മലപ്പുറം: നീതി നിഷേധനത്തിനെതിരെ പൊരുതി തന്റെ ജീവന്‍ തന്നെ സമരമാര്‍ഗ്ഗമാക്കി മാറ്റിയ ഇടതു സഹയാത്രികന്‍ റസാഖ് പയമ്പ്രോട്ടിന് മരണ ശേഷവും നീതിയില്ല. റസാഖ് പയമ്പ്രോട്ടിന്റെ ആത്മഹത്യക്ക് കാരണമായ പുളിക്കലിലെ പ്ലാസ്റ്റിക് സംസ്‌ക്കരണ യൂണിറ്റിന് അനുകൂലമായ റിപ്പോര്‍ട്ടാണ് ജില്ലാ കലക്ടര്‍ നിയോഗിച്ച പരിശോധനാ സമിതി തയ്യാറാക്കിയതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഫാക്ടറിയുടെ പ്രവര്‍ത്തനത്തെക്കുറിച്ച് പഠിക്കാനെത്തിയ സമിതി, ജനങ്ങളുടെ അഭിപ്രായം കേള്‍ക്കാതെയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയെന്ന് റസാഖിന്റെ സഹോദന്‍ പരാതിപ്പെടുന്നു. പ്രദേശത്തെ ജനങ്ങള്‍ക്ക് ദുരിതം വിതക്കുന്ന പ്ലാസ്റ്റിക്ക് ഫാക്ടറിക്ക് പ്രവര്‍ത്തിക്കാന്‍ കോടതി കഴിഞ്ഞ ദിവസം താല്‍ക്കാലിക അനുമതി നല്‍കിയിട്ടുണ്ട്. ഈ ഫാക്ടറിക്കെതിരെയുള്ള സമരത്തിന്റെ ഭാഗമായാണ് റസാഖ് പഞ്ചായത്ത് ഓഫിസിന് മുന്നില്‍ ഫാക്ടറിക്കെതിരെയുള്ള മുദ്രാവാക്യങ്ങള്‍ ശരീരത്തില്‍ പതിച്ച് തൂങ്ങി മരിച്ചത്.
സി പി എം ഭരിക്കുന്ന പഞ്ചായത്താണ് മലപ്പുറം ജില്ലയിലെ പുളിക്കല്‍ പഞ്ചായത്ത്. ഈ പഞ്ചായത്തിലെ കൊട്ടപ്പുറത്തെ പ്ലാസ്റ്റിക് സംസ്‌ക്കരണ ഫാക്ടറി പരിസ്ഥിതി പ്രശ്‌നം ഉണ്ടാക്കുന്നെന്ന് ചൂണ്ടിക്കാട്ടി നിരന്തര പോരാട്ടം നടത്തിയിട്ടും പഞ്ചായത്ത് ഭരണസമിതിയും സി പി എമ്മും ഫാക്ടറിക്ക് അനുകൂല നിലപാട് സ്വീകരിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു ഇടത് സഹയാത്രികനും സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകനും പത്രപ്രവര്‍ത്തകനും വൈദ്യര്‍ അക്കാഡമി മുന്‍ സെക്രട്ടറിയുമായിരുന്ന റസാഖ് പയമ്പ്രോട്ട് പുളിക്കല്‍ പഞ്ചായത്തിനകത്ത് ജീവനൊടുക്കിയത്.
ഇതോടെ വലിയ ജനരോഷം ഉയര്‍ന്നു. പിന്നാലെ സി പി എം ഫാക്ടറിക്ക് മുന്നില്‍ കൊടികുത്തി. ജനകീയ പ്രതിഷേധം ശക്തമായതോടെ വിഷയം പഠിക്കാന്‍ ജില്ലാകലക്ടര്‍ ആറംഗ സമിതിയെ നിയോഗിക്കുകയായിരുന്നു. എന്നാല്‍ ഫാക്ടറിയിലെത്തിയ ഉദ്യോഗസ്ഥര്‍ ഉടമയുമായി സംസാരിച്ചതല്ലാതെ ജനങ്ങളില്‍ നിന്നും അഭിപ്രായം തേടിയില്ലെന്നാണ് റസാഖ് പയമ്പ്രോട്ടിന്റെ കുടുംബം പറയുന്നത്. ഇവര്‍ നല്‍കിയ ഏകപക്ഷീയ റിപ്പോര്‍ട്ടാണ് ഫാക്ടറിക്ക് താല്‍ക്കാലികമായി പ്രവര്‍ത്തിക്കാന്‍ അനുമതി ലഭിക്കാന്‍ കാരണമെന്നാണ് ആരോപണം.
പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകാനാണ് സമരസമിതിയുടെ നീക്കം. കോടതി വിധിയെ മാനിച്ചു കൊണ്ടുള്ള പ്രതിഷേധമായിരിക്കും സംഘടിപ്പിക്കുക. ഫാക്ടറിയുടെ പ്രവര്‍ത്തനം തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിലും അപ്പീല്‍ നല്‍കിയിട്ടുണ്ട്. റസാഖ് പയമ്പ്രോട്ടിന്റെ ആത്മഹത്യയെക്കുറിച്ച് ക്രൈം ബ്രാഞ്ച് അന്വേഷണം സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇനിയും പൂര്‍ത്തിയായിട്ടുമില്ല.