കേരളത്തിലേക്ക് ബാഗേജ് ആനൂകൂല്യവുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

Gulf News GCC

അഷറഫ് ചേരാപുരം

ദുബൈ: ബാഗേജ് ആനുകൂല്യങ്ങളുമായി എയര്‍ ഇന്ത്യാ എക്‌സ്പ്രസ്. യു.എ.ഇയില്‍ നിന്ന് കേരളം ഉള്‍പ്പെടെ ഇന്ത്യയിലെ വിവിധ സെക്ടറുകളിലേക്കുള്ള അധിക ബാഗേജ് നിരക്കാണ് എയര്‍ ഇന്ത്യാ എക്‌സ്പ്രസ് മൂന്നിലൊന്നാക്കി കുറച്ചത്. 5കിലോ അധിക ബാഗേജിന് 150 ദിര്‍ഹത്തില്‍ നിന്ന് 49 ദിര്‍ഹമാക്കി. 10 കിലോയ്ക്ക് 99 ദിര്‍ഹവും 15 കിലോയ്ക്ക് 199 ദിര്‍ഹവും നല്‍കിയാല്‍ മതി. നേരത്തെ ഇത് 300, 500 വീതമായിരുന്നു. അബൂദബി, ദുബൈ, ഷാര്‍ജ എന്നിവിടങ്ങളില്‍ നിന്നും സെപ്റ്റംബര്‍ 30 വരെ ബുക്ക് ചെയ്യുകയും ഒക്ടോബര്‍ 19നകം യാത്ര ചെയ്യുകയും ചെയ്യുന്നവര്‍ക്കാണ് ഈ ആനുകൂല്യം. കണ്ണൂര്‍, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം ഉള്‍പ്പെടെ തിരഞ്ഞെടുത്ത സെക്ടറുകളിലേക്കുള്ള വിമാനങ്ങളില്‍ ഈ ആനുകൂല്യം ലഭിക്കും.

ഷാര്‍ജയില്‍ നിന്ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂര്‍, സൂറത്ത്, ട്രിച്ചി, വരാണസി, അമൃത്‌സര്‍, ചണ്ഡിഗഡ് എന്നീ സെക്ടറുകളിലേക്കും ഇതേ നിരക്കു മതി. എന്നാല്‍ ഇവിടെ നിന്ന് ഡല്‍ഹി, മുംബൈ, വിജയവാഡ, ഇന്‍ഡോര്‍ എന്നീ സെക്ടറുകളിലേക്കുള്ള വിമാനങ്ങളില്‍ 5 കിലോ അധിക ബാഗേജ് സൗജന്യമായി അനുവദിക്കും. 10 കിലോയ്ക്ക് 49 ദിര്‍ഹമും 15 കിലോയ്ക്ക് 199 ദിര്‍ഹമുമാണ് നിരക്ക്.