കൊണ്ടോട്ടി: ഓംബുഡ്‌സ്മാന് പരാതി നല്‍കിയവര്‍ക്ക് ഓണ്‍ലൈന്‍ വിചാരണയുടെ പേരില്‍ കിട്ടുന്നത് എട്ടിന്റെ പണി. പരാതിയിന്‍മേലുള്ള നടപടിക്രമങ്ങളുടെ പോക്കാണ് പരാതി നല്‍കിയവര്‍ക്ക് ശിക്ഷയായി മാറുന്നത്. തദ്ദേശസ്ഥാപനങ്ങള്‍ക്കായുള്ള ഓംബുഡ്‌സ്മാന്‍ ഇപ്പോള്‍ പരാതികളിന്മേലുള്ള വിചാരണ ഓണ്‍ലൈനിലാണ് നടത്തുന്നത്. പരാതി സമര്‍പ്പിച്ച സാധാരണക്കാരെ ശിക്ഷിക്കുന്ന വിധത്തിലാണ് കോവിഡ് കാലാനന്തരം ഓംബ്ഡ്‌സ്മാന്‍ വിചാരണ തുടരുന്നത്.
അടിയന്തിര പ്രാധാന്യമുള്ള പരാതികളില്‍ പോലും ഇത്തരത്തിലുള്ള ഓംബുഡ്‌സ്മാന്‍ വിചാരണ മാസങ്ങള്‍ നീണ്ടുപോകുകയാണ്. പരാതിക്കാര്‍ സ്വന്തം ഉത്തരവാദിത്തത്തില്‍ പരിമിതമായ ഓണ്‍ലൈന്‍ സൗകര്യം ക്രമീകരിച്ച് രാവിലെ 10.30 മുതല്‍ വൈകുന്നേരം ആറുമണി വരെ ഫോണിന് മുന്നില്‍ വിചാരണയും പ്രതീക്ഷിച്ച് കാത്തിരിക്കുമ്പോള്‍ പരാതി വിളിക്കാതെ നാലരയ്ക്കു ശേഷമാണ് പരാതിക്കാരന്റെ മൊബൈല്‍ സ്‌ക്രീനില്‍ വിചാരണ അടുത്ത ജനുവരിയിലേക്ക് മാറ്റിയിരിക്കുന്നതായി സ്‌ക്രോള്‍ വരുന്നത്. ഇത് ഇക്കഴിഞ്ഞ ദിവസത്തെ ഒരുപരാതിക്കാരന്റെ അനുഭവമാണ്. ഇതിനെതിരെ ഓംബുഡ്‌സ്മാന് പരാതി സമര്‍പ്പിച്ചിരിക്കുകയാണ് മലപ്പുറം കൊണ്ടോട്ടി പുളിക്കല്‍ സ്വദേശി പി ജമാലുദ്ദീന്‍. കെട്ടിട നിര്‍മ്മാണചട്ടം ലംഘിച്ച് പണികഴിപ്പിച്ച രണ്ട് ഷെഡ്ഡുകളും അവയില്‍ ചെറുകിട യൂണിറ്റെന്ന ലൈസന്‍സില്‍ നടത്തുന്ന വന്‍കിട വ്യവസായം ജനവാസമേഖലയില്‍ തുടരുന്നതിലുള്ള അന്തരീക്ഷ മലിനീകരണം തടയേണ്ടതുമായ അടിയന്തിര സ്വാഭവമുള്ള പരാതിയിലാണ് ഓംബുഡ്‌സ്മാന്റെ ഈ സമീപനം.
മാസങ്ങളായി തുടങ്ങിയ വിചാരണയാണിത്. വിചാരണയ്ക്ക് വിളിച്ച് മറ്റൊരു തിയ്യതിയിലേക്ക് മാറ്റിവയ്ക്കുന്നതായിരുന്നു ഇതുവരെയെങ്കില്‍ ഇപ്പോള്‍ വിചാരണയ്ക്ക് പോലും വിളിക്കാതെ ഒരു ദിവസം മുഴുവന്‍ ഓണ്‍ലൈനില്‍ ഇരുത്തി രണ്ടുമാസത്തിന്നപ്പുറത്തേക്കാണ് മാറ്റിവയ്ക്കുന്നത്. കൂലിപ്പണിയെടുത്ത് ജീവിക്കുന്ന ഒരാള്‍ക്ക് താന്‍ നികുതിയടച്ചു ജീവിക്കുന്ന വീട്ടില്‍ പഞ്ചായത്തധികൃതരുടെ അനാസ്ഥയാല്‍ സൈ്വര്യമായി ജീവിക്കാന്‍ കഴിയാത്തതിലുള്ള പരാതിയാണ് തദ്ദേശസ്ഥാപനങ്ങള്‍ക്കായുള്ള ഓംബുഡ്‌സ്മാന്‍ മുമ്പാകെ സമര്‍പ്പിച്ച് നീതിക്കായി കാത്തിരിക്കുന്നത്. ഇടയ്ക്ക് ഓണ്‍ലൈന്‍ സിഗ്‌നല്‍ നഷ്ടപ്പെടുന്നതിന്റെ ആധി വേറെയും അനുഭവിക്കണം. മുമ്പൊക്കെ ജില്ലാതലത്തില്‍ ഓംബുഡ്‌സ്മാന്‍ സിറ്റിങ്‌സൗകര്യമുണ്ടായിരുന്നു. ഇപ്പോഴാകട്ടെ ഓണ്‍ലൈന്‍ സംവിധാനത്തില്‍ സംസ്ഥാന തലത്തിലാണ് വിചാരണ നടക്കുന്നത്. ഇത് പരാതിക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഓംബുഡ്മാന്‍ പക്ഷേ, ഇതൊന്നും മനസ്സിലാക്കുന്നേയില്ല.
തദ്ദേശ സ്ഥാപനങ്ങളില്‍ ഓണ്‍ലൈന്‍ സൗകര്യം നിലവിലുള്ളതിനാല്‍ ഇത്തരം വിചാരണകള്‍ നടക്കുന്ന ദിവസങ്ങളില്‍ പരാതിക്കാര്‍ക്ക് അതത് തദ്ദേശസ്ഥാപനങ്ങളില്‍വച്ച് ഈ വിചാരണയില്‍ പങ്കെടുക്കാനുള്ള അനുമതി ഉത്തരവ് ബന്ധപ്പെട്ട വകുപ്പ് പുറപ്പെടുവിച്ചാല്‍ പരാതിക്കാര്‍ക്ക് അത് ഏറെ സഹായകമാകും. അതത് തദ്ദേശസ്ഥാപനത്തിലെ സെക്രട്ടറിയായിരിക്കും പരാതിയിലെ മുഖ്യ എതിര്‍കക്ഷി എന്നതിനാല്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കായുള്ള ഓംബുഡ്‌സ്മാന് പരാതികളില്‍ തീര്‍പ്പ് കല്പിക്കാനും ഇതുമൂലം എളുപ്പമായിരിക്കും.