അഷറഫ് ചേരാപുരം
ദുബൈ: യു എ ഇ അമ്പത്തിയൊന്നാമത് ദേശീയ ദിനാഘോഷത്തിലാവുമ്പോള്‍ റിയാസ് കില്‍ട്ടനും അഭിമാനം. താനുള്‍പ്പടെ ലക്ഷക്കണക്കിന് പ്രവാസികള്‍ക്ക് അന്നം നല്‍കിയ നാടിന്റെ ആഘോഷത്തില്‍ പങ്കെടുക്കുന്നുവെന്ന് മാത്രമല്ല തന്റെ പ്രപിതാക്കളായ നാലു തലമുറകള്‍ക്ക് ഈ നാടുമായി ബന്ധമുണ്ടെന്നു കൂടി അദ്ദേഹം ഓര്‍ക്കുകയാണ്.
കില്‍ട്ടണ്‍സ് ഗ്രൂപ്പിന്റെ ചെയര്‍മാനും ദുബൈ ആസ്ഥാനമായുള്ള ഇന്ത്യന്‍ വ്യവസായിയുമാണ് മുഹമ്മദ് റിയാസ് കില്‍ട്ടണ്‍. ദേശീയ ദിനത്തില്‍ ഇവിടുത്തെ പഴമക്കാര്‍ രാജ്യവുമായി ബന്ധപ്പെട്ട തങ്ങളുടെ സ്‌നേഹസ്മരണകള്‍ ഓര്‍ത്തെടുക്കുന്ന പ്രധാന അവസരമാണ്. റിയാസ് കില്‍ട്ടന്റെ കുടുംബത്തിലെ നാല് തലമുറകള്‍ ഈ നാടിനൊപ്പം സഞ്ചരിച്ചിട്ടുണ്ട്. 1948ല്‍ വല്യുപ്പയാണ് ആദ്യമായി ഇവിടെയിറങ്ങിയത്. ഹംസ അബൂബക്കര്‍ എന്ന ആ പിതാമഹന്റെ പിന്‍മുറക്കാരനായി 40 കാരനായ റിയാസും ഈ രാജ്യത്തിന്റെ ക്ഷേമത്തിലും അഭിവൃദ്ധിയിലും വ്യാപൃതനാണ്.
ഈ രാജ്യവുമായുള്ള തങ്ങളുടെ ആത്മബന്ധം സൂചിപ്പിക്കുന്ന നിരവധി ഫോട്ടോകളും രേഖകളും അദ്ദേഹത്തിന്റെ ഓഫീസിലെ ചുമരുകളില്‍ കാണാം. അല്‍ ഗുസൈസിലെ കെട്ടിടത്തിന്റെ ചുവരില്‍ ചരിത്രത്തിന്റെ ഈ നാഴികക്കല്ലുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.