കായംകുളം: പതിനേഴുകാരിയായ പെണ്‍കുട്ടി ക്ഷേത്രക്കുളത്തില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ യുവാവിനെതിരെ കുടുംബത്തിന്റെ പരാതി. കായംകുളത്ത് പതിനേഴുകാരിയായ വിഷ്ണുപ്രിയ ആത്മഹത്യ ചെയ്ത സംഭവത്തിലാണ് കുടുംബം പരാതിയുമായി രംഗത്തെത്തിയത്. ബന്ധുവായ യുവാവിന്റെ പീഡനവും ബ്ലാക്ക് മെയിലും മൂലമാണ് വിഷ്ണുപ്രിയ ജീവനൊടുക്കിയതെന്നാണ് പരാതി.
വിഷ്ണുപ്രിയയുടെ അമ്മയുടെ ബന്ധുവായ യുവാവ് കുട്ടിയെ രണ്ടു വര്‍ഷം മുന്‍പ് ശാരീരികമായി പീഡിപ്പിച്ചതായും ഇതിന്റെ വീഡിയോയും ദൃശ്യങ്ങളും കാട്ടി യുവാവ് പെണ്‍കുട്ടിയെ നിരന്തരം ഭീഷണിപ്പെടുത്തിയതായുമാണ് കുട്ടിയുടെ പിതാവ് ആരോപിക്കുന്നത്. കുട്ടിയെ യുവാവ് പീഡിപ്പിച്ച കാര്യം മകള്‍ ജീവനൊടുക്കിയതിന് ശേഷമാണ് അറിയുന്നതെന്നും വിഷ്ണുപ്രിയയുടെ കൂട്ടുകാരികളാണ് ഇക്കാര്യം പറഞ്ഞതെന്നുമാണ് പിതാവ് വിജയന്‍ പറയുന്നത്. ഈ യുവാവ് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായും ഈ നില തുടര്‍ന്നാല്‍ ജീവനൊടുക്കുമെന്നും കൂട്ടുകാരികളോട് പറഞ്ഞിരുന്നെന്നും എന്നാല്‍ അവര്‍ അത് കാര്യമായി എടുത്തിരുന്നില്ലെന്നും പറയുന്നു.
വിഷ്ണുപ്രിയ എഴുതിയ ആത്മഹത്യാ കുറിപ്പിലും യുവാവിനെതിരെ ആരോപണമുണ്ട്. മാതാപിതാക്കളെ ഒരുപാട് സ്‌നേഹിക്കുന്നെന്നും കത്തിലുണ്ട്. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ട് അച്ഛന്‍ വിജയന്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ആരോപണ വിധേയനായ യുവാവിനെ പൊലീസ് പൊലീസ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
എന്നാല്‍ വിഷ്ണുപ്രിയ ശാരീരിക പീഡനത്തിന് ഇരയായിട്ടില്ലെന്നായിരുന്നു പോസ്റ്റുമോര്‍ട്ടം പരിശോധനയിലെ കണ്ടെത്തല്‍. വിഷ്ണുപ്രിയയുടെ അച്ഛന്‍ വിജയനും അമ്മ രാധികയും വികലാംഗരാണ്. മരിച്ച വിഷ്ണുപ്രിയയും അനിയനും ഉണ്ണിയപ്പം വിറ്റാണ് കുടുംബം പുലര്‍ത്തിയിരുന്നത്. ഇവര്‍ ഉണ്ണിയപ്പം വില്‍പ്പന നടത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.