ഓണക്കോടിയും ഓണക്കിറ്റും എന്‍ എസ് എസ് വിദ്യാര്‍ഥികള്‍ നല്‍കി

Wayanad

കല്പറ്റ: എസ്.കെ.എം.ജെ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റിന്റെ നേതൃത്വത്തില്‍ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 63 കുടുംബങ്ങള്‍ക്ക് ഓണപ്പുടവയും ഓണക്കിറ്റും വിതരണം ചെയ്തു.

എസ്. കെ. എം. ജെ സ്‌കൂളില്‍ നടന്ന ചടങ്ങ് കല്പറ്റ നഗരസഭാ ചെയര്‍മാന്‍ ശ്രീ. കേയംതൊടി മുജീബ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ശ്രീ. ഷാജുകുമാര്‍ കെ. സി അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഓഫീസര്‍ ശ്രീ. അജിത് കാന്തി പദ്ധതി വിശദീകരിച്ചു. പ്രിന്‍സിപ്പല്‍ ശ്രീ. സാവിയോ ഓസ്റ്റിന്‍, ജില്ലാ കണ്‍വീനര്‍ ശ്രീ. ശ്യാല്‍ കെ എസ്. തുടങ്ങിയവര്‍ സംസാരിച്ചു.

മീനങ്ങാടി, തരിയോട് എന്നിവിടങ്ങളിലെ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് വളണ്ടിയര്‍മാര്‍ കിറ്റുകള്‍ ഏറ്റുവാങ്ങി. തുടര്‍ന്ന് യുണിറ്റിന്റെ ദത്തുഗ്രാമമായ എടപ്പട്ടി കോളനിയില്‍ എല്ലാ കുടുംബങ്ങള്‍ക്കും പച്ചക്കറി കിറ്റുകളും ധാന്യകിറ്റുകളും വിതരണം ചെയ്തു.

വിദ്യാര്‍ത്ഥികള്‍ സമാഹരിച്ച തുകയില്‍ നിന്നും 36000 രൂപ ചെലവഴിച്ചാണ് ഈ പദ്ധതി നടപ്പിലാക്കിയത്. എന്‍ എസ് എസ് വളണ്ടിയര്‍മാരായ നിരഞ്ജന നായര്‍, വൈശാഖ് കൃഷ്ണ, അഖിലേഷ് നാഥ്, ദര്‍ശന്‍.എസ്, ആര്യ പ്രശാന്ത്, ദിയ സുരേഷ്, നേഹ ഫാത്തിമ, അമിതാ തോമസ്, കാവ്യ ആനന്ദ്, അതുല്‍ കൃഷ്ണ, അഭിനവ് കൃഷ്ണ, ആദിത്ത് ഗിരീഷ്, വിഷ്ണു നാരായണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.