക്കുക എന്നറിയാന്‍ രാഷ്ട്രീയ കേരളത്തിനു കൗതുകമുണ്ടെന്ന് ഡോ. കൈപ്പാറേടന്‍ പറഞ്ഞു. സി.പി.എം. എത്ര കള്ളങ്ങള്‍ പ്രചരിപ്പിച്ചാലും യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ വന്‍ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നു ഡോ. കൈപ്പാറേടന്‍ അഭിപ്രായപ്പെട്ടു.