ബി ജെ പി ഭരണകൂടം ബഹുസ്വരതയെ തമസ്‌കരിക്കുന്നു: തമിഴ് എഴുത്തുകാരി സല്‍മ

Kozhikode

കോഴിക്കോട്: രാജ്യത്ത് ഒരു നാട്, ഒരു ഭാഷ, ഒരു സംസ്‌കാരം എന്ന അവസ്ഥ ഉണ്ടാക്കാനാണ് ബി ജെ പി ഭരണകൂടത്തിന്റെ നീക്കമെന്ന് പ്രശസ്ത തമിഴ് എഴുത്തുകാരി സെല്‍മ. യുവകലാസാഹിതി സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.

സമസ്ത മേഖലകളിലും ഫാസിസം പിടിമുറുക്കുകയാണ്. കേന്ദ്ര ഭരണകൂടത്തിന്റെ ഈ നയത്തിന്റെ പ്രതിഫലനമാണ് മണിപ്പൂരില്‍ നടക്കുന്നത്. ഇത്തരം നയങ്ങള്‍ക്കെതിരെ പ്രതീക്ഷ നല്‍കുന്ന ശക്തമായ മുന്നണിയായി ‘ഇന്ത്യ’ ഉണ്ടായത് പ്രതീക്ഷാര്‍ഹമാണ്. ഫാസിസത്തിനെതിരെ പോരാടാന്‍ എഴുത്തുകാരും സാസംസ്‌കാരിക പ്രവര്‍ത്തകരും കൈകോര്‍ക്കണം. നമ്മുടെ ജനാധിപത്യം ഇന്ന് ഭീഷണിയിലാണ്. രാജ്യത്ത് ഒരു മതം ഒരു ദൈവം എന്നതാണ് ആര്‍എസ്എസ്സിന്റെ അജണ്ട. നമ്മുടെ രാജ്യത്തിന്റെ നാനാത്വത്തെ നിലനിര്‍ത്താന്‍ കഴിയണം. നാനാത്വത്തില്‍ ഏകത്വം എന്ന സങ്കല്പത്തെ ഇല്ലാതാക്കാനാണ് സംഘപരിവാര്‍ ഭരണകൂടം പരിശ്രമിക്കുന്നത്. ദേശീയത എന്ന വാദം ഉയര്‍ത്തിയാണ് ഫാസിസം എപ്പോഴും ആധിപത്യം ഉറപ്പിക്കുന്നത്. രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കുക എന്ന അജണ്ടയുമായാണ് സംഘപരിവാര്‍ ഭരണകൂടം രാജ്യഭരണം നടത്തുന്നത്.

ഈ സര്‍ക്കാരിനു കീഴില്‍ എല്ലാ വിഭാഗം ജനങ്ങളും അസംതൃപ്തരാണ്. മത ന്യൂനപക്ഷങ്ങളും ആദിവാസി സമൂഹവും ഉള്‍പ്പടെ എല്ലാവിഭാഗം ജനങ്ങളും സര്‍ക്കാരിനെ സംശയിക്കുകയാണ്. കോര്‍പ്പറേറ്റുകളുടെ സംരക്ഷകരായാണ് മോഡിയും കൂട്ടാളികളും പ്രവര്‍ത്തിക്കുന്നത്. 34 ശതമാനം വോട്ടര്‍മാരുടെ മാത്രം പിന്തുണയിലാണ് ഇവര്‍ ഭരിക്കുന്നത്. 66 ശതമാനം വരുന്ന വോട്ടര്‍മാരെ പ്രതിനിധീകരിക്കുന്ന പാര്‍ട്ടികള്‍ പ്രതിപക്ഷത്തിരിക്കേണ്ട അവസ്ഥ മാറണം. അതിനി എല്ലാ മതനിരപേക്ഷ കക്ഷികളും കൈകോര്‍ക്കണം. ഇത്തരത്തില്‍ മാതൃകയായി തമിഴ് നാട്ടില്‍ ഇടതു പാര്‍ട്ടികളും കോണ്‍ഗ്രസും ഒറ്റക്കെട്ടാണെന്നും സല്‍മ കൂട്ടിച്ചേര്‍ത്തു.

ചോദ്യം ചോദിക്കാന്‍ മാത്രമുള്ളവരല്ല കലാകാരന്മാരെന്ന് സാംസ്‌കാരിക സമ്മേളനത്തില്‍ സംസാരിച്ച എഴുത്തുകാരന്‍ കെ പി രാമനുണ്ണി പറഞ്ഞു. ലോകത്തെ 90 ശതമാനം സര്‍ക്കാരുകളും കോര്‍പ്പറേറ്റുകളെ തീറ്റിപ്പോറ്റുന്നവരാണ്. ഫാസിസത്തിന്റെ മുഖ്യ അജണ്ട വിഭാഗീയത വളര്‍ത്തുകയാണ്. കലാവസ്ഥാ വ്യതിയാനമടക്കമുള്ള വിഷയങ്ങളില്‍ എഴുത്തുകാര്‍ പരിഹാരം നിര്‍ദേശിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫാസിസം നമ്മുടെ സമൂഹത്തിലുണ്ടാക്കുന്ന ജീര്‍ണതയില്‍ നിന്ന് ഊര്‍ജം സംഭരിച്ചാണ് വളരുന്നതെന്ന് ഡോ. വത്സലന്‍ വാതുശേരി പറഞ്ഞു. ഒരു തെരഞ്ഞെടുപ്പില്‍ തോല്‍പ്പിച്ചു കഴിഞ്ഞാല്‍ നശിച്ചുപോകുന്നതല്ല ഫാസിസം. അത് പൂര്‍വ്വാധികം ശക്തിയോടെ വീണ്ടും തിരിച്ചുവരുമെന്ന ബോധം നമുക്കുണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുവകലാസാഹിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ എം സതീശന്‍ അധ്യക്ഷത വഹിച്ചു. ജയന്‍ നീലേശ്വരത്തിന്റെ കവിതകള്‍ ‘ചുണ്ടൊപ്പ്’, ഡോ. ഒ കെ മുരളീകൃഷ്ണന്റെ കഥകള്‍ ‘ഗസല്‍’ എന്നിവ ആലങ്കോട് ലീലാകൃഷ്ണന്‍ പ്രകാശനം ചെയ്തു. യുവകലാസാഹിതി സമ്മേളന സപ്ലിമെന്റ് സല്‍മ പ്രകാശനം ചെയ്തു.

വില്‍സണ്‍ സാമുവല്‍, കവി മാധവന്‍ പുറച്ചേരി, കവി ഇഞ്ചക്കാട് ബാലചന്ദ്രന്‍, പ്രൊഫ. എസ് അജയന്‍, ഡോ. വി എന്‍ സന്തോഷ് കുമാര്‍, അഷ്‌റഫ് കുരുവട്ടൂര്‍, ടി യു ജോണ്‍സണ്‍ എന്നിവര്‍ സംസാരിച്ചു. സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള രചനാ മത്സര വിജയികള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്തു.