വിനയ് ഗോവിന്ദിന്റെ സംവിധാനത്തിൽ ഒരുങ്ങി ഉണ്ണി മുകുന്ദന്‍ നായകനാവുന്ന ‘ഗെറ്റ് സെറ്റ് ബേബി’ പ്രദർശനത്തിനെത്തി. ചിത്രത്തിന് ആദ്യ ഷോ മുതൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രേക്ഷകരെയും നിരൂപകരെയും തൃപ്തിപ്പെടുത്തുന്ന ചിത്രത്തിന് ഓരോ ഷോ കഴിയുംതോറും ബുക്കിംഗ് വർദ്ധിച്ചു വരുന്നുണ്ട്. മലയാളത്തിൽ നിരവധി ഡോക്ടർ കഥാപാത്രങ്ങള്‍ വന്നിട്ടുണ്ട്. ഇപ്പോഴും പ്രേക്ഷക മനസ്സിൽ തങ്ങി നിൽക്കുന്ന ഒട്ടേറെ ഡോക്ടർമാർ സിനിമകളിൽ എത്തിയിട്ടുണ്ട്. ഇപ്പോഴിതാ ആ ഗണത്തിലേക്ക് ചേർത്തുവയ്ക്കാവുന്ന ഒരു ഡോക്ടർ വേഷവുമായി എത്തിയിരിക്കുകയാണ് ഉണ്ണി മുകുന്ദൻ. ഐവിഎഫ് സ്പെഷലിസ്റ്റായ ഡോ. അർജുൻ ബാലകൃഷ്ണൻ എന്ന കഥാപാത്രമായി പ്രേക്ഷകരുടെ മനസ്സ് നിറയ്ക്കുന്ന പ്രകടനമാണ് ‘ഗെറ്റ് സെറ്റ് ബേബി’യിൽ ഉണ്ണി മുകുന്ദന്റേത്.
കുടുംബങ്ങളുടെ പൾസറിഞ്ഞുള്ള മേക്കിങ്ങാണ് ‘ഗെറ്റ് സെറ്റ് ബേബി’യുടെ പ്ലസ്. ഒരു മെയിൽ ഗൈനക്കോളജിസ്റ്റിന്‍റെ കാഴ്ചപ്പാടിൽ നിന്നുകൊണ്ട് ഏറെ രസകരമായി എന്നാൽ വിഷയത്തിന്‍റെ ഗൗരവം ഒരു തരിയും ചോരാതെ കളർഫുള്ളായി അവതരിപ്പിച്ചിരിക്കുകയാണ് സിനിമയിൽ.
മലയാളത്തിലെ ആദ്യ സ്റ്റോണർ സിനിമയായ കിളിപോയി, കോഹിന്നൂർ എന്നീ സിനിമകൾക്ക് ശേഷം വിനയ് ഗോവിന്ദ് ഒരുക്കിയിരിക്കുന്ന ചിത്രം ടോട്ടൽ ഫാമിലി ഫൺ ഫീൽഗുഡ് വിരുന്നാണ് പ്രേക്ഷകർക്ക് സമ്മാനിച്ചിരിക്കുന്നത്. വലിച്ചു നീട്ടാതെ കാര്യങ്ങൾ ഏറെ ഏറെ പക്വമായി എന്നാൽ ഏവർക്കും മനസ്സിലാകുന്ന ഭാഷയിൽ തന്നെ ചിത്രത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. ഒരു സർക്കാർ മെഡിക്കൽ കോളേജിൽ ഏറെ നാളുകള്‍ക്ക് ശേഷം ഗൈനക്കോളജി പഠിക്കാനെത്തുന്ന ഏക ആൺതരിയിൽ നിന്ന് തുടങ്ങി അയാള്‍ ഒരു മെയിൽ ഗൈനക്കോളജിസ്റ്റായി മാറുന്നതും ഐവിഎഫ് സ്പെഷലിസ്റ്റായുള്ള അയാളുടെ വളർച്ചയും അതിനിടയിൽ നേരിടേണ്ടി വരുന്ന വെല്ലുവിളികളും മറ്റുമൊക്കെ ചിത്രം മികച്ച രീതിയിൽ സ്ക്രീനിൽ എത്തിച്ചിട്ടുണ്ട്.
ഉണ്ണി മുകുന്ദനും നിഖില വിമലും ആദ്യമായി ഒന്നിച്ചെത്തിയിരിക്കുന്ന എന്ന പ്രത്യേകയും ചിത്രത്തിനുണ്ട്. ഡോ. അർജുൻ എന്ന കഥാപാത്രമായി ഉണ്ണിയും സ്വാതി എന്ന ക്ലൗഡ് കിച്ചൻ നടത്തുന്ന യുവതിയായി നിഖിലയും മികവുറ്റ പ്രകടനമാണ് കാഴ്ചവെച്ചത്. ടോട്ടൽ വയലൻസ് ചിത്രമായ മാർക്കോയ്ക്ക് ശേഷം ചിരിക്കുന്ന മുഖവുമായി കളിചിരികളും കുസൃതി തരങ്ങളുമൊക്കെയായി ഉണ്ണിയെ കാണാം ഈ ചിത്രത്തിൽ. വൈകാരികമായ അഭിനയ മുഹൂർത്തങ്ങളിലും ഏറെ മികച്ച രീതിയിൽ ഉണ്ണിയും നിഖിലയും സ്കോർ ചെയ്തിട്ടുണ്ട്.
സുധീഷ്, ചെമ്പൻ വിനോദ് ജോസ്, ജോണി ആന്‍റണി, സുരഭിലക്ഷ്മി, ഫറ ഷിബ്‍ല, ഗംഗ മീര, മീര വാസുദേവ്, ദിനേഷ് പ്രഭാകർ, ഭഗത് മാനുവൽ, അഭിറാം രാജേന്ദ്രൻ, മുത്തുമണി, പുണ്യ എലിസബത്ത്, ജുവൽ മേരി, ശ്യാം മോഹൻ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങൾ. ഓരോ കുടുംബങ്ങൾക്കും നെഞ്ചോടുചേർക്കാനുള്ള ഒട്ടേറെ മുഹൂർത്തങ്ങളുമായി സിനിമയുടെ രചന നിർവഹിച്ചിരിക്കുന്നത് വൈ.വി രാജേഷും അനൂപ് രവീന്ദ്രനും ചേർന്നാണ്.
അലക്സ് ജെ പുളിക്കലിന്‍റെ ഛായാഗ്രഹണം സിനിമയുടെ കഥാഗതിക്ക് യോജിച്ചതാണ്. അർജു ബെന്നിന്‍റെ ചടുലമായ എഡിറ്റിംഗും സിനിമയുടെ ടോട്ടൽ പേസിന് ചേർന്നതാണ്. സാം സിഎസ് ഒരുക്കിയിരിക്കുന്ന പശ്ചാത്തല സംഗീതവും പാട്ടുകളും മികച്ചതാണ്. സ്കന്ദ സിനിമാസിൻ്റെയും കിംഗ്സ്മെൻ പ്രൊഡക്ഷൻസിന്‍റേയും ബാനറിൽ സുനിൽ ജെയിൻ, സജീവ് സോമൻ, പ്രക്ഷാലി ജെയിൻ എന്നിവരാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ജനറേഷൻ ഗ്യാപ്പില്ലാതെ എല്ലാ തലമുറയിൽ പെട്ടവർക്കും ആസ്വദിച്ച് കാണാനാവുന്നൊരു സമ്പൂർണ കുടുംബ ചിത്രമാണ് ‘ഗെറ്റ് സെറ്റ് ബേബി’ എന്ന് ഉറപ്പിച്ച് പറയാം.