‘ഇന്ത്യ’ മുന്നണിയെ ഇല്ലാതാക്കാന്‍ കേരളത്തിലെ മുന്നണികള്‍ ശ്രമിക്കുന്നു: ലോഹ്യ കര്‍മ്മ സമിതി

Thiruvananthapuram

തിരുവനന്തപുരം: ദേശീയതലത്തില്‍ ഇന്ത്യ മുന്നണിയിലെ കക്ഷികളായ സി പി എമ്മും കോണ്‍ഗ്രസ്സും കേരളത്തില്‍ ഇടതുമുന്നണിയായും ഐക്യ ജനാധിപത്യമുന്നണിയും മത്സരിച്ച് ബി ജെ പിക്കെതിരെ ഇന്ത്യയില്‍ രൂപീകരിച്ച ഇന്ത്യ മുന്നണിയെ തന്നെ അപ്രസക്തമാക്കുന്ന രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് ലോഹ്യ കര്‍മ്മ സമിതി സംസ്ഥാന കമ്മിറ്റി ആരോപിച്ചു.

കേരളത്തില്‍ പരസ്പരം മത്സരിക്കുകയും ആക്ഷേപം ഉന്നയിക്കുകയും ചെയ്തു ‘ഇന്ത്യ’ മുന്നണിയെ തന്നെ ഇല്ലാതാക്കിയിരിക്കുകയാണെന്നും യോഗം കുറ്റപ്പെടുത്തി. 2024ലെ പൊതു തെരഞ്ഞെടുപ്പില്‍ ഇന്ത്യ മുന്നണിയിലെ പ്രതിപക്ഷത്തിന് ഒരു സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ നേതാക്കള്‍ യോഗം കൂടി തീരുമാനമെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഇതിനായി ഐക്യ ജനാധിപത്യ മുന്നണിയും ഇടതുപക്ഷ ജനാധിപത്യമുന്നണിയും അവരുടെ കടമ നിര്‍വഹിക്കണമെന്ന് ലോഹ്യ കര്‍മ്മ സമിതി സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

പ്രതിപക്ഷ ഐക്യം തകര്‍ന്നാല്‍ അത് വര്‍ഗ്ഗീയ ശക്തികള്‍ക്ക് ഗുണകരമായി മാറുമെന്നും ബന്ധപ്പെട്ട രാഷ്ട്രീയപ്പാര്‍ട്ടികളുടെ ദേശീയ നേതാക്കള്‍ ഇതിനുവേണ്ട നടപടികള്‍ എടുക്കണമെന്നും ദേശീയതലത്തില്‍ സോഷ്യലിസ്റ്റ് ജനത ജനതാദള്‍ പാര്‍ട്ടികള്‍ ലയിച്ച് ഒറ്റ കക്ഷി ആകണമെന്നും യോഗം അഭിപ്രായപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് സോഷ്യലിസ്റ്റ് ജനതാദള്‍ നേതാക്കളെ ദേശീയതലത്തില്‍ കാണാന്‍ യോഗം തീരുമാനിച്ചു.

ആഗസ്റ്റ് 15 വര്‍ഗീയഭീകര വിരുദ്ധ ദിനമായി ലോഹ്യ കര്‍മ്മ സമിതി സംസ്ഥാന വ്യാപകമായി ആചരിച്ചു. തിരുവനന്തപുരത്ത് ജനശക്തി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സംസ്ഥാന പ്രസിഡണ്ട് മാന്നാനം സുരേഷ് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി മുണ്ടേല പ്രസാദ് യോഗം ഉദ്ഘാടനം ചെയ്തു. ലോഹ്യ കര്‍മസമിതി നേതാക്കളായ ബെന്നി തോമസ്, രാമ പ്രസാദ്, സന്തോഷ് പുളിക്കാന്‍, റിലാഷ് പാറശാല, രാജു കല്ലുകളും, അലി ഫാത്തിമ, സതീഷ് കുമാര്‍ ആലപ്പുഴ, രാജേഷ് മുളങ്കുഴ, സലീം പനംപാലം, ജിജി ഇടട്ടുച്ചിറ, തോമസ് പൊടിമറ്റം എന്നിവര്‍ പ്രസംഗിച്ചു.