സിനിമ വര്‍ത്തമാനം / സി കെ അജയ് കുമാര്‍
ചെന്നൈ: മെഗാ പ്രൊഡ്യൂസര്‍ കെ ടി കുഞ്ഞുമോന്‍ നിര്‍മിക്കുന്ന ബ്രഹ്മാണ്ഡ സിനിമയായ ജെന്റില്‍മാന്‍ 2 വിന് തുടക്കമായി. ചെന്നൈ എഗ്മൂര്‍ രാജാ മുത്തയ്യ ഹാളില്‍ കേന്ദ്ര സഹമന്ത്രി എല്‍ മുരുഗന്‍, ഐറിന്‍ കുഞ്ഞുമോന്‍, ഫിലിം ചേംബര്‍ പ്രസിഡന്റ് രവി കൊട്ടാരക്കര, ജപ്പാന്‍ കോണ്‍സല്‍ ടാഗ മസായുകി, ബംഗ്ലാദേശ് ഹൈ കമ്മീഷന്‍ ഡെപ്യൂട്ടി ഹെഡ് ഓഫ് മിഷന്‍ ആരിഫര്‍ റഹ്മാന്‍ എന്നിവര്‍ ചേര്‍ന്ന് ആയിരങ്ങളെ സാക്ഷിയാക്കി ഭദ്രദീപം കൊളുത്തിയാണ് ചടങ്ങുകള്‍ക്ക് തുടക്കമിട്ടത്.
തമിഴ് സിനിമയുടെ ചരിത്രത്തിലെ തന്നെ ആയിരങ്ങള്‍ പങ്കെടുത്ത ബ്രഹ്മാണ്ഡ ഉത്സവം തന്നെയായിരുന്നു ജെന്റില്‍മാന്‍ II വിന്റെ ലോഞ്ചിംഗ് ചടങ്ങുകള്‍. ഈ ചടങ്ങില്‍ തന്നെ ഓസ്‌ക്കാര്‍ ജേതാവായ സംഗീത സംവിധായകന്‍ പദ്മശ്രീ എം എം കീരവാണിയെ അണിയറ പ്രവര്‍ത്തകര്‍ ആദരിച്ചതും ശ്രദ്ധേയമായി. വിശിഷ്ട അതിഥിയായിരുന്ന കേന്ദ്ര സഹ മന്ത്രി എല്‍ മുരുകന്‍, വൈരമുത്തു, കുഞ്ഞു മോന്‍ എന്നിവര്‍ ചേര്‍ന്ന് കീരവാണിക്ക് ആറടി ഉയരമുളള പുഷ്പ ഹാരവും വര്‍ണ്ണ തലപ്പാവും അണിയിച്ചു.
ചടങ്ങില്‍ ചലച്ചിത്ര സംഘടനാ ഭാരവാഹികളും രാഷ്ട്രീയ പ്രമുഖരും പങ്കെടുത്ത് കീരവാണിക്ക് ആശംസകള്‍ നേര്‍ന്നു. എബി കുഞ്ഞു മോന്‍, അജയ് കുമാര്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് ചുക്കാന്‍ പിടിച്ചു. എപ്പോഴും വന്‍കിട താരങ്ങളെ ആശ്രയിക്കാതെ വളര്‍ന്നു വരുന്ന യുവ നടീ നടന്‍മാരിലെ കഴിവുകള്‍ കണ്ടെത്തി പ്രോത്സാഹിപ്പിച്ച്, അവരെ തന്റെ സിനിമയിലെ നായക നായികമാരാക്കി, പ്രഗല്‍ഭരായ സാങ്കേതിക വിദഗ്ദ്ധരെ അണിനിരത്തി ബ്രഹ്മാണ്ഡ കാന്‍വാസില്‍ ജനപ്രിയ സിനിമകള്‍ നിര്‍മ്മിച്ച് വിജയം കൊയ്യുന്ന സിദ്ധാന്തമാണ് കെ ടി കുഞ്ഞു മോന്റെത്. ‘വസന്തകാലപറവൈ’, ‘സൂര്യന്‍’, ‘ജെന്റില്‍മാന്‍’ , ‘കാതലന്‍’, ‘കാതല്‍ ദേശം’, ‘രക്ഷകന്‍’ തുടങ്ങിയ സിനിമകള്‍ ഉദാഹരണങ്ങളാണ്. അതു കൊണ്ടു തന്നെ താരങ്ങളെ പോലെ ഒട്ടനവധി ആരാധകരുള്ള ട്രെന്‍ഡ് സെറ്റര്‍ നിര്‍മ്മാതാവാണ് കെ ടി കെ എന്ന് സിനിമാക്കാര്‍ ഓമനിച്ച് വിളിക്കുന്ന വിളിക്കുന്ന മെഗാ പ്രൊഡ്യൂസര്‍ ‘ജെന്റില്‍മാന്‍’ കെ.ടി.കുഞ്ഞുമോന്‍.
എ ഗോകുല്‍ കൃഷ്ണയാണ് ‘ജെന്റില്‍മാന്‍-II’ സംവിധാനം ചെയ്യുന്നത്. വിഷ്ണു വര്‍ദ്ധന്റെ അസോസിയേറ്റ് ആയിരുന്ന ഗോകുല്‍ കൃഷ്ണ നേരത്തേ നാനിയെ നായകനാക്കി ‘ ആഹാ കല്യാണം ‘ എന്ന ജനപ്രിയ സിനിമയും സോണി ലിവ് നു വേണ്ടി ‘മീം ബോയ്‌സ്’ എന്ന വെബ് സീരീസും അണിയിച്ചൊരുക്കിയിട്ടുണ്ട്. യുവ നടന്‍ ചേതന്‍ ‘ ജെന്റില്‍മാന്‍II ‘ വില്‍ നായകനാവുന്നു . മലയാളികളായ നയന്‍താര ചക്രവര്‍ത്തി, പ്രിയ ലാല്‍ എന്നിവരാണ് നായികമാര്‍. തെന്നിന്ത്യന്‍ താരം സുമന്‍, ഇന്ത്യന്‍ നെറ്റ് ബോള്‍ ക്യാപ്റ്റനും ബാസ്‌കറ്റ് ബോള്‍ പ്ലേയറുമായ പ്രാച്ചികാ തെഹ് ലാന്‍ എന്നിവര്‍ മര്‍മ്മ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
മലയാളത്തില്‍ ‘ മാമാങ്കം ‘ എന്ന സിനിമയിലെ പ്രാച്ചികയുടെ മൂക്കുത്തി മൂക്കുത്തി കണ്ടില്ലാ എന്ന ഗാനരംഗം പ്രസിദ്ധമാണ്. ‘ദതോ ‘ രാധാരവി, ‘ കാന്താരാ ‘ യില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച അച്യുത കുമാര്‍, അവിനാഷ്, ശ്രീരഞ്ജനി, സിതാര, സുധാറാണി, സത്യപ്രിയ, കാളി വെങ്കട്, മുനീഷ് രാജ, ബഡവാ ഗോപി, പ്രേം കുമാര്‍, ജോര്‍ജ് വിജയ് എന്നിങ്ങനെ അഭിനേതാക്കളുടെ നീണ്ട നിര ‘ ജെന്റില്‍മാന്‍കക ‘ വിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അഭിനേതാക്കളുടെ നിര ഇനിയുമുണ്ടത്രേ. വൈരമുത്തുവിന്റെ ആറു ഗാനങ്ങള്‍ക്ക് എം എം കീരവാണി സംഗീതം ഒരുക്കുന്നു.
മൂന്ന് ഗാനങ്ങളുടെ കമ്പോസിങ് പൂര്‍ത്തിയായി. മറ്റു മൂന്ന് ഗാനങ്ങളുടെ കമ്പോസിങ് സെപ്റ്റംബറില്‍ ഹൈദരാബാദില്‍ പൂര്‍ത്തിയാകും. കലാ സംവിധാനം തോട്ടാ ധരണി, ക്യാമറാ അജയന്‍ വിന്‍സന്റ് , എഡിറ്റിംഗ് സതീഷ് സൂര്യ, സംഘട്ടനം ദിനേശ് കാശി, പ്രോജക്ട് ഡിസൈനര്‍ & മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടിവ് സി. കെ. അജയ് കുമാര്‍ എന്നിവരാണ് അണിയറ ശില്പികള്‍ സിനിമയുടെ ഷൂട്ടിംഗ് സെപ്റ്റംബര്‍ മധ്യത്തോടെ ആരംഭിക്കും. ജെന്റില്‍മാന്‍ ഫിലിം ഇന്റര്‍ നാഷണലിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ബ്രഹ്മാണ്ഡ സിനിമ അതി നവീന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ചെന്നൈ, ഹൈദരാബാദ് , മലേഷ്യ , ദുബായ് എന്നിവിടങ്ങളില്‍ ചിത്രീകരിക്കുമെന്ന് അണിയറക്കാര്‍ സൂചിപ്പിച്ചു.