തിരുവനന്തപുരം: സമകാലിക ജീവിതവൈവിധ്യങ്ങളുടെ നേര്‍ക്കാഴ്ച്ചയൊരുക്കുന്ന ലോകസിനിമാ വിഭാഗത്തില്‍ ഇക്കുറി വനിതകളുടെ ആധിപത്യം. ഈ വിഭാഗത്തിലെ 78 സിനിമകളില്‍ 25 ചിത്രങ്ങളും ഒരുക്കിയിരിക്കുന്നത് വനിതകളാണ്. 50 ലധികം രാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ലോക സിനിമാ വിഭാഗത്തില്‍ കാന്‍, ടൊറോന്റോ തുടങ്ങിയ മേളകളില്‍ ജനപ്രീതി നേടിയ ചിത്രങ്ങളും ഓസ്‌കാര്‍ നാമനിര്‍ദ്ദേശം ലഭിച്ച ചിത്രങ്ങളും ഉള്‍പ്പെടുന്നുണ്ട്.
ലോക പ്രശസ്ത ഫ്രഞ്ച് സംവിധായകരായ മിയ ഹാന്‍സെന്‍ ലൗ, ആലിസ് ദിയോപ്, താരിഖ് സലെ, ജര്‍മ്മന്‍ സംവിധായിക സെല്‍സന്‍ എര്‍ഗന്‍, മറിയം തുസ്സാനി, ഫിനീഷ്യന്‍ സംവിധായിക അല്ലി ഹാപ്പസാലോ, കാനില്‍ ഗോള്‍ഡന്‍ ക്യാമറ പുരസ്‌കാരം നേടിയ ലിയോണ സെറെ തുടങ്ങിയ വനിതകളുടെ പുതിയ ചിത്രങ്ങളാണ് ലോകസിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്.
അസുഖബാധിതനായ പിതാവിനെ പരിചരിക്കാന്‍ പ്രയാസപ്പെടുന്ന യുവതിയുടെ ജീവിതമാണ് മിയ ഹാന്‍സെന്‍ ലൗ വിന്റെ വണ്‍ ഫൈന്‍ മോര്‍ണിംഗ് പ്രമേയമാക്കിയിരിക്കുന്നത്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തെ ആധാരമാക്കി അപൂര്‍വ്വ സൗഹൃദത്തിന്റെ കഥപറയുന്ന സസ്‌കിയ ഡെയ്‌സിങിന്റെ ലോസ്റ്റ് ട്രാന്‍സ്‌പോര്‍ട്ട്, പുരുഷാധിപത്യം പ്രമേയമാക്കിയ ഇറാനിയന്‍ കുടുംബചിത്രം ലൈലാസ് ബ്രദേഴ്‌സ്, സ്വവര്‍ഗ്ഗരതിയുടെ പേരില്‍ നിയമനടപടികള്‍ നേരിടേണ്ടിവന്ന ഇറ്റാലിയന്‍ കവി എല്‍ദോ ബ്രൈബാന്റിയുടെ ജീവിതം വരച്ചു കാട്ടുന്ന ലോര്‍ഡ് ഓഫ് ആന്റ്‌സ് എന്നീ ചിത്രങ്ങളും ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.
ഇന്റര്‍നെറ്റ് പ്രതിഭാസമായ റൂള്‍ 34 നെ അടിസ്ഥാനമാക്കിയുള്ള ബ്രസ്സീലിയന്‍ ചിത്രം റൂള്‍ 34 ഉം ലോക സിനിമ വിഭാഗത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ലൊക്കാര്‍ണോ മേളയില്‍ മികച്ച സിനിമയായി തെരെഞ്ഞെടുക്കപ്പെട്ട ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജൂലിയാ മുറാത്താണ്. ലൊക്കാര്‍ണോ മേളയില്‍ മൂന്ന് പുരസ്‌കാരം നേടിയ സ്പാനിഷ് ചിത്രം ഐ ഹാവ് ഇലക്ട്രിക് ഡ്രീംസ് നൈമിഷികമായ ജീവിത യാഥാര്‍ഥ്യങ്ങളുടെ സങ്കീര്‍ണതയാണ് ചര്‍ച്ചചെയ്യുന്നത്. വാലെന്റിന മൗറേല്‍ ആണ് ചിത്രത്തിന്റെ സംവിധായിക.
യാഥാസ്ഥിതിക ചുറ്റുപാടുകള്‍ക്കെതിരെ ട്രാന്‍സ് വനിത നടത്തുന്ന ചെറുത്തുനില്‍പ്പിന്റെ ദൃശ്യാവിഷ്‌കാരമായ മാര്‍സെല്ല ഗോമെസ് ചിത്രം പലോമ, പാം ഡി ഓര്‍ ജേതാവ് റൂബെന്‍ ഓസ്ലന്‍ഡിന്റെ ആക്ഷേപഹാസ്യ ചിത്രം ട്രയാങ്കിള്‍ ഓഫ് സാഡ്‌നെസ്, താരിഖ് സലെയുടെ പൊളിറ്റിക്കല്‍ ത്രില്ലര്‍ ബോയ് ഫ്രം ഹെവന്‍, ലിംഗസമത്വത്തിന്റെയും തിരിച്ചറിവുകളുടെയും കഥ പറയുന്ന മറിയം തുസാനിയുടെ ബ്ലൂ കഫ്താന്‍, അറബ് വസന്തത്തിനു ശേഷം ടുണീഷ്യയില്‍ നിര്‍മ്മിച്ച ആദ്യ ചിത്രം ഹര്‍ഖ, ജാന്‍ ഗാസ്സ്മാന്‍ ചിത്രം 99 മൂണ്‍സ് തുടങ്ങിയ ചിത്രങ്ങള്‍ ലോക സിനിമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.
സ്വവര്‍ഗാനുരാഗികളുടെ ആത്മനൊമ്പരങ്ങളുമായി സ്റ്റാന്‍ഡ് ഔട്ടും ദി ബ്ലൂ കഫ്താനും
ട്രാന്‍സ് ജെന്‍ഡറുകളുടെയും സ്വവര്‍ഗാനുരാഗികളുടേയും ജീവിത പ്രതിസന്ധികളും ആത്മനൊമ്പരങ്ങളും ചര്‍ച്ചചെയ്യുന്ന രണ്ടു ചിത്രങ്ങള്‍ രാജ്യാന്തര മേളയില്‍ പ്രദര്‍ശിപ്പിക്കും. ദക്ഷിണാഫ്രിക്കന്‍ സംവിധായകനായ എത്യന്‍ ഫ്യുറിയുടെ സ്റ്റാന്‍ഡ് അപ്പ്, മറിയം ടൗസനി ചിത്രം ദി ബ്ലൂ കഫ്താന്‍ എന്നിവയാണ് ആഫ്രിക്കയില്‍ നിന്നും ഇത്തവണ മേളയില്‍ എത്തുന്നത്.
സ്വര്‍ഗാനുരാഗിയായ യുവാവിന്റെ കുടുംബജീവിതത്തെ ആധാരമാക്കിയാണ് എത്യന്‍ ഫ്യുറിയുടെ സ്റ്റാന്‍ഡ് അപ്പ് എന്ന ചിത്രം ഒരുക്കിയിരിക്കുന്നത്. എല്‍ ജി ബി റ്റി ക്യൂ വിഭാഗത്തിന്റെ പ്രണയത്തിനും അതിതീവ്രമായ ആഗ്രഹങ്ങള്‍ക്കും വേണ്ടിയുള്ള സഞ്ചാരമാണ് ചിത്രം പ്രമേയമാക്കുന്നത്.
മൊറോക്കോ പശ്ചാത്തലമാക്കി മറിയം ടൗസനി സംവിധാനം ചെയ്ത ദി ബ്ലൂ കഫ്താന്‍ സ്വവര്‍ഗാനുരാഗിയായ യുവാവിന്റെ സങ്കീര്‍ണ ജീവിതമാണ് ചിത്രീകരിക്കുന്നത്. ലോക സിനിമാ വിഭാഗത്തിലാണ് ഇരു ചിത്രങ്ങളും പ്രദര്‍ശിപ്പിക്കുന്നത്.
ഇറാനില്‍ നിരോധിച്ച ലൈലാസ് ബ്രദേഴ്‌സിന്റെ ഇന്ത്യയിലെ ആദ്യ പ്രദര്‍ശനം രാജ്യാന്തര മേളയില്‍
ഇറാനിലെ സാമ്പത്തിക പ്രതിസന്ധി പ്രമേയമാക്കി സയീദ് റുസ്തായി രചനയും സംവിധാനവും നിര്‍വഹിച്ച ലൈലാസ് ബ്രദേഴ്‌സ് രാജ്യാന്തര മേളയുടെ ലോക സിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. ഇറാന്‍ ഭരണകൂടത്തിന്റെ അനുമതിയില്ലാതെ കാന്‍ ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപിച്ച ചിത്രത്തിന് ഫിപ്രസി, സിറ്റിസണ്‍ഷിപ്പ് പുരസ്‌കാരങ്ങള്‍ ലഭിച്ചിരുന്നു. തുടര്‍ന്ന് ഇറാനിയന്‍ സര്‍ക്കാര്‍ നിരോധിച്ച ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യ പ്രദര്‍ശനമാണ് മേളയിലേത്.
മാതാപിതാക്കള്‍ക്കും നാല് സഹോദരന്മാര്‍ക്കുമായി ജീവിതം മാറ്റിവച്ച ലൈല എന്ന 40 കാരിയുടെ അതിജീവനമാണ് ചിത്രത്തിന്റെ പ്രമേയം. ഇറാനിലെ സാമ്പത്തിക പ്രതിസന്ധിയില്‍ വലയുന്ന സാധാരണക്കാരന്റെ നേര്‍ചിത്രം കൂടിയാണ് ചിത്രം വരച്ചു കാട്ടുന്നത്. അസ്ഗര്‍ ഫര്‍ഹാദി സിനിമകളിലൂടെ ശ്രദ്ധേയയായ തരാനെ അലിദൂസ്തിയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രമായ ലൈലയെ അവതരിപ്പിച്ചിരിക്കുന്നത്.
രാജ്യാന്തര മേള: വോളണ്ടിയര്‍, ഹോസ്പിറ്റാലിറ്റി ടീമുകളുടെ പരിശീലനം തുടങ്ങി
രാജ്യാന്തര ചലച്ചിത്ര മേളയോടനുബന്ധിച്ച് തിയേറ്റര്‍ വോളണ്ടിയര്‍മാരുടെയും ഹോസ്പിറ്റാലിറ്റി വോളണ്ടിയര്‍മാരുടെയും പരിശീലനം ആരംഭിച്ചു. തിയേറ്റര്‍ വോളണ്ടിയര്‍മാരുടെ പരിശീലനം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. രാജ്യാന്തര ചലച്ചിത്രമേളയുടെ നടത്തിപ്പ് മറ്റു മേളകള്‍ക്ക് അനുകരണീയ മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ വോളണ്ടിയര്‍ കമ്മിറ്റി ചെയര്‍മാന്‍ കെ എസ് സുനില്‍കുമാര്‍ അധ്യക്ഷനായി. അക്കാദമി എക്‌സിക്യൂട്ടീവ് അംഗം ശങ്കര്‍ രാമകൃഷ്ണന്‍ പങ്കെടുത്തു. ഹോസ്പിറ്റാലിറ്റി വോളണ്ടിയര്‍മാരുടെ പരിശീലനക്കളരി പ്രശസ്ത തിയേറ്റര്‍ ട്രെയിനര്‍ മനു ജോസ് ഉദ്ഘാടനം ചെയ്തു.