ഇന്ത്യക്ക് പുറത്ത് നിന്ന് പ്രസിദ്ധീകരിക്കുന്ന ആദ്യ സമ്പൂര്‍ണ മലയാള ദിനപത്രം ‘മലയാളം ന്യൂസ്’ രജത ജൂബിലിയിലേക്ക്

Gulf News GCC

മുസാഫിര്‍

പ്രവാസികളുടെ ഹൃദയം തൊട്ടറിഞ്ഞ രണ്ടു വ്യാഴവട്ടം പിന്നിട്ട് പ്രവാസികളുടെ പ്രഭാതശീലമായ മലയാളം ന്യൂസ് രജത ജൂബിലിയുടെ രത്‌നശോഭയിലേക്ക്.

കേരളത്തിനു പുറത്ത് കേരളം സൃഷ്ടിച്ചവരാണ് ഗള്‍ഫ് പ്രവാസികള്‍. ഗള്‍ഫില്‍ മലയാളഭാഷയും സംസ്‌കാരവും ആകാശത്തോളം ശിരസ്സുയര്‍ത്തി നില്‍ക്കുന്നു. ഗള്‍ഫിന്റെ ഓരോ കോണിലും വാരാന്ത്യ അവധിദിനങ്ങളില്‍ പതിവായി സാഹിത്യചര്‍ച്ചകളും സാംസ്‌കാരിക സമ്മേളനങ്ങളും ചലച്ചിത്ര പ്രദര്‍ശനങ്ങളും കവിയരങ്ങുകളും നാടകങ്ങളും അരങ്ങേറുന്നു. മലയാളനാടിനു വെളിയില്‍ മറ്റൊരു മലയാളി സാംസ്‌കാരിക അന്തര്‍ലോകം പണിതുയര്‍ത്തുന്നു, ഭാഷ മറക്കാത്ത മലയാളി. ഗള്‍ഫിലെ ഇന്ത്യന്‍ സ്‌കൂളുകളില്‍ മക്കളെ മലയാളം പഠിപ്പിക്കാന്‍ അതീവതാല്‍പര്യം കാട്ടുന്നു, പല രക്ഷിതാക്കളും. മലയാളം റേഡിയോ നിലയങ്ങളും ടി.വി സംപ്രേഷണ ശൃംഖലകളും ഗള്‍ഫ് എഡിഷനുകളും മലയാളത്തിനു മാത്രമായി ഗള്‍ഫ് നാടുകളില്‍ പ്രവര്‍ത്തിക്കുന്നു. സൗദിയില്‍ മലയാളമുള്‍പ്പെടെയുള്ള ഭാഷകളില്‍ എഫ്.എം റേഡിയോ വരുന്നു. സ്വപ്നസമാനമായ ഈ ധൈഷണിക വിപ്ലവത്തിനെല്ലാം നാന്ദി കുറിച്ച അച്ചടി ഓണ്‍ലൈന്‍ മാധ്യമമാണ്, ഇന്ത്യക്ക് പുറത്ത് നിന്ന് പ്രസിദ്ധീകരിക്കുന്ന, ആദ്യസമ്പൂര്‍ണ മലയാളദിനപത്രമായ മലയാളം ന്യൂസ്. മലയാളം ന്യൂസ് 1999 ഏപ്രില്‍ 16ന് ഗള്‍ഫ് മലയാളിയുടെ കൈകളിലെത്തിയതോടെയാണ് ഈ അനന്ത സാധ്യതയെക്കുറിച്ച് പലരും ചിന്തിച്ചത് പോലും. പ്രവാസി ലക്ഷങ്ങളുടെ മിടിപ്പുകളറിയുന്ന പ്രമുഖമായ ഈ ജിഹ്വ വിജയകരമായ 24 വര്‍ഷങ്ങള്‍ പിന്നിട്ട് അടുത്ത ഏപ്രിലില്‍ ഇരുപത്തഞ്ചാം വര്‍ഷത്തിലേക്ക് പദമൂന്നുന്നു.

സൗദി റിസര്‍ച്ച് ആന്റ് മീഡിയാ ഗ്രൂപ്പ് എന്ന മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ പ്രസാധകഗ്രൂപ്പ് ഇരുപത്തിനാലു വര്‍ഷം മുമ്പാരംഭിച്ച മലയാളം ന്യൂസ് എന്ന സമ്പൂര്‍ണ ദിനപത്രം സൗദി അറേബ്യയിലേയും മറ്റു ഗള്‍ഫ് രാജ്യങ്ങളിലേയും മലയാളി ജീവിതത്തിന്റെ ആധികാരിക ശബ്ദമായി മുന്നേറുന്നു. ഏറ്റവുമാദ്യം ഗള്‍ഫ് കേരള ഇന്ത്യ അന്താരാഷ്ട്ര വാര്‍ത്തകള്‍, ഇവയത്രയും പ്രിന്റ് എഡിഷനോടൊപ്പം, മലയാളം ന്യൂസിന്റെ ഓണ്‍ലൈന്‍ എഡിഷന്‍ വഴിയും ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് വായനക്കാര്‍ സദാ നെഞ്ചേറ്റുന്നു. സൗദിയില്‍ നിന്നുള്ള ആധികാരികവും ഏറ്റവും പുതിയതുമായ വാര്‍ത്തയറിയാന്‍ ആഗോള മലയാളികള്‍ ആശ്രയിക്കുന്ന ഏക പോര്‍ട്ടലും മലയാളം ന്യൂസാണെന്ന് സാഭിമാനം പറയാനാകും.

വിജയവീഥിയിലെ ഈ വിസ്മയങ്ങള്‍ക്ക് പിന്നില്‍ അര്‍പ്പണത്തിന്റെ അതിശയപ്പെരുമ. മലയാള ഭാഷയേയും കേരളീയ സംസ്‌കൃതിയേയും ചേര്‍ത്ത് നിര്‍ത്തുന്ന പ്രവാസി സഹൃദയര്‍ എക്കാലത്തും മലയാളം ന്യൂസിനൊപ്പം. കേരളത്തെ പുറംലോകത്തേക്ക് പറിച്ചുനട്ട, അറബ്‌നാട്ടില്‍ കേരളപ്പെരുമ തീര്‍ത്ത മലയാളിയുടെ സന്തോഷ സൗഹൃദങ്ങളുടെ സ്പന്ദമാപിനി. അതാണ് മലയാളം ന്യൂസ്. എല്ലാ ദിവസവും ഫീച്ചറുകള്‍. ബിസിനസ്, ഇന്‍ഫോ പ്ലസ്, സിനിമ, സഞ്ചാരം, കുടുംബം, സ്‌പോര്‍ട്‌സ് അറീന എന്നീ വാരാന്ത സ്‌പെഷ്യല്‍ പേജുകള്‍. എഴുതിത്തെളിഞ്ഞവരുടേയും എഴുതിത്തുടങ്ങുന്നവരുടേയും സര്‍ഗഭൂമികയായ മലയാളം ന്യൂസ് സണ്‍ഡേ പ്ലസ്. പ്രവാസത്തിന്റെ വെയില്‍ച്ചൂടേറ്റ് കൂമ്പടഞ്ഞു പോകുമായിരുന്ന നൂറുക്കണക്കിനാളുകളുടെ കലയേയും സാഹിത്യത്തേയും എഴുത്തിനിരുത്തി നട്ടുനനച്ച് വളര്‍ത്തിയെടുത്ത പത്രം അത് മലയാളം ന്യൂസല്ലാതെ മറ്റൊന്നല്ല.

പ്രവാസിയുടെ പ്രഭാതങ്ങളെ പ്രസാദമധുരമാക്കുന്ന സാംസ്‌കാരിക ചലനങ്ങള്‍ക്കാണ് ഓരോ ഗള്‍ഫ് രാജ്യവും കണ്ണുംകാതും കൂര്‍പ്പിച്ച് സദാ സാക്ഷ്യം വഹിക്കുന്നത്. ആ ചലനങ്ങളത്രയും ഒപ്പിയെടുക്കുന്ന വാസ്തവങ്ങളുടെ വാല്‍ക്കണ്ണാടി കൂടിയാണ് മലയാളം ന്യൂസ്. ഒ.എന്‍.വി കുറുപ്പ് മുമ്പൊരിക്കല്‍ ഗള്‍ഫില്‍ വന്നപ്പോള്‍ പറഞ്ഞു: ഗള്‍ഫ് പണത്തിന്റെ പുത്തന്‍ എടുപ്പുകളെപ്പറ്റി എനിക്കൊന്നും പറയാനില്ല. എന്നാല്‍ ഇവിടത്തെ മണല്‍പ്പരപ്പും ഇവിടെ അധ്വാനിക്കുന്ന മലയാളികളും അവരുടെ സുഖദു:ഖങ്ങളും ക്ലേശങ്ങള്‍ക്കിടയിലും ഇവര്‍ പകര്‍ന്ന് തരുന്ന സ്‌നേഹവും എന്നെ വല്ലാതെ സ്പര്‍ശിച്ചിട്ടുണ്ട്. എന്റെ ഒന്നിലധികം കവിതകളിലത് സ്വാഭാവികമായും തുള്ളിത്തൂവിയിട്ടുണ്ട്. തോന്ന്യാക്ഷരങ്ങളായി രണ്ടു കാര്യങ്ങളിതാ..

ഒന്ന് മണലാരണ്യത്തിലെ മഹാനഗരം. രാജവീഥിയെ രണ്ടായി പകുക്കുന്ന നടുത്തിട്ടയില്‍ നട്ടുച്ചയ്ക്കും ബോഗന്‍വില്ല നട്ടും നനച്ചും വിയര്‍ത്തുരുകുന്ന മനുഷ്യര്‍. അവര്‍ക്കിടയില്‍ ഉണ്ണിയും ഉതുപ്പും ഉസ്മാനുമുണ്ടായിരുന്നു…

രണ്ട് അകം തണുപ്പിച്ച ഒരു കാര്‍ നമ്മെയും വഹിച്ചുകൊണ്ട് മരുഭൂമിയുടെ മടിയിലൂടെ ചീറിപ്പാഞ്ഞുപോയി. അപ്പോള്‍ പാത മുറിച്ചുകടക്കുന്ന ഒട്ടകങ്ങള്‍ വഴി വിലക്കി. പെരുക്കാലുകള്‍ പയ്യെപ്പയ്യെ വലിച്ചു വലിച്ചു കടന്നുപോകുമ്പോള്‍ അവ അലസമായി, ഉദാസീനമായി നമ്മുടെ നേര്‍ക്ക് കണ്ണയച്ചു. ആ കണ്ണുകള്‍ പറയുന്നുണ്ടായിരുന്നു: ചുട്ടുപൊള്ളുന്ന ഈ മണല്‍ക്കാടുകളിലൂടെ മനുഷ്യനെ ആദ്യം ചുമന്നു നടന്ന ഞങ്ങളെ പിന്‍തള്ളിക്കൊണ്ടുള്ള ഈ പാച്ചില്‍… ഉവ്വ്, അറേബ്യന്‍ മിത്ത് നമ്മെ പഠിപ്പിക്കുന്നു. ജമല്‍ എന്നാല്‍ അറബിയില്‍ ഒട്ടകം. പക്ഷേ അതിന്റെ പര്യായപദം കണ്ടെത്തിയ കവിയെ തീര്‍ച്ചയായും നമ്മുടെ പ്രിയകവി ഒ.എന്‍.വി കണ്ടിരിക്കാനിടയില്ല..

മരുഭൂമിയിലെ കപ്പല്‍ എന്നര്‍ഥം വരുന്ന സഫീനത്തുസ്സഹ്‌റ എന്നാണ് ഒട്ടകത്തിന്റെ പര്യായപദം. ഇംഗ്ലീഷുകാരന്റെ ക്യാമല്‍. ക്യാമലില്‍ നിന്ന് കാഡില്ലാക്കിലേക്കും അവിടെ നിന്ന് ലംബോര്‍ഗിനിയിലേക്കും ഫെരാരിയിലേക്കും സൗദി കുതിക്കുമ്പോള്‍, നിയോമിലും ദ ലൈനിലും ഈ രാജ്യം ലോകത്തിന് മുമ്പില്‍ വിസ്മയങ്ങളുടെ വിസ്‌ഫോടനവീഥികളിലേക്ക് വാതില്‍ തുറക്കുമ്പോള്‍ ഈ മഹായാത്രക്കൊപ്പം, അത്യാധുനിക സാങ്കേതിക വിദ്യയുടെ കൈപിടിച്ച് മുന്നോട്ടു കുതിക്കുകയാണ് പ്രവാസികളുടെ പ്രിയപ്പെട്ട പത്രമായ മലയാളം ന്യൂസ്. മലയാളിയുടെ മുറിഞ്ഞുപോകാത്ത ഗള്‍ഫ് സ്വപ്നശൃംഖല പോലെ, മാധ്യമലോകത്തിലെ മായാമുദ്രയായി, മലയാളിയുടെ മനസ്സിലെ അക്ഷര മധുരമായി, അവരുടെയാകെ നൊസ്റ്റാള്‍ജിക് വികാരമായി വിജൃംഭിച്ചു നില്‍ക്കുന്ന മലയാളം ന്യൂസ്.