സാമ്പത്തിക സ്ഥിതിയെ കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ ധവളപത്രമിറക്കണം: ആര്‍ ചന്ദ്രശേഖരന്‍

Kerala

കല്പറ്റ: സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് വ്യക്തതയില്ലാത്തതിനാല്‍ വിശദമായ ധവളപത്രമിറക്കണമെന്ന് ഐ എന്‍ ടി യു സി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഓണക്കാലത്ത് പോലും ക്ഷേമപദ്ധതികള്‍ നടപ്പിലാക്കാന്‍ സര്‍ക്കാരിന്റെ കൈയ്യില്‍ പണമില്ലാത്ത അവസ്ഥയാണ്. ഓണക്കിറ്റ് പോലും വെറും ഏഴ് ലക്ഷം പേര്‍ക്ക് മാത്രമായി ചുരുക്കിയിരിക്കുകയാണ്. ക്ഷേമനിധിയും ബോണസും കൊടുക്കാനാവുന്നില്ല. ഈ സാഹചര്യത്തില്‍ ജി എസ് ടി സംവിധാനമടക്കം ഏര്‍പ്പടുത്തിയിട്ടും എന്തുകൊണ്ടാണ് സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതി ഇത്രയേറെ വഷളാകാന്‍ കാരണമെന്ന് വിശദീകരിക്കാന്‍ തയ്യാറാകണമെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു.

തൊഴിലാളികള്‍ കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും അവരുടെ പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ കാണാതെ പോകുകയാണ്. പൊതുമേഖലാ സ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. തോട്ടം തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച മിനിമം വേതനം പോലും ലഭിക്കുന്നില്ല. നിരവധി ചര്‍ച്ചകള്‍ നടന്നിട്ടും മിനിമം വേതനം 700 രൂപയാക്കുമെന്ന പ്രഖ്യാപനം നടപ്പിലായിട്ടില്ല. സംസ്ഥാന മുഖ്യമന്ത്രി മിനിമം വേതനം 700 രൂപയായി പ്രഖ്യാപിച്ചാല്‍ ഏത് തൊഴിലാളിക്കും അത് നല്‍കാനുള്ള ബാധ്യതയുണ്ട്. ക്ഷേമനിധികള്‍ പൂര്‍ണമായി സ്തംഭിച്ച അവസ്ഥയിലാണ്. നിര്‍മ്മാണതൊഴിലാളി ക്ഷേമനിധി തകര്‍ന്നിരിക്കുകയാണ്. ആയിരം കോടി രൂപയാണ് ക്ഷേമനിധി ബോര്‍ഡിന് സര്‍ക്കാര്‍ നല്‍കാനുള്ളതെന്നും ചന്ദ്രശേഖരന്‍ ചൂണ്ടിക്കാട്ടി.

എയര്‍ ഇന്ത്യ, ഇന്ത്യന്‍ എയര്‍ലൈന്‍സ് അടക്കമുള്ള സ്ഥാപനങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ സ്വകാര്യവത്ക്കരിക്കുകയാണ്. കേന്ദ്രത്തിന്റെ ലക്ഷ്യം സ്ഥിരം തൊഴില്‍ ഇല്ലാതാക്കുകയാണ്. സ്ഥിരം തൊഴിലില്ലെങ്കില്‍ തൊഴിലാളികള്‍ക്ക് പി എഫ്, ഗ്രാറ്റിവിറ്റി ഉള്‍പ്പെടെ ലഭിക്കാത്ത സാഹചര്യമുണ്ടാകും. ഇത്തരത്തില്‍ തൊഴിലാളികള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന സാമൂഹ്യ സുരക്ഷാപദ്ധതികള്‍ ഇല്ലാതാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്.

സംസ്ഥാന സര്‍ക്കാരും തൊഴിലാളി വിരുദ്ധ നടപടികളുമായാണ് മുന്നോട്ടുപോകുന്നത്. തോട്ടം തൊഴിലാളികള്‍ക്ക് മാത്രമായി ഒരു ഭവനപദ്ധതി നടപ്പിലാക്കണമെന്ന ആവശ്യം ഇപ്പോഴും നടപ്പിലായിട്ടില്ല. തോട്ടം തൊഴിലാളികള്‍ക്ക് വെറും 41 രൂപ മാത്രമാണ് വേതനം വര്‍ധിപ്പിച്ചത്. ഓണക്കാലമായിട്ടും സാധാരണക്കാര്‍ക്കും തൊഴിലാളികള്‍ക്കും അനുകൂലമായ യാതൊരു നടപടികളും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നില്ല.

സിവില്‍ സപ്ലൈസ് വകുപ്പ് നോക്കുകുത്തിയായി മാറിയിരിക്കുകയാണ്. കര്‍ഷകന് സംഭരിച്ച നെല്ലിന്റെയടക്കം വില നല്‍കാന്‍ ഇതുവരെ തയ്യാറായിട്ടില്ല. ഫെസ്റ്റിവല്‍ അലവന്‍സിന്റെ കാര്യത്തില്‍ പോലും സര്‍ക്കാര്‍ മൗനം തുടരുകയാണ്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി സാമ്പത്തിക സ്ഥിതിയെ കുറിച്ച് ധവളപത്രമിറക്കണം. രാഷ്ട്രീയപാര്‍ട്ടികളെയും, ട്രേഡ് യൂണിയനുകളെയും വിളിച്ചുവരുത്തി യോഗം ചേരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഐ എന്‍ ടി യു സി ജില്ലാപ്രസിഡന്റ് പി പി ആലി, സംസ്ഥാന വൈസ് പ്രസിഡന്റ് ബി സുരേഷ് ബാബു എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.