ആരോടും പറയാതെ അവര്‍ എവിടേക്കാണ് പോയ് മറഞ്ഞത്

Kerala News

ദേശീയ ക്രൈം റിക്കോര്‍ഡ് ബ്യൂറോയുടെ കണക്കു പ്രകാരം രാജ്യത്ത് ഓരോ എട്ട് മിനുട്ടിലും ഒരു കുട്ടിയെ വീതം കാണാതാകുന്നുണ്ട്. അതായത് വര്‍ഷത്തില്‍ ഒരു ലക്ഷത്തിനടുത്ത് കുട്ടികളെ ഇന്ത്യയില്‍ കാണാതാകുന്നു. കേരളത്തില്‍ നിലവിലെ കണക്കനുസരിച്ച് പ്രായപൂര്‍ത്തിയാകാത്ത മുന്ന് കുട്ടികളെയെങ്കിലും ദിനം പ്രതി കാണാതാകുന്നുണ്ട്.

കോഴിക്കോട്: കേരളത്തിന്റെ മനസില്‍ ഇന്നും നൊമ്പരമായി അവശേഷിക്കുകയാണ് ആലപ്പുഴയിലെ രാഹുല്‍ എന്ന കുട്ടിയുടെ തിരോധാനം. 17 വര്‍ഷം മുന്‍പ്, കൃത്യമായി പറഞ്ഞാല്‍ 2000 മെയ് 18ന് വീടിനടുത്ത് കളിച്ചുകൊണ്ടിരിക്കുമ്പോള്‍ പെട്ടെന്ന് രാഹുല്‍ അപ്രത്യക്ഷനാകുകയായിരുന്നു. കുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ട് പോയതായിരിക്കാമെന്ന നിഗമനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍. എന്നാല്‍ ആര് ? അതിന് മാത്രം ഉത്തരം കണ്ടെത്താനാകുന്നില്ല. ലോക്കല്‍ പൊലീസ് മുതല്‍ സി ബി ഐ വരെ അന്വേഷണം നടത്തിയിട്ടും രാഹുലിനെ ഇത്‌വരെ കണ്ടെത്താനായിട്ടില്ല. ജീവനോടെയുണ്ടോ അതോ മരിച്ചോ എന്നൊന്നും ആര്‍ക്കും അറിയില്ല. മകനെ കാണാതായതു മുതല്‍ അനുഭവിക്കുന്ന കടുത്ത മാനസിക വിഷമത്തില്‍ രോഗിയായി മാറിയ രാഹുലിന്റെ അച്ഛന്‍ രാജു അടുത്തിടെയാണ് ജീവനൊടുക്കിയത്. തന്റെ കണ്ണടയും മുന്‍പ് മകന്‍ തന്നെ തേടിയെത്തുമെന്ന പ്രതീക്ഷയിലാണ് രാഹുലിന്റെ അമ്മ മിനിയും സഹോദരിയും ജീവിതം തള്ളി നീക്കുന്നത്.

ഒരു രാഹുലിന്റെ മാത്രം കഥയല്ലിത്. രാഹുലിനെ പോലെ ഒരുപാട് കുട്ടികളെയും മുതിര്‍ന്നവരെയുമെല്ലാം ദിനംപ്രതിയെന്നോണം കാണാതാകുന്നുണ്ട്. അവര്‍ എവിടേക്കെല്ലാമോ ഓടിയൊളിക്കുകയാണ്. പലര്‍ക്കും പല കാരണങ്ങള്‍. കുറേക്കാലം കഴിയുമ്പോള്‍ ചിലരെങ്കിലും തിരിച്ചുവരുന്നു. ഉറ്റവര്‍ വര്‍ഷങ്ങളോളം കാത്തിരുന്നിട്ടും തിരിച്ചെത്താത്തവര്‍ ധാരാളം. മരിച്ചോ ജീവനോടെയുണ്ടോ എന്ന് പോലും അറിയാതെ കുടുംബങ്ങള്‍ അവര്‍ക്ക് വേണ്ടി കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്നു. ആകെ ആശ്വാസമുള്ളത് കാണാതാകുന്ന 18 വയസ്സിന് താഴെയുള്ള കുട്ടികളില്‍ 95 ശതമാനത്തിനെയും കണ്ടെത്താന്‍ കഴിയുന്നുവെന്നതാണ്. എന്നാല്‍ മുതിര്‍ന്നവരുടെ കാര്യം അങ്ങനെയല്ല വീടും നാടും വിട്ടുപോയ പകുതിയോളം പേര്‍ ഇപ്പോഴും കാണാമറയത്ത് തന്നെയാണ്. അവര്‍ എവിടേക്കാണ് പോയ് മറഞ്ഞതെന്ന് ആര്‍ക്കുമറിയില്ല.

ദേശീയ ക്രൈം റിക്കോര്‍ഡ് ബ്യൂറോയുടെ കണക്കു പ്രകാരം രാജ്യത്ത് ഓരോ എട്ട് മിനുട്ടിലും ഒരു കുട്ടിയെ വീതം കാണാതാകുന്നുണ്ട്. അതായത് വര്‍ഷത്തില്‍ ഒരു ലക്ഷത്തിനടുത്ത് കുട്ടികളെ ഇന്ത്യയില്‍ കാണാതാകുന്നു. കേരളത്തില്‍ നിലവിലെ കണക്കനുസരിച്ച് പ്രായപൂര്‍ത്തിയാകാത്ത മുന്ന് കുട്ടികളെയെങ്കിലും ദിനം പ്രതി കാണാതാകുന്നുണ്ട്. കാണാതാകുന്ന കുട്ടികളെ കണ്ടെത്താനും വിവരങ്ങള്‍ കൈമാറാനുമായി ചൈല്‍ഡ് ഹെല്‍പ്പ് ലൈനിന്റെ നേതൃത്വത്തില്‍ വിപുലമായ സംവിധാനങ്ങള്‍ സംസ്ഥാനത്തുണ്ട്. മാത്രമല്ല കുട്ടികളെ കാണാതാകുന്നത് സംബന്ധിച്ച പരാതികള്‍ ഉണ്ടാകുമ്പോള്‍ പൊലീസ് ഉണര്‍ന്നു പ്രവര്‍ത്തിക്കാറുമുണ്ട്. അതുകൊണ്ടാണ് കാണാതാകുന്ന കുട്ടികളില്‍ ഭൂരിപക്ഷത്തിനെയും എതാനും ദിവസങ്ങള്‍ക്കകം തന്നെ കണ്ടെത്താന്‍ കഴിയുന്നത്.

2016 മുതല്‍ 2021 മാര്‍ച്ച് വരെയുള്ള കാലയളവില്‍ കുട്ടികളെ തട്ടിക്കൊണ്ടു പോയതുമായി ബന്ധപ്പെട്ട് 1341 കേസുകളാണ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തത്. 2018 ല്‍ കുട്ടികളെ തട്ടിക്കൊണ്ടുപോയ 205 കേസുകളും 2019 ല്‍ 280 കേസുകളും 2020 ല്‍ 200 കേസുകളും 2021 ല്‍ 244 കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തത്. ഇതെല്ലാം തട്ടിക്കൊണ്ടു പോകല്‍ കേസുകളാണ്. ഇതിനു പുറമെയാണ് കുട്ടികളെ കാണാതാകുന്ന കേസുകള്‍.

2016 മുതല്‍ 2021 ഏപ്രില്‍ വരെ കുട്ടികളും മുതിര്‍ന്ന സ്ത്രീ-പുരുഷന്‍മാരും ഉള്‍പ്പെടെ 63176 പേരെ കാണാതായതാണ് കേരള പൊലീസ് രജിസ്റ്റര്‍ ചെയ്ത കണക്ക്. ഇതില്‍ ഭൂരിഭാഗം പേരെയും പിന്നീട് പല കാലയളവുകളിലായി കണ്ടെത്തി. എന്നാല്‍ ഇനിയും കണ്ടെത്താന്‍ കഴിയാതെ കാണാമറയത്ത് കഴിയുന്ന ഒരുപാട് പേരുണ്ടെന്ന് പൊലീസ് പറയുന്നു. ഇതില്‍ കുറച്ച് പേരെങ്കിലും മരിച്ചു പോയിരിക്കാനുള്ള സാധ്യതയും പൊലീസ് ചൂണ്ടിക്കാട്ടുന്നു. 2016 ല്‍ കുട്ടികളടക്കം ആകെ 7435 പേരെയാണ് കാണാതായത്. 2017 ല്‍ ഇത് 9202 ആയി ഉയര്‍ന്നു. 2018 ല്‍ 11536 പേരെയും 2019 ല്‍ 12802 പേരെയും കാണാതായി. 2020 ല്‍ 8742 ഉം 2021 ല്‍ 9713 ഉം കാണാതാകല്‍ കേസുകളാണ് കേരളത്തിലെ വിവിധ പൊലീസ് സ്‌റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത്.

കുട്ടികള്‍ ഒളിച്ചോടുന്നതിനുള്ള പ്രധാന കാരണം മാതാപിതാക്കളില്‍ നിന്ന് സ്‌നേഹം ലഭിക്കാത്തതോ കുടുംബ ബന്ധങ്ങളിലെ തകര്‍ച്ചയോ, പരീക്ഷകളിലെ തോല്‍വിയോ, അതുമല്ലെങ്കില്‍ മയക്കു മരുന്ന് മാഫിയയുടെ വലയില്‍ പെട്ട് ആഡംബര ജീവിതത്തോടുള്ള ആര്‍ത്തിയോ ഒക്കെയാണെന്നാണ് പൊലീസ് പറയുന്നത്. കാണാതായ കുട്ടികളെ കണ്ടെത്തുമ്പോള്‍ ഇത്തരം കാരണങ്ങളാണ് അവരില്‍ ഭൂരിഭാഗത്തിനും പറയാനുണ്ടാകുക. ഒളിച്ചോടിയ ശേഷം കണ്ടെത്തുന്ന കുട്ടികളെ അവരുടെ മാനസികമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും ഇത്തരം പ്രവണത ആവര്‍ത്തിക്കാതിരിക്കാനുമായി കൗണ്‍സിലിംഗ് അടക്കമുള്ള കാര്യങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കാറുണ്ടെന്ന് പൊലീസ് പറയുന്നു.

മുതിര്‍ന്ന പുരുഷന്‍മാരെ കാണാതാകുന്നതിന് പിന്നിലെ പ്രധാന കാരണം സാമ്പത്തിക പ്രശ്‌നങ്ങളും കുടുംബ പ്രശ്‌നങ്ങളുമാണ്. വിവിധ കേസുകളിലും മറ്റും കുടുങ്ങി നാട്ടില്‍ നില്‍ക്കാന്‍ സാഹചര്യമില്ലാത്ത അവസ്ഥയുണ്ടാകുമ്പോള്‍ പലരും ഒളിച്ചോടാറുണ്ട്. കുടുംബ പ്രശ്‌നങ്ങള്‍ തന്നെയാണ് സ്ത്രീകളുടെ ഒളിച്ചോട്ടത്തിലെയും വില്ലന്‍. ഒളിച്ചോടുന്ന സ്ത്രീകളില്‍ നല്ലൊരു ശതമാനത്തിനെയും പിന്നീട് കണ്ടെത്താന്‍ കഴിയാറുണ്ട്. കാമുകന്‍മാരുടെ കൂടെ ഒളിച്ചോടുന്ന പെണ്‍കുട്ടികളുടെയും ഭര്‍ത്താവിനെയും കുട്ടികളെയുമെല്ലാം ഉപേക്ഷിച്ച് ആണ്‍ സുഹൃത്തുക്കളുടെ കൂടെ ഒളിച്ചോടുന്ന സ്ത്രീകളുടെയും എണ്ണം വളരെയധികം കൂടി വരികയാണെന്നാണ് പൊലീസിന്റെ കണക്കുകള്‍ പറയുന്നു. അതുകൊണ്ടാണ് കാണാതാകല്‍ കേസുകളുടെ എണ്ണം വര്‍ധിക്കുന്നത്.

ചെറിയ കുട്ടികളുള്ള അമ്മമാര്‍ ആണ്‍ സുഹൃത്തുക്കളുടെ കൂടെ ഒളിച്ചോടുമ്പോള്‍ അവര്‍ക്കെതിരെ കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങളെ സംബന്ധിച്ച വകുപ്പുകള്‍ കൂടി ചേര്‍ക്കുകയാണ് പതിവ്. ജാമ്യം കിട്ടാത്ത വകുപ്പായതിനാല്‍ ഇവരെ കണ്ടെത്തിയാല്‍ രണ്ടു പേരെയും റിമാന്റില്‍ ജയിലിലടക്കുകയാണ് കോടതികള്‍ ഇപ്പോള്‍ ചെയ്തു വരുന്നത്. കാണാതായവരില്‍ കുറേ പേരെ കണ്ടെത്തുകയോ അല്ലെങ്കില്‍ അവര്‍ സ്വമേധയാ തിരിച്ചെത്തുകയോ ചെയ്യാറുണ്ടെങ്കിലും ആരുടെയും കണ്ണില്‍ പെടാതെ എവിടെയോ പോയ് മറഞ്ഞവരും ഒരുപാടുണ്ട്. ജീവന്‍ വെടിഞ്ഞില്ലെങ്കില്‍ ഈ ലോകത്തിന്റെ എതോ കോണുകളില്‍ അവര്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടാകാം.

Leave a Reply

Your email address will not be published. Required fields are marked *